ദോഹ - ഇന്ത്യയില്‍ കോവിഷീല്‍ഡ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കി ഖത്തറില്‍ എത്തുന്നവര്‍ക്ക് 10 ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈനില്‍ ഇളവ് നല്‍കിത്തുടങ്ങി. ഇന്ത്യയില്‍ നിന്നെത്തുന്നവര്‍ക്ക് രണ്ടാം ദിവസം റാപ്പിഡ് ആന്റിബോഡി, പി.സി.ആര്‍ പരിശോധനയില്‍ രോഗമില്ലെന്നു സ്ഥിരീകരിച്ചാല്‍ ക്വാറന്റൈന്‍ അവസാനിപ്പിക്കാന്‍ ഒരാഴ്ചയായി അനുമതി നല്‍കുന്നുണ്ട്.
ക്വാറന്റൈനില്‍ കഴിയാന്‍ മുന്‍കൂറായി അടച്ചതിന്റെ ബാക്കി തുക തിരികെ ലഭിക്കും. ഖത്തറിലേക്കു യാത്ര ചെയ്യുന്നവര്‍ 10 ദിവസത്തെ ക്വാറന്റൈന് ഹോട്ടല്‍ മുറി ബുക്ക് ചെയ്യണമെന്ന് നിര്‍ബന്ധമാണ്. ഇന്ത്യയില്‍ വിതരണം ചെയ്യുന്ന കോവിഷീല്‍ഡ് വാക്സിനു മാത്രമാണ് ഖത്തറില്‍ അംഗീകാരം.