VIDEO റിയാദില്‍ കാര്‍ ഡ്രൈവറെ കത്തി കാണിച്ച് പണം കവര്‍ന്നു, പിടിച്ചുപറിക്കിരയായത് വിദേശി

റിയാദ് - തലസ്ഥാന നഗരയിലെ ബത്ഹയില്‍ തിരക്കില്ലാത്ത റോഡില്‍ വെച്ച് കാര്‍ ഡ്രൈവറെ ആക്രമിച്ച് മൂന്നംഗ സംഘം പണം പിടിച്ചുപറിച്ച് രക്ഷപ്പെട്ടു. സ്‌കൂട്ടറിലെത്തിയ മൂന്നംഗ സംഘത്തില്‍ ഒരാളാണ് ആദ്യം കാര്‍ ഡ്രൈവറെ സമീപിച്ച് കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി പണവും വിലപിടിച്ച വസ്തുക്കളും കൈമാറാന്‍ ആവശ്യപ്പെട്ടത്. വൈകാതെ രണ്ടാമനും ഓടിയെത്തി വിദേശിയെ ഭീഷണിപ്പെടുത്തുന്നതിലും ആക്രമിക്കുന്നതിലും പണം പിടിച്ചുപറിക്കുന്നതിലും പങ്കാളിയായി.
ഈ സമയത്ത് മൂന്നാമന്‍ അല്‍പമകലെ സ്‌കൂട്ടറില്‍ കൂട്ടാളികളെ കാത്തുനില്‍ക്കുകയായിരുന്നു. മറ്റേതാനും പേര്‍ പ്രദേശത്തുള്ള സമയത്താണ് സംഘം സ്‌കൂട്ടറില്‍ സ്ഥലത്തെത്തിയത്. മറ്റുള്ളവര്‍ ദൂരേക്ക് മാറിയ തക്കത്തില്‍ സംഘം ഡ്രൈവറെ ആക്രമിച്ചും കത്തി ചൂണ്ടി ഭീഷണിപ്പെടുത്തിയും പണവും വിലപിടിച്ചു വസ്തുക്കളും തട്ടിപ്പറിക്കുകയായിരുന്നു. കൃത്യത്തിനു ശേഷം പ്രതികള്‍ രണ്ടു പേരും അല്‍പമകലെ പ്രദേശം നിരീക്ഷിച്ച് കാത്തുനില്‍ക്കുകയായിരുന്ന കൂട്ടാളിയുടെ സ്‌കൂട്ടറില്‍ കയറി സ്ഥലംവിടുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമീപത്തെ കെട്ടിടത്തില്‍ സ്ഥാപിച്ച സി.സി.ടി.വി ചിത്രീകരിച്ചു. ഈ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇഖാമ, തൊഴില്‍ നിയമ ലംഘകരായ ആഫ്രിക്കക്കാരാണ് ആക്രമണത്തിന് പിന്നിലെന്നാണ് കരുതുന്നതെന്ന് സാമൂഹികമാധ്യമ ഉപയോക്താക്കള്‍ പറഞ്ഞു.

 

 

 

Latest News