സാൾട്ട് മാങ്കോ ട്രീ  ഈ അടുപ്പിൽ ഇനി വേവില്ല

പ്രശസ്തമായ ഒരു മലയാള സിനിമയിൽ ഉപ്പുമാവിന് ഇംഗ്ലീഷിൽ എന്താണ് പറയുക എന്ന ഒരു കുട്ടിയുടെ ചോദ്യത്തിന് പ്രൈമറി ക്ലാസിലെ അധ്യാപകൻ നൽകുന്ന മറുപടിയാണ് സാൾട്ട് മാങ്കോ ട്രീ എന്നത്. മലയാളിയുടെ ഇംഗ്ലീഷ് പരിജ്ഞാനക്കുറവ് പരിഹാസം ഏറ്റുവാങ്ങാറുള്ളതിന്റെ ഒരു തെളിവായി ഈ ഉദാഹരണം പൊതുവെ പറയാറുണ്ട്. ഇംഗ്ലീഷ് ഭാഷ ശരിയായ രീതിയിൽ സ്‌കൂൾ തലം തൊട്ടുതന്നെ നമ്മുടെ കുട്ടികളെ പഠിപ്പിക്കുന്നില്ല എന്ന വിമർശനം പ്രബലമാണ്. നമ്മുടെ മുറിയൻ ഇംഗ്ലീഷുമായി ലോകത്തോട് സംവദിക്കാനാവില്ല എന്ന വസ്തുത ഇനിയും മറച്ചു വെക്കാനാവില്ല. 
നല്ല നിലവാരത്തിൽ ഇംഗ്ലീഷ് ഭാഷ സംസാരിക്കാനും എഴുതാനും സാധിക്കുന്നവർക്ക് അന്താരാഷ്ട്ര തൊഴിലിടങ്ങളെ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാൻ സാധിക്കുമെന്നതിനപ്പുറം പുതിയ അവസരങ്ങളിലേക്കുള്ള വാതായനങ്ങൾ തുറക്കുമെന്നതിലും സംശയമൊട്ടുമില്ല. ഏത് മേഖലയിൽ ജോലി ചെയ്യുന്നവരും  ഇംഗ്ലീഷ് ഭാഷാ വൈഭവം ആർജിച്ചെടുക്കേണ്ടത് അനിവാര്യമാണെകിലും ഇംഗ്ലീഷ് ഭാഷയിൽ ഉപരിപഠനം തേടുന്നവർക്ക് തൊഴിൽ മേഖലയിൽ അതിവിപുലമായ സാധ്യതകൾ നിലവിലുണ്ട് എന്നതാണ് വസ്തുത. കോവിഡ് സൃഷ്ട്ടിച്ച പ്രതിസന്ധിയുടെ മറുവശം എന്ന നിലയിൽ ഭാഷാപഠനത്തിന്റെ അനന്തമായ ലോകം കുറേക്കൂടി വ്യക്തമായി തിരിച്ചറിയപ്പെട്ടു എന്നത് പ്രസ്താവ്യമാണ്. 
ഭാഷാപരമായ കഴിവ് ആർജിച്ചെടുത്തവർക്ക് അവരവരുടെ വീട്ടിലിരുന്ന് ലോകത്തെവിടെയുമുള്ള തൊഴിൽ മേഖലകളിൽ ഇടപെടാൻ സാധിക്കുമെന്ന് കോവിഡ്കാലം വ്യക്തമായി നമ്മെ പഠിപ്പിച്ചു. ഇംഗ്ലീഷ് ഭാഷയോടൊപ്പം മറ്റൊരു വിദേശഭാഷയിൽ കൂടി പ്രാവീണ്യം ആർജിക്കാൻ സാധിച്ചാൽ കരിയറിൽ അതിവിശിഷ്ടമായ രീതിയിൽ തിളങ്ങാൻ അതേറെ സഹായകരമായിരിക്കും. പ്ലസ് ടു ഏത് സ്ട്രീമിൽ പഠിച്ചവർക്കും ബിരുദ തലത്തിൽ ഇംഗ്ലീഷ് ഭാഷാപഠനം കരിയറായി തെരഞ്ഞെടുത്ത് മുന്നേറാം എന്നത് പ്രത്യേകം ഓർക്കുക. 
ഇംഗ്ലീഷ് പഠനം പൂർത്തിയാക്കിയതിന് ശേഷം അധ്യാപന മേഖലയിലെ തൊഴിൽ എന്നത് മികച്ച കരിയർ സാധ്യത ആണെങ്കിലും അതിനപ്പുറമുള്ള മേഖലകളിലേക്ക് വ്യാപിച്ച തൊഴിൽ സാധ്യതകൾ പലതുമുണ്ട്. ഇംഗ്ലീഷ് ഭാഷയിലെ ബിരുദത്തോടൊപ്പമോ ബിരുദപഠനത്തിന് ശേഷമോ അനുയോജ്യമായ പരിശീലനം നേടുന്നത് വഴി പരിഭാഷകൻ, ദ്വിഭാഷികൾ, ഭാഷാ എഡിറ്റർമാർ, സാങ്കേതിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ടെക്‌നിക്കൽ റൈറ്റർമാർ, പരസ്യ മാർക്കറ്റിംഗ് മേഖലയിലെ കോപ്പി റൈറ്റർ, വെബ്‌സൈറ്റുകളുടെ ഉള്ളടക്കം തയാറാക്കുകയും എഡിറ്റിംഗ് നടത്തുകയും ചെയ്യുന്ന കണ്ടന്റ് റൈറ്റർ, നിഘണ്ടുകൾ തയാറാക്കുന്ന ലെക്‌സിക്കോഗ്രാഫർ എന്നീ തസ്തികളിൽ ജോലി നേടാനാവസരമുണ്ട്. 


കൂടാതെ ആശയ വിനിമയ പരിശീലകർ, പ്രൂഫ് റീഡർ, പരീക്ഷ പരിശീലകർ, സോഫ്റ്റ് സ്‌കിൽ ട്രെയിനർ എന്നീ മേഖലകളിൽ കഴിവ് തെളിയിക്കാൻ ശ്രമിക്കാം. വിദേശരാഷ്ട്രങ്ങളിൽ പഠന തൊഴിൽ മേഖലകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ കടക്കേണ്ട ഭാഷാ പരീക്ഷാകടമ്പകൾ ആയ IELTS/TOEFLE/OET എന്നിവയിൽ പരിശീലനം നൽകുക എന്നത് പുതുതായി പ്രചാരം കിട്ടിവരുന്ന വരുന്ന മേഖലയാണ്. ഇംഗ്ലീഷ് രണ്ടാം ഭാഷയായി പഠിക്കുന്ന കുട്ടികളെ പരിശീലിപ്പിക്കാൻ കഴിവും യോഗ്യതയുമുള്ള ട്രെയ്‌നർമാരെ ലോകമെമ്പാടും ആവശ്യം വരുന്ന സാഹചര്യമാണ് വരാനിരിക്കുന്നത് എന്നാണ് യുനെസ്‌കോ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് കണക്കാക്കിയിട്ടുള്ളത്. കേരള സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന അസാപ് പോലെയുള്ള സ്ഥാപനങ്ങളിൽ ഇതിനായുള്ള പരിശീലനം ലഭിക്കും. 
സംസാര ഭാഷയിൽ ആഴത്തിലുള്ള പാടവം നേടുന്നവർക്ക് ബി.പി.ഒ മേഖലയിൽ കഴിവ് തെളിയിക്കാം. പ്രൊഫഷനൽ ലാംഗ്വേജ് എഡിറ്റിംഗ് മേഖലയിൽ കഴിവ് തെളിയിക്കുന്നവർക്ക് വീട്ടിലിരുന്ന് കാശ് വാരാൻ അവസരമുണ്ടിപ്പോൾ. മികവുറ്റ സേവനം നൽകാൻ സാധിക്കുന്നവരെ അന്താരാഷ്ട്ര ജേർണലുകളിലടക്കം പ്രസിദ്ധീകരിക്കാനുള്ള  പ്രബന്ധങ്ങളുമായി ഗവേഷകരടക്കം തേടിയെത്തും. പുസ്തക പ്രസാധനം, അഡ്വെർടൈസിംഗ്, ജേർണലിസം, മാസ്സ് കമ്യൂണിക്കേഷൻ, നിയമം, ലൈബ്രറി സയൻസ്, സോഷ്യൽ വർക്ക് തുടങ്ങിയ മേഖലകളിൽ ഉപരിപഠന സാധ്യതകൾ കണ്ടെത്താനുമാവും. മാർക്കറ്റിംഗ്, ഹോസ്പിറ്റാലിറ്റി, ടൂറിസം, മാനേജ്‌മെന്റ് മേഖലകളിലും അവസരങ്ങൾ ഫലപ്രദമായി ഉപയോഗപ്പെടുത്താനാവും. പൊതുവിജ്ഞാനത്തിലും മറ്റു ആനുകാലിക വിവരങ്ങളിലും കൃത്യമായ ധാരണയും അറിവുമുള്ളവർക്ക് സിവിൽ സർവീസ്, സ്റ്റാഫ് സെലക്്ഷൻ കമ്മീഷൻ നടത്തുന്ന കംബൈൻഡ് ഗ്രാജുവേറ്റ് ലെവൽ എക്‌സാം, കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന വിവിധ പരീക്ഷകൾ എന്നിവ വഴി സർക്കാർ സർവീസിലും ജോലിക്ക് ശ്രമിക്കാവുന്നതാണ്. മിക്ക മത്സര പരീക്ഷകൾക്കും ഇംഗ്ലീഷ് ഭാഷയിലുള്ള ചോദ്യങ്ങൾ വേഗത്തിലും ഫലപ്രദമായും ഉത്തരങ്ങൾ കണ്ടെത്തുന്നതിന് ഇംഗ്ലീഷ് പഠനം സഹായകരമാവും. ബിരുദ, ബിരുദാനന്തര പഠനങ്ങൾക്ക് ശേഷം മറ്റു യോഗ്യതകൾ നേടുന്നതോടെ ഹൈസ്‌കൂൾ, ഹയർസെക്കണ്ടറി, കോളേജ്, സർവകലാശാലകളിൽ അധ്യാപകരായി പ്രവർത്തിക്കാം.  
ബിരുദ, ബിരുദാനന്തര പഠന മേഖലയിലെ അവസരങ്ങൾ പരിഗണിക്കുമ്പോൾ ഏറ്റവും മികച്ച സ്ഥാപനങ്ങളിൽ പ്രവേശനം നേടാനുള്ള സാധ്യതയാണ് അന്വേഷിക്കേണ്ടത്. മികവിന്റെ കേന്ദ്രങ്ങളായ സ്ഥാപനങ്ങളിൽ നിന്ന് വിജയകരമായി പഠനം പൂർത്തിയാക്കുന്നവർക്ക് സാധാരണ സ്ഥാപനങ്ങളിലെ വിദ്യാർഥികളേക്കാൾ സാധ്യതയും അവസരവും ലഭിക്കുന്നത് പ്രത്യേകം പരിഗണിക്കപ്പെടണം. ഇംഗ്ലീഷ് പഠനത്തിന് സവിശേഷമായ അവസരങ്ങൾ ഒരുക്കുന്ന ചില സ്ഥാപനങ്ങളെ പരിചയപ്പെടാം.
ഹൈദരാബാദിൽ പ്രധാന ക്യാമ്പസും ഷിലോംഗ്, ലക്‌നൗ എന്നിവിടങ്ങളിൽ പ്രദേശിക ക്യാപസുകളുമുള്ള പ്രശസ്തമായ ദേശീയ സർവകലാശാലയാണ് EFLU. ഇംഗ്ലീഷിലും വിദേശഭാഷകളിലുമടക്കം നിരവധി സർട്ടിഫിക്കറ്റ്, ബിരുദാനന്തര, പിഎച്ച്.ഡി കോഴ്‌സുകൾ പഠിപ്പിക്കപ്പെടുന്ന ഇഫ്‌ലു ഏഷ്യയിലെത്തന്നെ ശ്രദ്ധേയമായ സ്ഥാപങ്ങളിലൊന്നാണ്. ദൽഹി സർവകലാശാലക്ക് കീഴിൽ അഫിലിയേറ്റ് ചെയ്യപ്പെട്ട പ്രധാന കോളേജുകളായ ലേഡി ശ്രീറാം, സെന്റ് സ്റ്റീഫൻസ്, മിറാൻഡ ഹൗസ്, ഹിന്ദു, ജീസസ് ആന്റ് മേരി, ഹൻസ് രാജ് മുതലായ കോളേജുകളിലുമുള്ള ഇംഗ്ലീഷ് കോഴ്‌സുകൾ, അലീഗഢ് മുസ്‌ലിം സർവകലാശാലയിൽ നടത്തുന്ന ഇംഗ്ലീഷ്, കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് എന്നീ വിഷയങ്ങളിലെ ബി.എ  ഹോണേഴ്‌സ് പ്രോഗ്രാം എന്നിവ മികവുറ്റതാണ്. കർണാടക, ജാർഖണ്ഡ് എന്നിവിടങ്ങളിലെ കേന്ദ്ര സർവകലാശാലകളിൽ ബി.എ ഇംഗ്ലീഷ് (ഹോണേഴ്‌സ്) പ്രോഗ്രാം ഉണ്ട്. മദ്രാസ് ഐ.ഐ.ടിയിലെ ഇന്റഗ്രേറ്റഡ് എം.എ ഡെവലപ്‌മെന്റൽ സ്റ്റഡീസ് പഠന മേഖലയിൽ ഇംഗ്ലീഷ് പഠന രംഗത്ത് മികച്ച അവസരമാണ് നൽകുന്നത്. കൊച്ചിയിലെ അമൃത സ്‌കൂൾ ഓഫ് ആർട്‌സ് ആന്റ് സയൻസിൽ ഇംഗ്ലീഭാഷയിലും സാഹിത്യത്തിലും ഇന്റഗ്രേറ്റഡ് ബി.എഎം.എ പ്രോഗ്രാം പഠിക്കാൻ അവസരമുണ്ട്. കേരള സർവകലാശാലയിൽ, തിരുവനന്തപുരം വഴുതക്കാട് ഗവ. കോളേജ് ഫോർ വിമൺ ബിഎ ഹോണേഴ്‌സ് പ്രോഗ്രാം കേരളത്തിൽ പഠിക്കാൻ അവസരമൊരുക്കുന്ന സ്ഥാപനമാണ്. പി.എസ്.ജി. കോളേജ് ഓഫ് ആർട്‌സ് & സയൻസ് (കോയമ്പത്തൂർ), ലയോള കോളേജ് (ചെന്നൈ), മദ്രാസ് ക്രിസ്ത്യൻ കോളേജ് (ചെന്നൈ), അസീം പ്രേംജി സർവകലാശാല (ബംഗളൂരു), സ്‌റ്റെല്ല മേരീസ് (ചെന്നൈ), ലവ്‌ലി പ്രൊഫഷനൽ സർവകലാശാല (പഞ്ചാബ്), െ്രെകസ്റ്റ് യൂനിവേർഴ്‌സിറ്റി (ബംഗളൂരു), സെന്റ് സേവിയേഴ്‌സ് (മുംബൈ, കൊൽക്കത്ത), ജാദവ്പൂർ സർവകലാശാല (കൊൽക്കത്ത), തുടങ്ങിയ സ്ഥാപനങ്ങൾ ഇംഗ്ലീഷ് പഠനത്തിന് മികച്ച അവസരങ്ങൾ നൽകുന്നുണ്ട്. 
കേരള, തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, ഹരിയാന, പഞ്ചാബ്, ബീഹാർ, ജമ്മു എന്നീ കേന്ദ്ര സർവകലാശാലകൾ, ഇംഗ്ലീഷ് & ഫോറിൻ ലാംഗ്വേജ് യൂണിവേഴ്‌സിറ്റി, ജവഹർലാൽ നെഹ്‌റു സർവകലാശാല, ബനാറസ് ഹിന്ദു, അലിഗഢ് മുസ്‌ലിം, പോണ്ടിച്ചേരി, യൂനിവേഴ്‌സിറ്റി ഓഫ് ഹൈദരാബാദ്, ജാമിഅ മില്ലിയ ഇസ്‌ലാമിയ, ഇന്ദിരാഗാന്ധി നാഷനൽ െ്രെടബൽ യൂനിവേഴ്‌സി, ഡോ. ഹരി സിംഗ് ഗൗർ വിശ്വവിദ്യാലയ, നാഷനൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി ട്രിച്ചി എന്നിവ ഇംഗ്ലീഷുമായി ബന്ധപ്പെട്ട വിവിധ ബിരുദാനന്തര കോഴ്‌സുകൾ നടത്തുന്ന പ്രമുഖ സ്ഥാപനങ്ങളാണ്. പ്രവേശന രീതികളെക്കുറിച്ച് കൂടുതൽ അറിയാൻ അതത് സ്ഥാപങ്ങളുടെ വെബ്‌സൈറ്റ് പരിശോധിക്കാവുന്നതാണ്.
ഇംഗ്ലീഷ് ഭാഷാ രീതിയെയും സാഹിത്യത്തെയും കുറിച്ച് പഠിക്കുന്ന ഇംഗ്ലീഷ് ലിറ്ററേച്ചർ, ആശയവിനിമയ രീതിക്ക് പ്രാധാന്യം കൊടുക്കുന്ന ഇംഗ്ലീഷ് കമ്യൂണിക്കേഷൻ, പ്രായോഗിക മേഖലകളിൽ ഇംഗ്ലീഷ് ഭാഷയിൽ, മികച്ച പാടവം വളർത്തിയെടുക്കാൻ വിദ്യാർഥികളെ സജ്ജമാക്കാൻ ലക്ഷ്യമിടുന്ന ഫംഗ്ഷനൽ ഇംഗ്ലീഷ്, വിഷയത്തിൽ ആഴത്തിൽ പഠനം സാധ്യമാക്കുന്ന ഹോണേഴ്‌സ് ഡിഗ്രി എന്നിങ്ങനെ വിവിധ വകഭേദങ്ങളിൽ കോഴ്‌സുകൾ ലഭ്യമാണ്. ഇംഗ്ലീഷ് ഭാഷ, സാഹിത്യം എന്നിവക്ക് പുറമെ ലിംഗ്വിസ്റ്റിക്‌സ്, കംപാരറ്റീവ് ലിറ്ററേച്ചർ തുടങ്ങിയ വിഷയങ്ങളിൽ പി.ജി ഡിപ്ലോമ, ബിരുദാനന്തര ബിരുദം എന്നീ  തലങ്ങളിലായി വിവിധ കോഴ്‌സുകളുണ്ട്. കരിയറിൽ പ്രവേശിക്കാനുദ്ദേശിക്കുന്ന മേഖലകൾക്ക് അനുസൃതമായി വേണം കോഴ്‌സുകൾ തെരഞ്ഞെടുക്കാൻ. 

മെഡിക്കൽ ബിരുദ കോഴ്‌സുകൾ 

ഞാൻ മെഡിക്കൽ പ്രവേശനത്തിനായി ഇത്തവണ നീറ്റ് പരീക്ഷ എഴുതിയിരുന്നു. പക്ഷെ വലിയ പ്രതീക്ഷ ഇല്ല. കേരളത്തിലെ ബി.ഡി.എസ്, അഗ്രിക്കൾച്ചർ, പാരാമെഡിക്കൽ കോഴ്‌സുകളുടെ പ്രവേശന സാധ്യത എന്താണ്?
ഫാത്തിമ നബ പി.എൻ 

നീറ്റ് പരീക്ഷയുടെ റാങ്ക് ലിസ്റ്റ് വന്നതിന് ശേഷം മാത്രമേ പ്രവേശന സാധ്യത പറയാനാവൂ. നീറ്റ് പരീക്ഷാ റാങ്കിന്റെ അടിസ്ഥാനത്തിലാണ്. എം.ബി.ബി.എസ്, ബി.ഡി.എസ് (ഡന്റൽ), ബി.എ.എം.എസ്(ആയുർവേദ), ബി.എച്ച്.എം.എസ്(ഹോമിയോ), ബി.യു.എം.എസ്(യുനാനി), ബി.എസ്.എം.എസ്(സിദ്ധ) എന്നീ മെഡിക്കൽ ബിരുദ കോഴ്‌സുകളിലെ പ്രവേശനം. കൂടാതെ കേരളത്തിലെ മെഡിക്കൽ അലൈഡ് പ്രോഗ്രാമുകളായ ബി.എസ്‌സി (ഹോണേഴ്‌സ്) അഗ്രിക്കൾച്ചർ, ബി.എസ്‌സി(ഹോണേഴ്‌സ്) ഫോറസ്ട്രി, ബി.എസ്‌സി (ഹോണേഴ്‌സ്) കോഓപറേഷൻ ആന്റ് ബാങ്കിംഗ്, ബി.എസ്‌സി  (ഹോണേഴ്‌സ്) ക്ലൈമറ്റ് ചേഞ്ച് ആന്റ് എൻവയോൺമെൻറൽ സയൻസ്, ബി.എസ്‌സി (ഹോണേഴ്‌സ്), കോഓപറേഷൻ ആന്റ് ബാങ്കിംഗ്, കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള ബിടെക് ബയോ ടെക്‌നോളജി, ബാച്ചിലർ ഇൻ വെറ്ററിനറി സയൻസ് ആന്റ് ആനിമൽ ഹസ്ബൻഡറി, ബാച്ചിലർ ഇൻ ഫിഷറീസ് എന്നിവയുടെ പ്രവേശനത്തിനും നീറ്റ് ഒരു പ്രധാന മാനദണ്ഡമാണ്. എന്നാൽ ബി.എസ്‌സി (ഹോണേഴ്‌സ്)അഗ്രിക്കൾച്ചർ, ബാച്ചിലർ ഇൻ ഫിഷറീസ് സയൻസ് എന്നിവയുടെ പ്രവേശനത്തിന് കഇഅഞ പ്രവേശന പരീക്ഷ വഴിയും അഡ്മിഷൻ തേടാവുന്നതാണ്.
എന്നാൽ കേരളത്തിലെ പാരാമെഡിക്കൽ കോഴ്‌സുകളിലെ പ്രവേശനത്തിന്  (ബി.ഫാം ഒഴികെ) പ്രത്യേക പ്രവേശന പരീക്ഷ ഇല്ല. പ്ലസ് ടു മാർക്ക് അടിസ്ഥാനത്തിലാണ് പ്രവേശനം. ഇത്തവണത്തെ പ്രവേശനത്തിനായുള്ള അപേക്ഷ സമർപ്പിക്കേണ്ട തിയതി അവസാനിച്ചു. ബി.ഫാം പ്രവേശനത്തിന് KEAM പ്രവേശന പരീക്ഷയായിരുന്നു എഴുതേണ്ടത്.  
കണ്ണൂർ പറശ്ശിനിക്കടവ് എം.വി.ആർ ആയുർവേദ മെഡിക്കൽ കോളേജിലെ ബി.എസ്.സി നഴ്‌സിംഗ് (ആയുർവേദ), ബി.ഫാം (ആയുർവേദ) കോഴ്‌സുകളിലെ പ്രവേശനത്തിന് ഒക്ടോബർ 10 വരെ https://lbscetnre.in/ എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം.
ഇത്തവണ നീറ്റ് പ്രവേശന പരീക്ഷയിൽ താങ്കൾക്ക് നല്ല രീതിയിൽ മികവ് തെളിയിക്കാനായില്ലെങ്കിൽ ചിട്ടയായ രീതിയിൽ കൂടുതൽ പരിശീലനം നേടി അടുത്ത വർഷത്തെ പരീക്ഷ കൂടുതൽ കാര്യക്ഷമമായി അഭിമുഖീകരിക്കുന്നതിനെക്കുറിച്ചും ആലോചിക്കാവുന്നതാണ്.

Latest News