Sorry, you need to enable JavaScript to visit this website.

കെ.എം.സി.സി  പ്രവര്‍ത്തനങ്ങള്‍ക്ക് മുസ്‌ലീം ലീഗിന്റെ പിടി വീഴുന്നു

കോഴിക്കോട്-മുസ്‌ലീം ലീഗിന്റെ പോഷക വിഭാഗമായ കെ.എം.സി.സികളില്‍ പാര്‍ട്ടിയുടെ കര്‍ശന നിയന്ത്രണം കൊണ്ടുവരാന്‍  തീരുമാനം. ഇത് സംബന്ധിച്ച് മുസ്‌ലീം ലീഗ് സംസ്ഥാന ഭാരവാഹികള്‍ക്കിടയില്‍ പ്രാഥമിക ചര്‍ച്ചകള്‍ നടന്നതായാണ് വിവരം. 
പോഷക സംഘടനയാണെങ്കിലും വിവിധ രാജ്യങ്ങളിലെ കെ.എം.സി.സികളുടെ പ്രവര്‍ത്തനങ്ങളില്‍ മുസ്‌ലീം ലീഗിന് നിലവില്‍ കാര്യമായ രാഷ്ട്രീയ നിയന്ത്രണങ്ങളില്ല. നൂറോളം രാജ്യങ്ങളില്‍ കെ.എം.സി.സികളുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നാണ് മുസ്‌ലീം ലീഗ് നേതൃത്വത്തിന്റെ അവകാശവാദം. സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫ് നാടുകളിലാണ് സംഘടനയുടെ പ്രവര്‍ത്തനം ഏറ്റവും സജീവമായിട്ടുള്ളത്.
പ്രാദേശിക കമ്മറ്റികള്‍ തൊട്ട് സെന്‍ട്രല്‍ കമ്മറ്റികള്‍ വരെ വിവിധ തലങ്ങളിലായി നൂറ് കണക്കിന് കെ.എം.സി.സി ഘടകങ്ങള്‍  ഗള്‍ഫിലെ ഓരോ രാജ്യത്തും പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഈ കമ്മറ്റികള്‍ തമ്മില്‍ ഏകോപനമില്ലെന്ന് മാത്രമല്ല പലയിടത്തും ശക്തമായ വിഭാഗീയതയും നിലനില്‍ക്കുന്നുണ്ട്. ഇത് രാഷ്ട്രീയമായി മുസ്‌ലീം ലീഗിനെ വലിയ തോതില്‍ വെട്ടിലാക്കുന്നുണ്ട്. കോടിക്കണക്കിന് രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് നാട്ടിലും ഗള്‍ഫ് രാജ്യങ്ങളിലുമായി കെ.എം.സി.സി നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. കേരളത്തിലെ ഓരോ പ്രദേശത്തിന്റെയും  പേരില്‍ കെ.എം.സി.സി കമ്മറ്റികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഇതിന് കൃത്യമായ ഏകോപനമോ നിയന്ത്രണങ്ങളോ ഇല്ലെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്. 
കെ.എം.സി.സികള്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ പാര്‍ട്ടിക്ക് സാധാരണ ജനങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യത ലഭിക്കേണ്ടതും തെരഞ്ഞെടുപ്പുകളിലും മറ്റും അത് പാര്‍ട്ടിക്ക് വലിയ നേട്ടം ഉണ്ടാക്കേണ്ടതുമാണ്. എന്നാല്‍ പ്രതീക്ഷിച്ച നേട്ടം ഉണ്ടാകുന്നില്ലെന്ന അഭിപ്രായം പാര്‍ട്ടിക്കുള്ളിലുണ്ട്. പാര്‍ട്ടിയുടെ കര്‍ശന നിയന്ത്രണവും ഏകോപനവും കൊണ്ടുവന്നാല്‍ രാഷ്ട്രീയ നേട്ടത്തിനായി വലിയ രീതിയില്‍ കെ.എം.സി.സി കമ്മറ്റികളെ ഉപയോഗപ്പെടുത്താനാകുമെന്നാണ് മുസ്‌ലീം ലീഗ് വിലയിരുത്തുന്നത്.
കെ.എം.സി.സി കമ്മറ്റികളില്‍ കര്‍ശന നിയന്ത്രണവും ഏകോപനവും കൊണ്ടുവരാന്‍ പാര്‍ട്ടി തത്വത്തില്‍ തീരുമാനിച്ചതായി മുസ്‌ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന പി.എം.എ സലാം മലയാളം ന്യൂസിനോട് സ്ഥിരീകരിച്ചു.  കെ.എം.സി.സി കമ്മറ്റികളെല്ലാം വളരെ നല്ല രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. ഇതിന് സുതാര്യതയും ഏകോപനവുമെല്ലാം കൊണ്ടുവരികയാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. 
കെ.എം.സി.സികളുടെ പ്രവര്‍ത്തനത്തെ പാര്‍ട്ടി സംസ്ഥാന കമ്മറ്റി നേരിട്ട് വിലയിരുത്തും. പാര്‍ട്ടി സംസ്ഥാന ഭാരവാഹികളില്‍ ആര്‍ക്കെങ്കിലും നേരിട്ട് ചുമതല നല്‍കാനുള്ള സാധ്യതയുമുണ്ട്. പാര്‍ട്ടിയുടെ കര്‍ശന നിയന്ത്രണം കൊണ്ടുവരുമ്പോള്‍ അത് കെ.എം.സി.സികളുടെ പ്രവര്‍ത്തനത്തെ ഏത് രീതിയില്‍ ബാധിക്കുമെന്നതിനെ സംബന്ധിച്ച് ആശങ്കയും ഉയരുന്നുണ്ട്.

Latest News