സൈക്കിളില്‍ കറങ്ങി വിദേശികളെ ആക്രമിച്ചു; സൗദി യുവാവ് അറസ്റ്റില്‍

തബൂക്ക് - സൈക്കിളില്‍ കറങ്ങി രണ്ടു പേരെ ആക്രമിച്ച യുവാവിനെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തതായി തബൂക്ക് പോലീസ് വക്താവ് കേണല്‍ ഖാലിദ് അല്‍ഗുബാന്‍ അറിയിച്ചു. മുപ്പതു വയസു പ്രായമുള്ള സൗദി യുവാവാണ് അറസ്റ്റിലായത്. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതിക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി തബൂക്ക് പോലീസ് വക്താവ് പറഞ്ഞു.
വ്യത്യസ്ത സ്ഥലങ്ങളില്‍ വെച്ച് രണ്ടു വിദേശികളെയാണ് യുവാവ് ആക്രമിച്ചത്. റോഡിലൂടെ നടന്നുപോവുകയായിരുന്ന വിദേശികളെ ആക്രമിച്ച് യുവാവ് സൈക്കിളില്‍ രക്ഷപ്പെടുകയായിരുന്നു. പ്രതിയുടെ ആക്രമണത്തില്‍ വിദേശികള്‍ക്ക് പരിക്കേറ്റു. ഇവരുടെ പരിക്ക് ഗുരുതരമല്ല. ആക്രമണങ്ങള്‍ക്കിരയായവര്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലൂടെ റെക്കോര്‍ഡ് സമയത്തിനകം പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യാന്‍ സുരക്ഷാ വകുപ്പുകള്‍ക്ക് സാധിച്ചു. യുവാവിന്റെ സൈക്കിളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

 

Latest News