അബുദാബി - കേരള ഹയര്‍ സെക്കന്‍ഡറി പ്ലസ് വണ്‍ പരീക്ഷ നാളെ മുതല്‍ ഗള്‍ഫിലെ പരീക്ഷാകേന്ദ്രങ്ങളിലും നടക്കും. ഇതിനായി ഒരുക്കങ്ങള്‍ വിവിധ സ്‌കൂളുകളില്‍ പൂര്‍ത്തിയായി.
യു.എ.ഇയില്‍ 8 കേന്ദ്രങ്ങളിലായി 495 വിദ്യാര്‍ഥികളാണു പരീക്ഷ എഴുതുന്നത്. മലയാളികള്‍ക്കു പുറമേ മറ്റ് രാജ്യക്കാരും കേരള ബോര്‍ഡ് പരീക്ഷ എഴുതുന്നുണ്ട്.
കേരളത്തില്‍ 24നു തുടങ്ങിയെങ്കിലും സയന്‍സ്, കൊമേഴ്‌സ് സ്ട്രീം മാത്രമുള്ള യു.എ.ഇയിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ നാളെയാണ് പരീക്ഷ ആരംഭിക്കുക.
സെന്റര്‍ മാറി കേരളത്തില്‍നിന്ന് എത്തിയ എട്ട് വിദ്യാര്‍ഥികളും യു.എ.ഇയിലെ വിവിധ സ്‌കൂളുകളില്‍ പരീക്ഷ എഴുതുന്നുണ്ട്. നിലവില്‍ കേരളത്തിലുള്ള ഏഴ് പ്രവാസി വിദ്യാര്‍ഥികള്‍ക്ക് അവിടെയും പരീക്ഷ എഴുതാനും അനുമതി നല്‍കി.
പരീക്ഷയ്ക്ക് അര മണിക്കൂര്‍ മുന്‍പ് ക്ലാസില്‍ എത്തണം. മാസ്‌ക് ധരിക്കുകയും അകലം പാലിക്കുകയും വേണം. മറ്റ് കോവിഡ് നിയന്ത്രണങ്ങളും പരീക്ഷക്ക് ബാധകമാണ്.






