സർ, മകളുടെ പ്ലസ് ടു പഠനം കഴിഞ്ഞു. നല്ല മാർക്കുണ്ട്. ഇനിയങ്ങോട്ട് ഏത് കോഴ്‌സ് എടുത്ത് പഠിക്കണമെന്ന കാര്യത്തിൽ അവൾക്ക് വലിയ നിശ്ചയമില്ല. എന്ത് ചെയ്യണം? സാർ സഹായിക്കാമോ? ഏതാനും രക്ഷിതാക്കൾ അടുത്ത കാലത്ത് എന്നോട് ഏറ്റവും അധികം ചോദിച്ച ഒരു ചോദ്യത്തിന്റെ മാതൃകയാണ് മുകളിൽ നൽകിയത്. ഞാനും മക്കളും ഇടക്കിടെ ചർച്ചക്കെടുക്കുന്ന വിഷയമാണിത്.
പുതിയ കാലത്ത് നിരവധി കോഴ്‌സുകളും പഠന സൗകര്യങ്ങളും ആഗോള തലത്തിൽ ലഭ്യമാവുന്നതിന്റെ പശ്ചാത്തലത്തിലാണീ അങ്കലാപ്പ്. എല്ലാവരിലും മക്കളുടെ തുടർപഠനവുമായി ബന്ധപ്പെട്ട ഈ ജീവിത ഘട്ടം കടന്നെത്തുമെന്നത് തീർച്ചയാണ്.പഠനകാലത്ത് വിദ്യാർത്ഥികൾ നേരിടുന്ന ഒരു വലിയ പ്രതിസന്ധിയാണ് ഏത് കരിയർ തെരഞ്ഞെടുക്കണമെന്നത്.
വിരലിലെണ്ണാവുന്ന ചിലർ കാലേക്കൂട്ടി അവരുടെ അഭിരുചി തിരിച്ചറിഞ്ഞ്, രക്ഷിതാക്കളുടെയും അധ്യാപകരുടെയും പ്രോൽസാഹനവും പിന്തുണയും നേടി ദൃഢനിശ്ചയത്തോടെ പ്രസക്തമായ മൽസര പരീക്ഷകളെയും തൊഴിൽപരമായ മുഖാമുഖങ്ങളെയും സ്ഥിരോൽസാഹത്തോടു കൂടി അഭിമുഖീകരിച്ച് വിജയശ്രീലാളിതരായി അവരുടെ ലക്ഷ്യത്തിൽ എത്തുന്നു. എന്നാൽ ബഹുഭൂരിപക്ഷവും പല കാരണങ്ങളാലും ഇഷ്ടപ്പെട്ട തൊഴിൽ തെരഞ്ഞെടുക്കാനും ആത്മധൈര്യത്തോടെ പഠിച്ചു മുന്നേറാനും ഏറെ പ്രയാസപ്പെടുന്നു. മാത്രമല്ല, പഠിച്ച മേഖലയിൽ സംതൃപ്തിയോടെ തൊഴിൽ കണ്ടെത്താനോ തൊഴിലെടുക്കാനോ പിന്നീട് അവരിലധികം പേരും പാടുപെടുന്നു.
പഠനകാലത്ത് പല സ്വാധീനങ്ങളാലും അത്തരക്കാർ തൊഴിലിനെ കുറിച്ചും അതിനാവശ്യമായ തയാറെടുപ്പിനെ കുറിച്ചും അലസരോ അജ്ഞരോ ആണ്.
ചില രക്ഷിതാക്കൾ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി ആലോചിക്കാതെ വലിയ തുക വായ്പയെടുത്ത് കുട്ടികളെ സ്വാശ്രയ കോഴ്‌സുകൾക്ക് സ്വദേശത്തും വിദേശത്തും പഠിപ്പിക്കാൻ സന്നദ്ധരാവുന്നുണ്ട്. കുട്ടിയുടെ കഴിവുകളും അഭിരുചിയും തിരിച്ചറിഞ്ഞ് കോഴ്‌സിന്റെ അംഗീകാരത്തെ കുറിച്ചും തൊഴിൽ സാധ്യതകളെ കുറിച്ച് പഠിച്ചും വേണ്ടത്ര ഗൃഹപാഠം ചെയ്ത് അത്തരം തീരുമാനത്തിലെത്തുന്നവർ പിന്നീട് അധികം ഖേദിക്കേണ്ടി വരില്ല.മറിച്ചാണെങ്കിൽ, കുട്ടികളുടെ താൽപര്യത്തെയും കഴിവുകളെയും സാമ്പത്തിക സ്ഥിതിയെയും പരിഗണിക്കാതെആവേശത്തിനും ദുരഭിമാനത്തിനും വഴിപ്പെട്ട് ഉപരിപഠനത്തിന് മക്കളെ നിർബന്ധിച്ചയക്കുന്ന രക്ഷിതാക്കൾ അവരുടെ ജീവിതത്തെ ക്ലേശ ഭരിതമാക്കുകയാണെന്നോർക്കണം.
തൊഴിൽ രംഗം നിരന്തരം നവീകരിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. പുതിയ ലോകം ആവശ്യപ്പെടുന്ന തരത്തിൽ കോഴ്‌സുകളും തദനുസൃതമായി പരിഷ്‌കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഈ നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിൽ വിലമതിക്കപ്പെട്ട പല കോഴ്‌സുകളും തൊഴിൽ സാധ്യതകളും ഇന്ന് വേണ്ടത്ര പ്രസക്തമല്ല. ഐ.ടിയുടെയും സാങ്കേതിക വിദ്യയുടെയും കുതിച്ചുചാട്ടത്തോടെ സ്ഥിതി ആകെ മാറുകയാണ്. ബിഗ് ഡാറ്റയുടെയും ഐ.ഒ.ടിയുടെയും മേഖലകളിൽ വൻ മുന്നേറ്റങ്ങൾ ഇനിയും വരാനിരിക്കുന്നുവെന്ന് ചുണ്ടിക്കാണിക്കപ്പെടുന്നു.ടൂറിസം, വാർത്താ വിനിമയം, കെട്ടിട നിർമാണം, എന്റർടെയ്ൻമെന്റ് എന്നീ രംഗങ്ങൾ ചാതുരിയും സർഗാത്മകതയും ഒത്തിണങ്ങിയവർക്ക് നിരവധി അവസരങ്ങൾ ഒരുക്കുമെന്നതിൽ സംശയമില്ല.അടിസ്ഥാനവും അനിവാര്യവുമായ മേഖലകളിൽ തൊഴിൽ സാധ്യത കുറഞ്ഞിട്ടില്ലെന്നോർക്കണം.എന്നാൽ ആ മേഖലകളിലെല്ലാം എത്തിപ്പെടാൻ ഇന്ത്യയിൽ ഇപ്പോഴും കടുത്ത മാൽസര ബുദ്ധിയും സമർപ്പണ മനോഭാവവും ഒഴിച്ചുകൂടാത്തതാണ്. ചെയ്യുന്ന തൊഴിൽ മനഃസംതൃപ്തിയോടെ ആസ്വദിച്ച് ചെയ്യാൻ കൊതിക്കുന്നവർ സ്വന്തം താൽപര്യങ്ങൾ, വ്യക്തിത്വ സവിശേഷതകൾ , പാലിക്കുന്ന മൂല്യങ്ങൾ, സിദ്ധികൾ, അഭിരുചികൾ എന്നിവ നേരത്തേ തന്നെ തിരിച്ചറിഞ്ഞ് ഉപരിപഠനത്തിന് ചുരുങ്ങിയത് ഹൈസ്‌കൂൾ ക്ലാസുകളിൽ നിന്ന് ഒരുക്കം ആരംഭിക്കണം.കഴിയാവുന്നത്ര ആപ്റ്റിറ്റിയൂഡ് ടെസ്റ്റുകൾ നേരത്തേ തന്നെ പരിശീലിക്കുകയും എഴുതുകയും വേണം. ഉപരിപഠന സംബന്ധിയായ വാർത്തകളും തൊഴിൽ വാർത്തകളും ശ്രദ്ധിച്ചു തുടങ്ങണം. അവയുടെ കുത്തൊഴുക്കിൽ ദിശ നഷ്ടപ്പെടാതിരിക്കാൻ കരുതിയിരിക്കുകയും വേണം.വർത്തമാനത്തെ പ്രാർത്ഥനാപൂർവം സമചിത്തതയോടെയും കാര്യബോധത്തോടെയും ഉപയോഗപ്പെടുത്തി ചിട്ടയോടെ പഠിച്ച് മുന്നേറുവാൻ കുട്ടികളെ പ്രാപ്തരാക്കുകയും അവരിൽ ശുഭാപ്തി വിശ്വാസം വളർത്തുകയും ചെയ്യുക. പ്രായോഗികമായ അറിവും ഇഷ്ടപ്പെട്ട തൊഴിലിന് വേണ്ട സിദ്ധികളും നൈപുണികളും നല്ല മനോഭാവവും പെരുമാറ്റവും അനുദിനം അവർ ലക്ഷ്യബോധത്തോടെ ശീലിക്കട്ടെ. വിജയവും ജീവിതാനന്ദവും സുനിശ്ചിതമാണ്. അറിയുക, ഇപ്പോൾ ലോകത്ത് അനാവൃതമാവാത്ത മികച്ച അവസരങ്ങൾ കൂടി അവർക്കായി അണിയറയിൽ കാത്തിരിപ്പുണ്ട്.






