നാളെ മുതല്‍ കൂടുതല്‍ പേര്‍ക്ക് ഉംറ പെര്‍മിറ്റ്, പ്രതിദിനം ഒരു ലക്ഷം പേര്‍ക്ക് അനുമതി

മക്ക - നാളെ മുതല്‍ ഉംറ കര്‍മം നിര്‍വഹിക്കാന്‍ പ്രതിദിനം ഒരു ലക്ഷം പേര്‍ക്കു വീതം പെര്‍മിറ്റുകള്‍ അനുവദിക്കുമെന്ന് ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. വിശുദ്ധ ഹറമില്‍ നമസ്‌കാരങ്ങള്‍ നിര്‍വഹിക്കുന്നതിന് ദിവസേന 60,000 പേര്‍ക്കു വീതവും നാളെ മുതല്‍ പെര്‍മിറ്റുകള്‍ അനുവദിക്കും.
ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപനം നടത്തിയാണ് വിശുദ്ധ ഹറമില്‍ പ്രതിദിനം സ്വീകരിക്കുന്ന ഉംറ തീര്‍ഥാടകരുടെയും നമസ്‌കാരങ്ങളില്‍ പങ്കെടുക്കുന്നവരുടെയും എണ്ണം ഉയര്‍ത്തുന്നതെന്ന് ഹജ്, ഉംറ മന്ത്രാലയം പറഞ്ഞു. വ്യാഴാഴ്ച വരെ പ്രതിദിനം 70,000 പേര്‍ക്കാണ് ഉംറ പെര്‍മിറ്റുകള്‍ അനുവദിച്ചിരുന്നത്.
ആരോഗ്യ മുന്‍കരുതല്‍ നടപടികള്‍ പാലിച്ച് ഉംറ, സിയാറത്ത് കര്‍മങ്ങള്‍ നിര്‍വഹിക്കുന്നതിന് പടിപടിയായി അനുമതി നല്‍കാന്‍ ഒരു വര്‍ഷം മുമ്പ് സൗദി അറേബ്യ തീരുമാനിക്കുകയായിരുന്നു. വിശുദ്ധ ഹറമില്‍ പ്രതിദിനം സ്വീകരിക്കുന്ന ഉംറ തീര്‍ഥാടകരുടെ എണ്ണം പലതവണയായി പിന്നീട് ഉയര്‍ത്തി. ഉംറ നിര്‍വഹിക്കാനും ഹറമില്‍ നമസ്‌കാരങ്ങളില്‍ പങ്കെടുക്കാനും ആഗ്രഹിക്കുന്നവര്‍ക്ക് തവക്കല്‍നാ ആപ്പ് വഴി ബുക്ക് ചെയ്യാവുന്നതാണെന്ന് ഹജ്, ഉംറ മന്ത്രാലയം പറഞ്ഞു.

 

Latest News