മാനേജറോട് തവക്കല്‍നാ ചോദിച്ചതിന് പിരിച്ചുവിട്ടു; സൗദി യുവാവിന് വീണ്ടും ജോലി, വിദേശിക്കെതിരെ നടപടി

റിയാദ് - മക്ക പ്രവിശ്യയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയിലെ ലെബനോനി മാനേജറോട് 'തവക്കല്‍നാ' ആപ്പിലെ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് പ്രദര്‍ശിപ്പിക്കാന്‍ ആവശ്യപ്പെട്ടതിന് ജോലിയില്‍ നിന്ന് പിരിച്ചുവിടപ്പെട്ട സൗദി യുവാവിന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ഇടപെട്ട് ഇതേ കമ്പനിയില്‍ വീണ്ടും നിയമനം നല്‍കി. രാജ്യത്തെ നിയമം പാലിക്കാന്‍ ശ്രമിച്ചതിന് സൗദി ജീവനക്കാരനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട വിദേശിയായ മാനേജര്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ വക്താവ് സഅദ് ആലുഹമാദ് അറിയിച്ചു.
കമ്പനി ആസ്ഥാനത്ത് റിസപ്ഷനില്‍ ജോലി ചെയ്യുന്ന സൗദി യുവാവ് അബൂസ്വാലിഹ് ലെബനോനി മാനേജറോട് 'തവക്കല്‍നാ' ആപ്പ് പ്രദര്‍ശിപ്പിക്കാന്‍ ആവശ്യപ്പെട്ടതാണ് യുവാവിനെ ജോലിയില്‍ നിന്ന് പിരിച്ചുവിടാന്‍ കാരണം. നിയമാനുസൃത കാരണമില്ലാതെയാണ് തന്നെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതെന്നും രാജ്യത്ത് നിലവിലുള്ള നിയമങ്ങള്‍ പ്രകാരം 'തവക്കല്‍നാ' ആപ്പ് പ്രദര്‍ശിപ്പിക്കാന്‍ വിസമ്മതിച്ച ലെബനോനി മാനേജര്‍ കമ്പനി ആസ്ഥാനത്ത് പ്രവേശിക്കുന്നത് താന്‍ തടഞ്ഞതാണ് പിരിച്ചുവിടലിന് കാരണമെന്നും അബൂസ്വാലിഹ് നേരത്തെ സാമൂഹികമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ മാസം മധ്യത്തിലാണ് സംഭവം.

 

Latest News