സിദ്ദു ഉന്നം തെറ്റിയ മിസൈലെന്ന് അകാലി ദള്‍

ചണ്ഡീഗഢ്- പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷ പദവി രാജിവെച്ച നവജോത് സിങ് സിദ്ദു ലക്ഷ്യസ്ഥാനം അറിയാത്ത ഉന്നം തെറ്റിയ മിസൈലാണെന്ന് പ്രതിപക്ഷമായ ശിരോമണി അകാലി ദള്‍ നേതാവ് സുഖ്ബിര്‍ സിങ് ബാദല്‍. എവിടെ ചെന്നു പതിക്കും, ആരെ കൊല്ലും എന്നറിയാത്ത ഉന്നമില്ലാ മിസൈലാണ് സിദ്ദുവെന്ന് താന്‍ നേരത്തെ തന്നെ പറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനായി അദ്ദേഹം ആദ്യ അമരീന്ദറിനെ തകര്‍ത്തു, പിന്നെ പാര്‍ട്ടിയെ തുടച്ചുനീക്കി. ഇനി പഞ്ചാബിനെ രക്ഷിക്കണമെങ്കില്‍ സിദ്ദു മുംബൈയിലേക്കു പോകണമെന്നും ബാദല്‍ പറഞ്ഞു. 

സിദ്ദു ഏതു തരം വ്യക്തിയാണെന്ന് ഞാന്‍ നേരത്തെ തന്നെ മുന്നറിയിപ്പു നല്‍കിയതാണ്. പഞ്ചാബിലെ ഓരോ കുഞ്ഞിനും ഇതറിയാം. അദ്ദഹമൊരു അഹംഭാവിയാണ്. പഞ്ചാബിനെ രക്ഷിക്കണമെങ്കില്‍ സിദ്ദു സാഹിബ് മുംബൈയിലേക്കു പോകണം- ബാദല്‍ പറഞ്ഞു.

സിദ്ദുവുമായി കലഹിച്ച മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് രാജിവച്ചതിനു ശേഷം സിദ്ദു പിന്തുണയ്ക്കുന്നയാളെ മുഖ്യമന്ത്രി ആക്കിയതോടെ പഞ്ചാബിലെ കോണ്‍ഗ്രസ് പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടു എന്നുകരുതിയ നിമിഷത്തിലാണ് കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി സിദ്ദു സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചത്. രാജി പാര്‍ട്ടി നേതൃത്വം സ്വീകരിച്ചിട്ടില്ലെന്നാണ് റിപോര്‍ട്ട്.
 

Latest News