തന്റെ ചിത്രങ്ങൾക്ക് ജീവൻ നൽകി സർഗാത്മകമായ വൈഭവം തെളിയിക്കുകയാണ് ഡോ. റുബീന ഷമീൽ.
നാട്ടിൽ വലിയ തിരക്കുള്ള ദന്തരോഗ വിദഗ്ധയായിരുന്ന ഡോ. റുബീന ദമാമിൽ ജോലി ചെയ്യുന്ന ഭർത്താവിനൊപ്പം താമസിക്കാനും തന്റെ സേവനം പ്രവാസ ലോകത്ത് ഉറപ്പ് വരുത്താനുമായിരുന്നു 2015 ൽ മക്കളുമായി ദമാമിലെത്തിയത്. സൗദിയുടെ കിഴക്കൻ പ്രവിശ്യയിൽ ജോലിയിൽ പ്രവേശിക്കാനായി രേഖകൾ ശരിയാക്കുന്നതിനിടെയാണ് ആതുര സേവന മേഖലയിൽ ദന്തരോഗ വിഭാഗം പൂർണമായി സ്വദേശിവൽക്കരിക്കപ്പെടുന്നത്.
തുടർന്ന് പ്രവാസ ലോകത്തെ ജോലി എന്ന മോഹം തൽക്കാലം മാറ്റിവെച്ച് നാട്ടിലേക്ക് മടങ്ങുകയും നേരത്തെ ജോലി ചെയ്തിരുന്ന മൂവാറ്റുപുഴയിലെ അന്നൂർ ആശുപത്രിയിൽ തന്റെ സേവനം തുടരുകയുമായിരുന്നു. 2020 ൽ തന്റെ ജോലിയിൽ നിന്നും മൂന്ന് മാസത്തെ അവധിയെടുത്ത് ദമാമിലുള്ള ഭർത്താവിനും കുട്ടികൾക്കുമൊപ്പം കഴിയുന്നതിനായി എത്തിയ ഡോ. റുബീന കോവിഡിനെ തുടർന്ന് രാജ്യാന്തര വിമാന യാത്രാ മാർഗങ്ങൾ അടച്ചു പൂട്ടിയതോടെ പ്രവാസ ലോകത്ത് പൂർണമായും അകപ്പെടുകയുമായിരുന്നു. ഔദ്യോഗിക ജോലിത്തിരക്കുകളിൽ നിന്നൊഴിഞ്ഞ് പൂർണസമയ വീട്ടമ്മയായി മാറാൻ അവസരം ലഭിച്ച ഡോ. റുബീന ഈ സമയം കുടുംബ ജീവിതം ആസ്വദിക്കുന്നതോടൊപ്പം തന്റെ മനസ്സിന്റെ അകത്തളങ്ങളിൽ സൂക്ഷിച്ചുവെച്ചിരുന്ന വരയുടെ നാമ്പുകൾക്ക് ജീവൻ നൽകുകയായിരുന്നു.

കോവിഡ് മഹാമാരിയിൽ നിരവധി ജീവനുകൾ പൊലിയുകയും മറ്റുള്ളവരുടെ ജീവിതത്തെയും തൊഴിലിനെയും സാരമായി ബാധിക്കുകയും ചെയ്തതോടെ ലോക്ഡൗൺ നിയന്ത്രണത്തിൽ വീട്ടിനകത്ത് തളയ്ക്കപ്പെട്ട അവസരത്തെ ചായക്കൂട്ടുകൾ കൊണ്ട് കാൻവാസിൽ പകർത്തുകയായിരുന്നു ഡോ. റുബീന.
കടലാസ് കഷ്ണങ്ങളിൽ ചെറുരൂപത്തിൽ കോറിയിട്ടു തുടങ്ങിയ വരകൾ രണ്ട് വർഷം കൊണ്ട് വലിയ കലാസൃഷ്ടികളായി വികസിക്കുകയായിരുന്നു.
കാൻവാസിൽ പകർത്തിയിരിക്കുന്ന റൂബീനയുടെ ഓരോ ചിത്രവും ഒന്നിനൊന്ന് മികച്ചതാണ്. പ്രകൃതിയെയും സകല ജീവജാലങ്ങളെയും അതിന്റെ അസ്ഥിത്വത്തെ വെല്ലുന്ന രചനാത്മകമായ കഴിവ് ഏറെ ശ്രദ്ധേയമാണ്.
സ്‌കൂൾ, കോളേജ് പഠനകാലത്ത് തന്നെ ചിത്രരചന ആരംഭിച്ചിരുന്ന ഡോ. റുബീന വിവിധ തലങ്ങളിലുള്ള മൽസരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തിരുന്നു.
ചിത്രരചനക്കൊപ്പം കോളേജ് തലത്തിൽ കായിക രംഗത്തും സജീവ സാന്നിധ്യമായിരുന്നു ഡോ. റുബീന. ടെന്നിസ്, വോളിബോൾ, ബാഡ്മിന്റൺ കളികളിൽ മികവ് പുലർത്തിയിരുന്ന ഡോ. റുബീന 1994 ബാച്ചിലെ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി പ്ലെയറും ബാഡ്മിന്റണിൽ നാഷണൽ പ്ലെയറും ആയിരുന്നു.
ദമാമിലെ സൗദി ഇലക്ട്രോണിക്സ് യൂനിവേഴ്‌സിറ്റിയിലെ പബ്ലിക് ഹെൽത്ത് വിഭാഗത്തിൽ ലക്ചറർ ആയ ഡോ. ഷമീൽ ആണ് ഭർത്താവ്.

പന്ത്രണ്ടാം ക്ലാസ് പഠനം പൂർത്തിയാക്കിയ നേഹ നെഹാനും പതിനൊന്നാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് അർഷാനും മക്കളാണ്. ഉമ്മയെപ്പോലെ മക്കളും സ്‌കൂൾ തലത്തിൽ കായിക രംഗത്ത് കഴിവ് തെളിയിച്ചവരാണ്. മകൾ നേഹ ദാവൺഗരെയിൽ (മംഗലാപുരം) നടന്ന സി.ബി.എസ്.ഇ ദേശീയ തല സ്‌പോട്‌സ് മീറ്റിൽ പങ്കെടുത്തു. മകൻ മുഹമ്മദ് അർഷാൻ ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ (സി.ബി.എസ്.ഇ) അൽ ഖൊസാമ ഇന്റർനാഷണൽ സ്‌കൂളിൽ നിന്നുമാണ് ഉയർന്ന മാർക്കോടെ പാസായത്. ഭർത്താവ് ഷമീലും കോഴിക്കോട് ഗവ. മെഡിക്കൽ ഡെന്റൽ കോളേജിലെ പഠന കാലത്ത് കലാകായിക രംഗങ്ങളിൽ മികച്ച പ്രകടനങ്ങൾ കാഴ്ച വെച്ചിരുന്നു. ഒപ്പം കോളേജ് യൂനിയൻ ചെയർമാനുമായിരുന്നു അദ്ദേഹം.
ചിത്രരചനക്കിടയിലും മക്കളുടെ പഠന പ്രക്രിയകളിൽ സഹായിയാകാനും പത്താം ക്ലാസ് പരീക്ഷ എഴുതിയ മകനെയും പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതിയ മകളെയും ഉന്നത മാർക്കോടെ പാസാകാൻ കൂടെ നിൽക്കാനും കഴിഞ്ഞു എന്നതും വലിയ സന്തോഷമായി ഡോക്ടർ പറയുന്നു.
തൃശൂർ ചാവക്കാട് സ്വദേശിനിയാണ്.ഡോ. റുബീന. ഭർത്താവ് ഡോ. ഷമീൽ മലപ്പുറം നിലമ്പൂർ സ്വദേശിയാണ്. പ്രവാസം തെരഞ്ഞെടുക്കുന്നതിന് മുൻപ് തന്നെ മൂവാറ്റുപുഴ അന്നൂർ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ഈ ഡോക്ടർ ദമ്പതികൾ ഇപ്പോൾ സഥിരതാമസമാക്കിയിരിക്കുന്നതും മൂവാറ്റുപുഴയിൽ തന്നെയാണ്. 2005 - 2007 കാലയളവിൽ തിരുവനന്തപുരം നഗരത്തിലെ പ്രധാനപ്പെട്ട പ്രൈവറ്റ് ഡെന്റൽ ക്ലിനിക്കുകളിലും ഡോ. റുബീന സേവനം അനുഷ്ഠിച്ചിരുന്നു.
തന്റെ പ്രൊഫഷനൊപ്പം ഒഴിവ് സമയം ഉപയോഗപ്പെടുത്തി ചിത്രരചനയിൽ പുതിയ വാതായനങ്ങൾ തുറക്കാനുള്ള ആഗ്രഹത്തിലും പരിശ്രമത്തിലുമാണ് ഡോ. റുബീന.






