കണ്ണൂർ- കെട്ടിച്ചമച്ച കഥയുമായി തന്നെ വേട്ടയാടുകയാണെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. മോൻസണിന്റെ വീട്ടിൽ പോയിട്ടുണ്ടെന്നും എന്നാൽ എത്ര തവണ പോയിട്ടുണ്ടെന്ന് എണ്ണിയിട്ടില്ലെന്നും സുധാകരൻ കണ്ണൂരിൽ പറഞ്ഞു. അഞ്ചോ ആറോ തവണ പോയിട്ടുണ്ടാകുമെന്നും സുധാകരൻ പറഞ്ഞു. പുരാവസ്തുക്കളുടെ ശേഖരമുണ്ടെന്ന് അവകാശപ്പെട്ട് കോടികളുടെ തട്ടിപ്പ് നടത്തിയ കേസിൽ പിടിയിലായ മോൻസൺ മാവുങ്കലിന് സുധാകരനുമായി ബന്ധമുണ്ടെന്ന ആരോപണത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോൾ ഉയരുന്ന ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും സുധാകരൻ വ്യക്തമാക്കി. മോൻസണെ കണ്ടിട്ടുണ്ടെന്നും സംസാരിച്ചിട്ടുണ്ടെന്നും വീട്ടിൽ പോയിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു. തനിക്കെതിരായ ആരോപണത്തിന് പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസാണ് എന്നാണ് സംശയം. കെ.പി.സി.സി പ്രസിഡന്റായ ശേഷം തന്നെ വേട്ടയാടുകയാണെന്നും ആർക്കും ഇടനില നിന്നിട്ടില്ല. ഡോക്ടർ എന്ന നിലയിൽ ചികിത്സിക്കാനാണ് അയാളുടെ വീട്ടിൽ പോയത്. അന്ന് മോൻസണിനെ പറ്റി ഒരു സംശയവും ഉണ്ടായിരുന്നില്ല. സുധാകരൻ പറഞ്ഞു.