Sorry, you need to enable JavaScript to visit this website.

ബഹ്‌റൈനിൽ മൂല്യവർധിത നികുതി ഉയർത്തുന്നു

മനാമ - ബജറ്റ് കമ്മി കുറക്കാനും വരുമാനം വർധിപ്പിക്കാനും ലക്ഷ്യമിട്ട് അടുത്ത വർഷാദ്യം മുതൽ ബഹ്‌റൈനിൽ മൂല്യവർധിത നികുതി അഞ്ചു ശതമാനത്തിൽനിന്ന് പത്തായി ഉയർത്താൻ മന്ത്രിസഭ തീരുമാനിച്ചു. മൂല്യവർധിത നികുതിയിൽ മാറ്റംവരുത്തുന്ന കരടു നിയമം അംഗീകാരത്തിനായി മന്ത്രിസഭ പാർലമെന്റിന് സമർപ്പിച്ചു. സാമ്പത്തിക വളർച്ച നിലനിർത്താനും സർക്കാർ ജീവനക്കാരുടെ വേതനം വെട്ടിക്കുറക്കുന്നത് ഒഴിവാക്കാനും വേണ്ടിയാണ് മൂല്യവർധിത നികുതി ഉയർത്തുന്നതെന്ന് പാർലമെന്റ് വൃത്തങ്ങൾ പറഞ്ഞു. 
വരുമാന സ്രോതസ്സുകൾ വൈവിധ്യവൽക്കരിക്കാൻ ശ്രമിച്ച് വാറ്റ് നടപ്പാക്കിയ നാലു ഗൾഫ് രാജ്യങ്ങളിൽ ഒന്നാണ് ബഹ്‌റൈൻ. എണ്ണ വിലയിടിച്ചിൽ വരുമാനത്തെ പ്രതികൂലമായി ബാധിച്ചതിനെ തുടർന്ന് 2018 ലാണ് അഞ്ചു ശതമാനം വാറ്റ് നടപ്പാക്കാൻ ഗൾഫ് സഹകരണ കൗൺസിലിൽ പെട്ട ആറു രാജ്യങ്ങളും ധാരണയിലെത്തിയത്. 2018 ൽ സൗദി അറേബ്യയും യു.എ.ഇയും വാറ്റ് നടപ്പാക്കി. 2019 ആദ്യം മുതൽ ബഹ്‌റൈനും മൂല്യവർധിത നികുതി നടപ്പാക്കി തുടങ്ങി. കഴിഞ്ഞ ഏപ്രിൽ മുതൽ ഒമാനും അഞ്ചു ശതമാനം വാറ്റ് ബാധകമാക്കി. കുവൈത്തും ഖത്തറും ഇതുവരെ മൂല്യവർധിത നികുതി നടപ്പാക്കിയിട്ടില്ല. കൊറോണ മഹാമാരി സാമ്പത്തിക മേഖലയിലുണ്ടാക്കിയ പ്രത്യാഘാതങ്ങളെ തുടർന്ന് കഴിഞ്ഞ വർഷം ജൂലൈ ഒന്നു മുതൽ സൗദി അറേബ്യ മൂല്യവർധിത നികുതി അഞ്ചിൽ നിന്ന് പതിനഞ്ചു ശതമാനമായി ഉയർത്തിയിരുന്നു.
 

Latest News