Sorry, you need to enable JavaScript to visit this website.

മഹാമേളക്കൊരുങ്ങി ദുബായ്, നാലാം നാള്‍ തിരിതെളിയും

ദുബായ്- കോവിഡില്‍ സ്തംഭിച്ച ലോകത്തിന് ഉണര്‍വേകി, ദുബായില്‍ ഹാമേളക്ക് തിരിതെളിയാന്‍ നാലുനാള്‍ മാത്രം. ഒക്ടോബര്‍ ഒന്നിന് ഔദ്യോഗികമായി എക്‌സ്പോ 2020 ലോകത്തിനു മുന്നില്‍ തുറക്കപ്പെടും. ഉദ്ഘാടനമെത്തുംമുമ്പെ ജനത്തിരക്ക് ആരംഭിച്ചു.

പ്രത്യേക ക്ഷണിതാക്കളായി എത്തുന്നവരുടെ നീണ്ട നിരയാണ് വേദിയുടെ പ്രധാന ഗേറ്റിന് മുന്‍വശത്ത്. യു.എ.ഇയിലെ ബിസിനസുകാര്‍, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ എന്നിവരാണ് ഇപ്പോള്‍ അധികവും വേദി കാണാനെത്തുന്നത്. യു.എ.ഇയില്‍ ചൂടിന് അല്പം ശമനമായതോടെ പ്രത്യേക വണ്‍ഡേ പാസിലൂടെയും മറ്റും മേളയുടെ മനോഹാരികത ആസ്വദിക്കാന്‍ ഏറെപ്പേരെത്തുന്നുണ്ട്.
പ്രത്യേക പാര്‍ക്കിങ്ങില്‍ വാഹനം നിര്‍ത്തി പ്രധാന ഗേറ്റിലേക്ക് ബസില്‍ പോകാനുള്ള സൗകര്യമാണ് കൂടുതല്‍ പേരും പ്രയോജനപ്പെടുത്തുന്നത്. പ്രധാന ഗേറ്റിന് മുന്‍ഭാഗത്ത് എല്‍.ഇ.ഡി ലൈറ്റുകളുടെ വെട്ടത്തില്‍ ഫോട്ടോയെടുക്കാനും  മഹാമേളയുടെ കൗതുകങ്ങള്‍ ആസ്വദിക്കാനും വരുംദിവസങ്ങളില്‍ തിരക്കേറും.

എക്‌സ്പോ 2020 വേദിയില്‍ സന്ദര്‍ശകര്‍ക്ക് അഞ്ചുവരിയുള്ള ഡ്രൈവ് ത്രൂ കോവിഡ് പരിശോധനാ സൗകര്യം ഏര്‍പ്പെടുത്തി. എക്‌സ്പോ സന്ദര്‍ശകര്‍ക്ക് കോവിഡ് പരിശോധനാഫലം നിര്‍ബന്ധമാക്കിയതിനാലാണ് അധികൃതര്‍ ഡ്രൈവ് ത്രൂ സൗകര്യം കൂട്ടിയത്. പ്രതിദിനം 10,000 പരിശോധനകള്‍ നടത്താന്‍ കഴിയുന്ന കേന്ദ്രത്തില്‍ നാലുമണിക്കൂറിനകം ഫലവും ലഭിക്കും.

 

Latest News