Sorry, you need to enable JavaScript to visit this website.
Monday , December   06, 2021
Monday , December   06, 2021

ഇശലുകളുടെ പൊലിമ

പ്രവാസത്തിന്റെ വരണ്ട നിമിഷങ്ങളെ സംഗീത സാന്ദ്രമാക്കി ജീവിതം ആഘോഷിക്കുന്ന ഈ കലാകാരന്റെ അനുഗൃഹീത തൂലികയിലൂടെ ഉതിർന്നുവീണ വരികൾ ഏതൊരാസ്വദകനെയും പിടിച്ചിരുത്തുവാൻ പോന്നതാണ്. 

ശുദ്ധമായ മാപ്പിളപ്പാട്ടിന്റെ ഉപാസകനാണ് സുഹൃത്തുക്കളൊക്കെ ജി.പി. എന്ന രണ്ടക്ഷരം ചേർത്ത് വിളിക്കുന്ന ദീർഘകാല ഖത്തർ പ്രവാസിയായ ജി.പി. കുഞ്ഞബ്ദുല്ല ചാലപ്പുറം. നാദാപുരത്തെ അതിപുരാതനവും പ്രശസ്തവുമായ കുടുംബത്തിലെ മമ്മു ഹാജി - കുഞ്ഞാമി ദമ്പതികളുടെ എട്ട് മക്കളിൽ മൂന്നാമനായി ജനിച്ച കുഞ്ഞബ്ദുല്ല ജീവിത ഗന്ധിയും കാലിക പ്രസക്തവുമായ നിരവധി മാപ്പിളപ്പാട്ടുകളിലൂടെയാണ് സഹൃദയരുടെ മനം കവരുന്നത്.


ജീവിത ഗന്ധിയായ പാട്ടുകൾ കുറഞ്ഞുവരികയും വരികൾക്കും ആശയങ്ങൾക്കുമപ്പുറം നാട്യങ്ങൾക്കും ആട്ടങ്ങൾക്കും പ്രാധാന്യം ലഭിക്കുകയും ചെയ്യുന്നുവെന്നതാണ് ആധുനിക മാപ്പിളപ്പാട്ടുലോകം അഭിമുഖീകരിക്കുന്ന ഏറ്റവും ഗൗരവമുള്ള പ്രശ്‌നമെന്നാണ് ജി.പി. കരുതുന്നത്. മികച്ച വർക്കുകൾക്ക് പകരം താളത്തിനൊത്ത് സംഗീതജ്ഞരും തുള്ളാൻ തുടങ്ങിയതോടെ മാപ്പിളപ്പാട്ടുകൾക്ക് നിലവാരത്തകർച്ചയുണ്ടാകുന്നു. പുതിയ കാലത്ത് പാട്ടെഴുത്തുകാർ കുറയുകയും ട്രാക്ക് എഴുത്തുകാർ കൂടുകയുമാണ്. അതോടെ മനസ്സറിഞ്ഞു എഴുതുകയെന്നതിന് പകരം ഈണത്തിനനുസരിച്ച് തുള്ളുക എന്ന അവസ്ഥയായി. പല പാട്ടുകൾക്കും ഭാവനയുണ്ട്. പക്ഷേ ആഴമില്ല. തീവ്രത കിട്ടുന്നില്ല. ശൃംഗാരം മാത്രമല്ല മനുഷ്യനുള്ളതെന്നും അതിനാൽ കലയിൽ നോവും നൊമ്പരങ്ങളും വരുമ്പോഴാണ് അതിനു സത്ത ഉണ്ടാവുക എന്നും അദ്ദേഹം പറയുന്നു.
സമകാലിക സംഭവങ്ങളോട് ഏറെ ക്രിയാത്മകമായി പ്രതികരിക്കുന്ന കനപ്പെട്ട വരികളിലൂടെ ശ്രദ്ധേയനായ ജി.പി ഗൾഫ് രാജ്യങ്ങളുടെ രഞ്ജിപ്പിന്റെയും അൽ ഉല ഐക്യ കരാറിന്റെയും പശ്ചാത്തലത്തിൽ ചിട്ടപ്പെടുത്തിയ മനോഹര ഗാനം താമസിയാതെ സഹൃദയ ലോകത്തിന് സമ്മാനിക്കാനുള്ള തയാറെടുപ്പിലാണ്. ഖത്തറിലെ വ്യവസായ പ്രമുഖനും സാമൂഹ്യ സാംസ്‌കാരിക, കായിക രംഗത്തും നിറസാന്നിധ്യവുമായ ഈസക്ക എന്നറിയപ്പെടുന്ന കെ. മുഹമ്മദ് ഈസയും മശ്ഹൂദ് തങ്ങളുമാണ് ഗാനമാലപിക്കുന്നത്.


മാപ്പിളപ്പാട്ടിനെ നെഞ്ചേറ്റിയ നാട്ടിൽ പിറന്നതാണ് തന്റെ ഭാഗ്യമെന്നാണ് ജി.പി പറയുന്നത്. നാദാപുരത്തും പരിസര പ്രദേശങ്ങളിലും മാപ്പിളപ്പാട്ടിന്റെ അകമ്പടിയില്ലാത്ത ആഘോഷങ്ങൾ വിരളമായിരുന്നു. കല്യാണ വീടുകളിലെ ഗ്രാമഫോൺ മ്യൂസിക്കും ഗാനമേളയുമൊക്കെ ജി.പിയെ ഏറെ പ്രചോദിപ്പിച്ചുവെന്നുവേണം കരുതാൻ. കുട്ടിക്കാലം മുതലേ റമദാൻ മാസങ്ങളിലെ അത്താഴം മുട്ട് കലാകാരന്മാരുടെ പ്രകടനം കണ്ട് വളർന്നതാകാം കുഞ്ഞബ്ദുല്ലയുടെ കവിയെ തട്ടിയുണർത്തിയത്. ഹാർമോണിയത്തിന്റെ മാസ്മരിക ശബ്ദവും പാട്ടിന്റെ വശ്യമനോഹരമായ രീതികളുമൊക്കെ അദ്ദേഹത്തെ ഹരം പിടിപ്പിച്ചു. ഖത്തറിലെ ഒരു മെഹ്ഫിലിൽ വെച്ച് ഖാലിദ് വടകരയെ കണ്ട് മുട്ടിയതാണ് പാട്ടെഴുത്തിൽ സജീവമാകാൻ കാരണമായത്. ഇവർ ഒരുമിച്ച് താമസം തുടങ്ങിയതോടെ തമസസ്ഥലത്തെ മിക്ക വാരാന്ത്യങ്ങളും സംഗീതരാവുകളായി മാറി. ഗസലും ഖവാലിയും മാപ്പിളപ്പാട്ടുകളുമൊക്കെ ചേർന്ന സംഗീതവിരുന്നിലൂടെ ഭാവനയുടെ അതിരുകളില്ലാത്ത ലോകത്താണ് ജി.പി. സഞ്ചരിച്ചു തുടങ്ങിയത്.
പ്രവാസം മനുഷ്യന്റെ ഭംഗിയാർന്ന, അലങ്കരിച്ചു വെച്ച കൃത്യമായ തകർച്ചയാണെന്നാണ് ജി.പി കരുതുന്നത്. നല്ലൊരു ശതമാനം ആളുകൾക്കും ഇത് നഷ്ടങ്ങളുടെ കഥയാണ്. ലാഭങ്ങളുടെ കഥ വളരെ കുറവായിരിക്കും. ജീവിതത്തിലെ ശരിയായ ലാഭം ഒരാളുടെ വ്യക്തിപരവും കുടുംബപരവുമായ ആനന്ദമാണ്. മിക്ക പ്രവാസികൾക്കും ഈ ആനന്ദത്തിന്റെ കുളിരാണ് നഷ്ടപ്പെടുന്നത്. ഭാര്യ, കുട്ടികൾ, ഉമ്മ, ഉപ്പ, നാട്, നാട്ടുകാർ, സൗഹൃദം തുടങ്ങിയ പല ആനന്ദങ്ങളും പ്രവാസികൾക്ക് നഷ്ടമാകുന്നു. കുടുംബത്തെ കൊണ്ടുവരുന്നവർ തന്നെ എത്രയോ വേറെ ആഗ്രഹങ്ങൾ മാറ്റിവെച്ചാണ് ആയൊരു ആനന്ദം കൃത്രിമമായെങ്കിലും കണ്ടെത്തുന്നത്. നാട്ടിൽ പോകുമ്പോഴെല്ലാം ആറ് മാസമെങ്കിലും അവിടെ നിന്നാണ് ജി.പി ഇതിന് പ്രായശ്ചിത്തം ചെയ്യാൻ ശ്രമിക്കാറുള്ളത്.


പ്രവാസത്തിന്റെ വരണ്ട നിമിഷങ്ങളെ സംഗീത സാന്ദ്രമാക്കി ജീവിതം ആഘോഷിക്കുന്ന ഈ കലാകാരന്റെ അനുഗൃഹീത തൂലികയിലൂടെ ഉതിർന്നുവീണ വരികൾ ഏതൊരാസ്വദകനെയും പിടിച്ചിരുത്തുവാൻ പോന്നതാണ്. പേരിനും പ്രശസ്തിക്കും പാട്ടും ആൽബവുമിറക്കുന്നതിനോട് ഈ കലാകാരന് യോജിപ്പില്ല. തന്റെ പാട്ടിനെക്കുറിച്ചും സംഗീതത്തെക്കുറിച്ചും പാടുന്നവരെക്കുറിച്ചുമൊക്കെ കുറെ കണിശ നിലപാടുകളാണ് ജി.പിക്കുള്ളത്. അതുകൊണ്ട് തന്നെയാകാം കഴിഞ്ഞ നാലു പതിറ്റാണ്ടിലേറെയായി ഖത്തറിലുള്ള അദ്ദേഹം നാന്നൂറിലധികം മാപ്പിളപ്പാട്ടുകൾ എഴുതിയിട്ടുണ്ടെങ്കിലും വളരെ പരിമിതമായ പാട്ടുകളേ റെക്കോർഡ് ചെയ്തിട്ടുള്ളൂ.
എം. കുഞ്ഞിമൂസ, റംലാ ബീഗം, എരഞ്ഞോളി മൂസ, നിലമ്പൂർ ഷാജി, ഫിറോസ് ബാബു, ഐ.പി. സിദ്ദീഖ്, എം.എ. ഗഫൂർ, കണ്ണൂർ ഷരീഫ്, താജുദ്ദീൻ വടകര, രഹ്ന, സിസിലി, സിബല്ല സദാനന്ദൻ, കൊല്ലം നൗഷാദ്, തളിപ്പറമ്പ് റഷീദ്, ഖാലിദ് വടകര, മുഹമ്മദ് കുട്ടി അരീക്കോട്, ഖാദർ കൊല്ലം, നവാസ് പാലേരി, അജയൻ (പട്ടുറുമാൽ ആദ്യ വിജയി), മണ്ണൂർ പ്രകാശ്, സിന്ധു മോഹൻ, സീനത്ത് വയനാട്, മുഹമ്മദ് കുട്ടി വയനാട്, ലിയാഖത്ത് വടകര, വണ്ടൂർ ജലീൽ തുടങ്ങി പഴയ തലമുറയിലെയും പുതിയ തലമുറയിലെയും അമ്പതോളം ഗായകർ ജി.പിയുടെ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട് എന്നറിയുമ്പോഴാണ് ഈ കലാകാരന്റെ പ്രാധാന്യം നാം തിരിച്ചറിയുന്നത്.
1996 ൽ എസ്.എ.എം. ബഷീർ മുൻകൈയെടുത്ത് ജി.പിയുടെ തെരഞ്ഞെടുത്ത പാട്ടുകൾ ഉൾപ്പെടുത്തി അമീർ സിനിമിലൊരുക്കിയ ലിയാലുല്ലൈൽ എന്ന സംഗീത പരിപാടി ആസ്വാദനത്തിന്റെ അവിസ്മരണീയ മുഹൂർത്തങ്ങളാണ് സഹൃദയ ലോകത്തിന് സമ്മാനിച്ചത്. ഖത്തറിലെ പതിനഞ്ചോളം മാപ്പിളപ്പാട്ടു ഗായകരാണ് അന്ന് ജി.പിയുടെ ഗാനങ്ങൾ ആലപിച്ചത്. 
2004 ൽ മാപ്പിള കലാ അക്കാദമിയുടെ മേൽനോട്ടത്തിൽ പുറത്തിറങ്ങിയ ശറാഫത്ത് ആണ് കുഞ്ഞബ്ദുല്ലയുടെ മറ്റൊരു പ്രധാന കാസറ്റ്. ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗിന്റെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ടിറക്കിയ നിത്യഹരിത ഗാനങ്ങൾ, കോൺഗ്രസ് സംഗീതിക എന്നിവയും ഈ കലാകാരന്റെ സംഭാവനയിൽപെടും. അമ്പതിലേറെ കവിതകൾ, ഇരുപതിലേറെ ലേഖനങ്ങൾ, മാപ്പിള കലകളെ കുറിച്ചുള്ള പഠനം രാഷ്ട്രീയ, സാമൂഹ്യ കാഴ്ചപ്പാടുകൾ -അങ്ങനെ നീണ്ടു പോവുന്ന ചിന്തകളാണ് ജി.പിയുടെ സർഗ സഞ്ചാരം അടയാളപ്പെടുത്തുന്നത്.
വ്യവസായ പ്രമുഖനായ എം.എ. യൂസഫ് അലി, ടി.കെ. ഹംസ, അബ്ദുസ്സമദ് സമദാനി, എം.എൻ കാരശ്ശേരി, കെ.പി. കുഞ്ഞിമൂസ, വി.എം. കൂട്ടി തുടങ്ങി നിരവധി പേരെക്കുറിച്ച വ്യക്തിഗത ഗാനങ്ങൾ രചിച്ച മാപ്പിളപ്പാട്ടിന്റെ വർണചരിത്രവു, കെ.എം.സി.സിയുടെ ചരിത്രവും അതിവിപുലമായി തന്നെ പുറത്തിറങ്ങുവാനുള്ള ഒരുക്കത്തിലാണ്.
മാപ്പിളപ്പാട്ട് ലോകത്തെ ശ്രദ്ധേയരായിരുന്ന എസ്.എ. ജമീൽ, കോഴിക്കോട് അബൂബക്കർ, പ്യാരി സംഗീത സംവിധായകൻ, മഞ്ചേരി, ചാന്ദ്പാഷ, വളാഞ്ചേരി ഹംസ, വിദ്യാധരൻ മാസ്റ്റർ, കോഴിക്കോട് ഹരിദാസ്, ജോയ്, വി.ടി. മുരളി, ഫൈസൽ എളേറ്റിൽ, ഒ.എം. കരുവാരക്കുണ്ട്, പി.എച്. അബ്ദുള്ള മാസ്റ്റർ, വി.എം. കുട്ടി, ബാപ്പു വെള്ളിപ്പറമ്പ്, ബാപ്പു വാവാട്, കാനേഷ് പൂനൂർ, തായിനേരി അസീസ്. കവി എസ്.വി. ഉസ്മാൻ, പക്കർ പന്നിയൂർ, ഹസ്സൻ നെടിയനാട്, കണ്ണോത്ത് അലി കുറ്റിയാടി, അലി പൈങ്ങോട്ടായി, കൃഷ്ണദാസ് വടകര, നിരൂപകരായ അബൂബക്കർ മാസ്റ്റർ നരിക്കുനി, എം.സി വടകര, കെ.പി. കുഞ്ഞിമൂസ എന്നിവരുമായൊക്കെ ജി.പിക്ക് അടുത്ത വ്യക്തി ബന്ധമുണ്ടായിരുന്നു. മാപ്പിളപ്പാട്ടിലെ പുതിയ പ്രവണതകളും ശൈലികളുമെല്ലാം സംബന്ധിച്ച് വിദഗ്ധരുമായി സംവദിക്കാനും ജി.പി സമയം കണ്ടെത്താറുണ്ട്. ടി.കെ. ഹംസ, സി.ടി. അബ്ദുറഹിമാൻ, റസാഖ് ചെറിയമുണ്ടം, ആസാദ് വണ്ടൂർ തുടങ്ങിയവരും ജി.പി മാപ്പിള കലാ സൗഹൃദവലയത്തിൽപ്പെടും.


മുപ്പത്തഞ്ചോളം ഭക്തി ഗാനങ്ങൾ, എട്ടോളം അനുസ്മരണ ഗാനങ്ങൾ, എൺപതോളം മാപ്പിളപ്പാട്ടുകൾ, അൻപതിലേറെ ശോക ഗാനങ്ങൾ, ഗൾഫ് ദുഃഖ ഗാനങ്ങൾ (12 എണ്ണം), താരാട്ടു പാട്ടുകൾ (5 എണ്ണം), വിപ്ലവ ഗാനങ്ങൾ (15 എണ്ണം), പൊതുജന രാഷ്ട്രീയ ഗാനങ്ങൾ (25 എണ്ണം) ഇങ്ങനെ പോകുന്നു ജി.പി എഴുതിയ പാട്ടുകളുടെ കണക്കുകൾ. മുപ്പതാമത്തെ വയസ്സിൽ മാത്രം എഴുതിത്തുടങ്ങിയ ഇദ്ദേഹത്തിന്റെ മീൻ മാല, കേരള മാല, പച്ചക്കറി മാല, ഭക്ഷണ മാല മെഗാ ഗാനങ്ങൾ കേട്ടാൽ വിസ്മയിച്ചു പോകാത്തവർ ഉണ്ടാകില്ല.
മായം, വിഷം കലർന്ന ഭക്ഷണ പദാർഥങ്ങൾ, പ്രകൃതിയെയും വായു മണ്ഡലങ്ങളെയും ദുഷിപ്പിക്കുന്നതിനെതിരിൽ, സ്ത്രീധനം, മന്ത്രവാദം, സാമ്രാജ്യത്വം, യുദ്ധ വിമാനം പോലെ പൊതുവെ ശ്രദ്ധിക്കപ്പെടാത്ത, എന്നാൽ ഓരോ മനുഷ്യനെയും നേരിട്ടു ബാധിക്കുന്ന വിഷയങ്ങളെയും അദ്ദേഹം തന്റെ തൂലികയിൽ കൊണ്ടുവന്നിട്ടുണ്ട്. മരിച്ചവരുടെ ആത്മാക്കളുമായി നടത്തുന്ന സംഭാഷണ ഗാനം തികച്ചും വ്യത്യസ്തമായ ഒരു പരീക്ഷണമായിരുന്നു. ജീവിത ഗന്ധിയാണ് ഒട്ടു മിക്ക രചനകളും. ഒരു ജോലി എന്ന നിലയിൽ ഒരൊറ്റ രചനയും നിർവഹിച്ചില്ല. സർഗ പ്രക്രിയയിൽ നിന്നും ലഭിക്കുന്ന ആനന്ദ ലഹരിയാണ് എല്ലാ സൃഷ്ടികളുടെയും പ്രേരകം. ചെറിയ കാര്യങ്ങൾ സന്തോഷിപ്പിക്കുകയും ചെറിയ കാര്യങ്ങൾ നൊമ്പരപ്പെടുത്തുകയും ചെയ്യുന്ന ഒരു പച്ചയായ മനുഷ്യൻ എന്ന നിലക്ക് ജി.പിയുടെ ഓരോ വരിയും ജീവിത ഗന്ധിയാകുന്നതിൽ അദ്ഭുതമില്ല. കെ.എം.സി.സി അവാർഡ്, മാപ്പിള കലാ അക്കാദമി അവാർഡ് തുടങ്ങി നിരവധി ആദരവുകൾ ജി.പിയുടെ സർഗസപര്യയെ തേടിയെത്തിയത് സ്വാഭാവികം മാത്രം.
ഖത്തറിൽ അനേകം സ്ഥാപനങ്ങളുടെ പിന്നണിയിൽ പ്രവർത്തിച്ച ജി.പി യാണ് കുടിവെള്ള ബോട്ടലിൽ നിന്നും ഫ്രഷ് ജൂസുകളെ ഡിസ്‌പോസബിൾ ഗ്ലാസിലേക്കെത്തിച്ച് ജനകീയവും സൗകര്യപ്രദവുമാക്കിയത്. ടീം ടൈം ഗ്രൂപ്പ്, ഭാരത് വസന്ത ഭവൻ ഗ്രൂപ്പ്, ഫാൽക്കൺ ഗ്രൂപ്പ് തുടങ്ങിയ വ്യാപാര കൂട്ടായ്മകളുമായി ചേർന്ന് പ്രവർത്തിക്കുന്ന ജി.പി. ഒരു സംരംഭകനും കൂടിയാണ്.

Latest News