കച്ചവട ആവശ്യങ്ങൾക്കായി കേരളത്തിന്റെ തീരത്തെത്തിയിരുന്ന അറബികളും മറ്റു പല രാജ്യക്കാരും തീരദേശങ്ങളിലെ മലയാളി പെൺകുട്ടികളുമായി വിവാഹ ബന്ധങ്ങളുണ്ടാക്കിയിരുന്നുവെന്നത് ചരിത്രം. അറബികളാണ് ഇക്കാര്യത്തിൽ മുന്നിട്ടു നിന്നത്. 1960കളിലും 70കളിലും കേരളത്തിന്റെ തീരങ്ങളിലെത്തിയിരുന്ന അറബികളായ കപ്പൽ തൊഴിലാളികളുടെയും വ്യാപാരികളുടെയും കല്യാണവും മലയാളി പെൺകുട്ടികളുടെ വിരഹവും പതിവ് സംഭവമായിരുന്നു. അക്കൂട്ടത്തിലെ ഒരു അറബി പുതിയാപ്ലയായിരുന്ന ഒമാനിൽ നിന്നുള്ള അബ്ദുല്ല സാലെം ഹസൻ ബീമാനി. 48 വർഷം മുൻപ് കോഴിക്കോട് നടന്ന സാലെമിന്റെ അറബിക്കല്യാണ കഥയ്ക്ക് ഒമാനിൽ സംഭവിച്ചത് ആന്റി ക്ലൈമാക്‌സ്.
കണ്ണൻ അബ്ദുല്ലയുടെ അറബി കല്യാണം
ഒമാൻ, ഇറാൻ, ഇറാഖ് അടക്കമുള്ള അറബ് രാജ്യങ്ങളിൽ നിന്ന് ആളുകൾ മലബാറിലേയ്ക്ക് കച്ചവടത്തിന് വന്നിരുന്ന 1960കളിലാണ് കോഴിക്കോട്, പൊന്നാനി, തിരൂർ, പരപ്പനങ്ങാടി, ബേപ്പൂർ തുടങ്ങിയ തീരദേശ മേഖലകളിൽ അറബിക്കല്യാണം കൂടുതൽ സജീവമായിരുന്നത്. ഒമാനിൽ നിന്ന് ഈത്തപ്പഴവും മറ്റുമായി കോഴിക്കോട് സൗത്ത് ബീച്ചിലെത്തിയ ലോഞ്ചിന്റെ ഡ്രൈവറായിരുന്നു സുമുഖനായ അബ്ദുല്ല സാലെം ഹസൻ ബീമാനി. ഒരു കണ്ണിന് ചെറിയ കുഴപ്പമുള്ളതിനാൽ കണ്ണനബ്ദുല്ല എന്നായിരുന്നു അദ്ദേഹം കോഴിക്കോട് ബീച്ചിലെ മലയാളികൾക്കിടയിൽ അറിയപ്പെട്ടത്.
കുറെ നാളുകൾ കോഴിക്കോട്ട് തങ്ങി അവിടെ നിന്ന് തേങ്ങയും വെളിച്ചെണ്ണയും കുരുമുളകും മറ്റുമായി ഒമാനിലേയ്ക്ക് തിരിച്ചുപോകാറാണ് പതിവ്. മലബാറിൽ അന്ന് സജീവമായിരുന്ന അറബിക്കല്യാണങ്ങളിലൊന്നിൽ അദ്ദേഹവും നായകനായി. ബീച്ചിലെ പാണ്ട്യാലയിൽ കളി ചിരി തമാശകളുമായി കഴിഞ്ഞ അറബികളുടെ കൂട്ടത്തിൽ സ്വഭാവ മഹിമ കൊണ്ടും സൗന്ദര്യം കൊണ്ടും മുന്നിലായിരുന്നു അബ്ദുല്ല സാലെം. പട്ടിണിയും പരിവട്ടങ്ങളുമായി നാളുകൾ തള്ളിനീക്കാൻ ഏറെ പണിപ്പെട്ടിരുന്ന മുസ്ലിം കുടുംബത്തിലെ പന്ത്രണ്ടുകാരി മറിയംബിയെ അദ്ദേഹത്തിന് സ്വന്തമാക്കാൻ ഏറെ ശ്രമിക്കേണ്ടി വന്നില്ല. തീരദേശത്തെ നിരവധി ദരിദ്ര കുടുംബങ്ങൾക്ക് സ്വപ്‌നലോകത്തേക്കുള്ള വാതിലുകൾ തുറന്നിട്ട് കൊടുത്തതും അക്കാലത്ത് നടന്ന അറബി കല്യാണങ്ങളാണ്. അറബികളെ വിവാഹം കഴിച്ചതു വഴി നിരവധി കുടുംബങ്ങൾ ഗൾഫിലേക്ക് ചേക്കേറി. ചിലർ ഗൾഫ് രാജ്യങ്ങളിൽ പൗരത്വം വരെ സ്വീകരിച്ചു. ഇപ്പോഴും ഗൾഫിലും നാട്ടിലുമായി കഴിയുന്ന അന്നു തുടങ്ങിവെച്ച നിരവധി അറബി ബന്ധങ്ങൾ ഈ പ്രദേശങ്ങളിലുണ്ട്. ദരിദ്ര കുടുംബങ്ങളെ സമ്പന്നരാക്കി മാറ്റിയ ബന്ധങ്ങളാണത്. എന്നാൽ താത്ക്കാലിക വിവാഹം നടത്തി മുങ്ങിയ അറബി വരന്മാരും നിരവധിയുണ്ട്. അതുവഴി വിധവകളെപ്പോലെ ജീവിക്കേണ്ടി വന്ന സ്ത്രീകളും അനാഥരെപ്പോലെ അറബിയുടെ മക്കൾ എന്ന വിളിപ്പേരുമായി ജീവിച്ച കുട്ടികളും നിരവധിയാണ്. ജോലിയാവശ്യാർത്ഥം തീരത്തെത്തി, ദരിദ്ര കുടുംബങ്ങളിൽ നിന്ന് വിവാഹം കഴിച്ച് കുറച്ച് മാസങ്ങൾ ഭാര്യക്കൊപ്പം തങ്ങിയതിന് ശേഷം ഒരിക്കലും തിരിച്ച് വരില്ലെന്ന ഉറപ്പോടെ സ്വന്തം നാട്ടിലേക്ക് മടങ്ങിയവരുടെ ആശ്രിതരാണവർ. ഇറാനിൽ നിന്നുള്ളവരാണ് ഇങ്ങനെ ചെയ്തവരിലേറെയെന്നാണ് പഴയ ആളുകൾ പറയുന്നത്. അക്കാലത്ത് അറബിക്കല്യാണത്തിന് ഇടനിലക്കാരായി നിന്ന് പണമുണ്ടാക്കിയ പലരും ഇന്ന് കോഴിക്കോട്ടെ പൗരപ്രമുഖരായി ജീവിച്ചിരിപ്പുണ്ട്.
വ്യത്യസ്തനായ അബ്ദുല്ല സാലെം മറിയംബിയെ ജീവനു തുല്യം സ്‌നേഹിച്ച അബ്ദുല്ല അവർക്ക് എല്ലാ വിധ സാമ്പത്തിക സഹായവും നൽകി സംരക്ഷിച്ചു പോന്നു. മറ്റു പല അറബി പുതിയാപ്ലമാർക്കും ഇല്ലാതിരുന്ന ഗുണങ്ങളുള്ള വ്യക്തിയായിരുന്നു അബ്ദുല്ല. തീരത്ത് നിന്നും മടങ്ങിയാലും മറിയംബിയും കോഴിക്കോടും അബ്ദുല്ല സാലെമിന്റെ മനസ്സിൽ നിറഞ്ഞു നിന്നു. വിവാഹത്തിന് ശേഷം പല തവണ ഒമാനിലേക്ക് യാത്ര ചെയ്ത് തിരിച്ചെത്തിയിട്ടുണ്ട് അബ്ദുല്ല സാലെം. ഓരോ തവണ വരുമ്പോഴും ഭാര്യക്കും കുടുംബത്തിനും കൈ നിറയെ സമ്മാനങ്ങളും പണവുമായാണ് അയാളെത്തിയിരുന്നത്. വിവാഹം കഴിഞ്ഞ് മാസങ്ങൾക്കകം തന്നെ മറിയംബി ഗർഭിണിയായിരുന്നു. പിന്നീട് അവർക്കൊരു മകൾ പിറന്നു ജമീല അബ്ദുല്ല സാലെം ഹസൻ ബീമാനി. ഒമാനിലേയ്ക്ക് തിരിച്ചുപോയി മാസത്തിലേറെ അവിടെ തങ്ങിയാൽ ഭാര്യക്കും മകൾക്കും കുടുംബത്തിനും ചെലവിന് പണമയക്കാൻ അബ്ദുല്ല മറന്നിരുന്നില്ല. മൂത്തയാൾക്ക് രണ്ട് വയസ്സുള്ളപ്പോഴാണ് രണ്ടാമത്തെ മകളെ മറിയംബി ഗർഭം ധരിച്ചത്. അബ്ദുല്ല സാലെം തന്നെയാണ് മറിയംബിയെ അന്ന് കോഴിക്കോട്ട് അറിയപ്പെട്ടിരുന്ന ബിച്ചമ്മു ഡോക്ടറുടെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയത്. സമ്പന്നർ മാത്രം സന്ദർശിക്കാറുള്ള ആശുപത്രിയായിരുന്നു അത്. തന്റെ ഭാര്യക്ക് ലഭ്യമായ മികച്ച സൗകര്യങ്ങൾ തന്നെ കിട്ടണമെന്ന ആഗ്രഹക്കാരനായിരുന്നു ആ അറബി. മറിയംബിയുടെയും കുടുംബത്തിന്റെയും സന്തോഷം തന്നെയായിരുന്നു അയാളുടെയും സന്തോഷം. മൂത്ത മകളെ ജീവനു തുല്യം സ്‌നേഹിച്ചിരുന്ന ആ പിതാവ് രണ്ടാമത്തെ കുട്ടിക്കായുള്ള കാത്തിരിപ്പിലായിരുന്നു.
ബന്ധം പിരിയാതെ ഒരു യാത്ര
ഭാര്യ ഗർഭിണിയാണെന്ന സന്തോഷത്തിന് ശേഷം ഒരാഴ്ച കഴിഞ്ഞ് അവരെയും രണ്ട് വയസ്സു മാത്രമുള്ള മൂത്ത മകളെയും പിരിഞ്ഞ് ചരക്കുകളുമായി അദ്ദേഹം ഒമാനിലേയ്ക്ക് തിരിച്ചുപോയി. അതിന് ശേഷം പതിവിന് വിപരീതമായി മാസങ്ങളോളം അദ്ദേഹം കോഴിക്കോട്ടേയ്ക്ക് തിരിച്ചുവന്നില്ല. എന്നാൽ, ഭാര്യക്കും മകൾക്കും കൃത്യമായി പണമെത്തിച്ചുകൊടുത്തു. രണ്ടാമത്തെ മകളെ തന്റെ സഹോദരിയുടെ പേരായ സാൽമിയ ഷുഹാദ് എന്ന് വിളിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. പണം മുടങ്ങാതെ ലഭിക്കുന്നുണ്ടെങ്കിലും ഭർത്താവ് തിരിച്ചു വരാത്തതിന്റെ വിഷമം മറിയംബിയെ പതുക്കെ പതുക്കെ ബാധിച്ചു തുടങ്ങിയിരുന്നു. മൂന്നും നാലും മാസങ്ങൾക്കകം തിരിച്ചെത്തിയിരുന്ന ഉരു തീരത്തടുത്തിട്ട് വർഷങ്ങൾ കടന്നു പോയി. കത്തുകളുടെയും പണത്തിന്റെയും വേഗത കുറഞ്ഞു. അധികം വൈകാതെ ഭാര്യയുടെയും മക്കളുടെയും സുഖവിവരമന്വേഷിച്ചെത്താറുണ്ടായിരുന്ന കത്ത് പോലും വരാതെയായി. അങ്ങനെ അബ്ദുല്ല സാലെമും വിവാഹം കഴിച്ച് മുങ്ങിയ അറബികളുടെ പട്ടികയിലെ പേരായി മാറി. എങ്കിലും അയാൾ എന്നെങ്കിലും തന്നെയും മക്കളേയും അന്വേഷിച്ചെത്തുമെന്ന പ്രതീക്ഷയിലായിരുന്നു മറിയംബി കഴിഞ്ഞത്. തീരത്തെത്തുന്ന ഓരോ അറബിയോടും അയാൾ ഒമാനിൽ നിന്നല്ലെങ്കിൽ പോലും മറിയംബിയും ബന്ധുക്കളും അബ്ദുല്ല സാലെമിനെക്കുറിച്ച് ചോദിക്കും. അങ്ങനെയുള്ള അന്വേഷണത്തിനിടെ ഒമാനിൽ നിന്ന് വന്നിരുന്ന ചില വ്യാപാരികളാണ് അബ്ദുല്ല സാലെമിന് സംഭവിച്ച അപകടത്തെക്കുറിച്ച് കുടുംബത്തെ അറിയിച്ചത്, ബഹ്‌റൈനിലേയ്ക്കുള്ള യാത്രാമധ്യേ ലോഞ്ച് പാക്കിസ്ഥാനിൽ വെച്ച് മറ്റൊരു ലോഞ്ചുമായി കൂട്ടിമുട്ടുകയും ഇതേത്തുടർന്ന് കശപിശയുണ്ടാവുകയും ചെയ്തു. അതോടെ മുതലാളി അബ്ദുല്ല സാലെമിനോട് ദേഷ്യപ്പെടുകയും അദ്ദേഹം ലോഞ്ച് വിട്ട് ഒമാനിലേയ്ക്ക് മടങ്ങുകയും ചെയ്തു.
പ്രിയതമനെ കാണാനായി അറേബ്യയിലേക്ക്
മറിയംബിക്ക് വിരഹ വേദനയുടെ ദിനങ്ങളായിരുന്നു പിന്നീട്; പട്ടിണിയടക്കമുള്ള ദുരിതങ്ങളുടെയും. മക്കളെ പോറ്റാനായി അവർ ഏറെ കഷ്ടപ്പെട്ടു. പ്രിയതമനെ എങ്ങനെയെങ്കിലും കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ 23 വർഷം മുൻപ് മറിയംബി യുഎഇയിലെത്തി. അവിടെ സ്വദേശി കുടുംബങ്ങളിൽ കഠിനമായി ജോലി ചെയ്തു, മക്കളെ രണ്ടുപേരെയും വളർത്തി. അപ്പോഴൊക്കെയും അവർ ഒമാനിലെ തന്റെ ഭർത്താവിനെ കുറിച്ച് പരിചയപ്പെടുന്നവരോടൊക്കെ അന്വേഷിക്കുമായിരുന്നു. പക്ഷേ, യുഎഇയിൽ നിന്നുകൊണ്ട് കാര്യമായ അന്വേഷണം നടന്നില്ല. പിന്നീട് ജോലി മതിയാക്കി നാട്ടിലേയ്ക്ക് മടങ്ങുകയും ചെയ്തു. ഭർത്താവിന് നിരന്തരമായി കത്തുകളെഴുതിയിട്ട് ഫലമില്ലാത്തപ്പോൾ ഒമാനിലേയ്ക്കു തന്നെ യാത്ര തിരിച്ചു.
ഒടുവിൽ ഭർത്താവിനെ കണ്ടെത്തിയപ്പോൾ കരൾ പിളർക്കുന്ന ആ വിവരമാണ് കാത്തിരുന്നത്. അബ്ദുല്ല സാലെം ഊമയായ ഒരു ഒമാനി വനിതയെ വിവാഹം കഴിച്ച്, അതിലുണ്ടായ രണ്ട് മക്കളുമായി സുഖമായി കഴിയുന്നു. അതോടെ, കൂടുതലൊന്നിനും നിൽക്കാതെ അവർ നാട്ടിലേയ്ക്ക് മടങ്ങുകയും പിന്നീട് യുഎഇയിൽ തിരിച്ചെത്തുകയും ചെയ്തു. വിവാഹിതയായ മൂത്ത മകൾ ജമീല രണ്ട് വർഷം മുൻപ് യുഎഇയിലെത്തിയതോടെയാണ് അബ്ദുല്ല സാലെമിനെക്കുറിച്ചുള്ള അന്വേഷണത്തിന് വീണ്ടും ജീവൻ വെച്ചത്. പിതാവിനെ ഒന്നു കാണണമെന്നുള്ള മനസ്സിന്റെ അടങ്ങാത്ത ആഗ്രഹം കൊണ്ട് നടക്കുമ്പോൾ യുഎഇയിലെ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകനും സമൂഹ മാധ്യമങ്ങളിൽ സജീവമായി കുറിപ്പുകളെഴുതുന്നയാളുമായ റഷീദ് വയനാടിനെ പരിചയപ്പെട്ടത് വഴിത്തിരിവായി.
അദ്ദേഹം മറിയംബിയുടെയും മക്കളുടെയും കദന കഥ ഫെയ്‌സ് ബുക്കിലൂടെ പങ്കുവെച്ചപ്പോൾ, ഒമാനിലെ സാമൂഹിക പ്രവർത്തകരായ യൂസഫ് ചേറ്റുവ, റാഹിൽ എന്നിവർ പ്രശ്‌നത്തിലിടപെട്ടു. തുടരന്വേഷണത്തിൽ മറിയംബിക്കും ജമീലയ്ക്കും ഷുഹാദയ്ക്കും ഞെട്ടലുണ്ടാക്കുന്ന വാർത്തയാണ് കാത്തിരുന്നത.് അൽ ബഹ്ല എന്ന സ്ഥലത്തെ മുനിസിപാലിറ്റിയിൽ ജോലിയിലിരിക്കെ ഏഴ് വർഷം മുൻപ് അബ്ദുല്ല സാലെം മരിച്ചുപോയിരിക്കുന്നു. എങ്കിലും പിതാവിന്റെ രണ്ടാം ഭാര്യയെയും അവരിലുണ്ടായ തങ്ങളുടെ സഹോദരങ്ങളെയും കാണണമെന്ന ജമീലയുടെയും ഷുഹാദയുടെയും ആഗ്രഹം നിറവേറ്റാൻ അവർക്ക് സാധിച്ചു. മറിയംബിയും ജമീലയും യു എ ഇയിൽ നിന്നും ഷുഹാദ നാട്ടിൽ നിന്നും ഒമാനിലേയ്ക്ക് പറന്നാണ് രക്തബന്ധുക്കളെ കണ്ടത്. ആ അനർഘ നിമിഷങ്ങൾ വർണാഭമാക്കാൻ യു എ ഇയിലെയും ഒമാനിലെയും മലയാളി സാമൂഹിക പ്രവർത്തകർ അവർക്കൊപ്പമുണ്ടായിരുന്നു.