അധ്യാപകരുടെ പരീക്ഷയില്‍ കോപ്പിയടി തടയാന്‍ രാജസ്ഥാനില്‍ 16 ജില്ലകളില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു

ജയ്പൂര്‍- സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് അധ്യാപകരെ തെരഞ്ഞെടുക്കാന്‍ നടത്തുന്ന യോഗ്യതാ പരീക്ഷയില്‍ കോപ്പിയടി തടയുന്നതിന് രാജസ്ഥാന്‍ സര്‍ക്കാര്‍ 16 ജില്ലകളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ്, എസ് എം എസ് സേവനങ്ങള്‍ 12 മണിക്കൂര്‍ തടഞ്ഞു. സര്‍ക്കാര്‍ സ്‌കൂളുകളിലെ 31,000 ഒഴിവുകളിലേക്ക് 16 ലക്ഷത്തോളം പേര്‍ ഞായറാഴ്ച നടക്കുന്ന രാജസ്ഥാന്‍ എലിജിബിലിറ്റി എക്‌സാമിനേഷന്‍ ഫോര്‍ ടീച്ചേഴ്‌സ് (റീറ്റ്) എഴുതും. അജ്‌മേര്‍, ദൗസ, അല്‍വാര്‍, ജയ്പൂര്‍, ജുന്‍ജുനു, ഉദയ്പൂര്‍, ഭിര്‍ല്‍വാര, ബികാനിര്‍, ചിറ്റോര്‍ഗഡ്, ബാര്‍മര്‍, തോങ്ക്, നഗോര്‍, സവായ് മധോപൂര്‍, കോട്ട, ബുണ്ഡി, ജലവാര്‍, സികാര്‍ എന്നീ ജില്ലകളിലാണ് ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കുകയെന്ന് അധികൃതര്‍ അറിയിച്ചു. ആവശ്യമെങ്കില്‍ ഇന്റര്‍നെറ്റ് തടയുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ മറ്റു ജില്ലകളിലെ ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാര്‍ അധികാരം നല്‍കിയിട്ടുണ്ട്. 

33 ജില്ലകളിലെ പരീക്ഷ നടക്കുന്നുണ്ട്. കടുത്ത മത്സരം നടക്കുന്ന ഈ പരീക്ഷ എഴുതാനായി ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികളാണ് പരീക്ഷാ കേന്ദ്രങ്ങളില്‍ കഴിഞ്ഞ ദിവസം തന്നെ എത്തിച്ചേര്‍ന്നത്. റീറ്റ് എഴുതാനെത്തുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍, സ്വകാര്യ ബസുകളില്‍ സൗജന്യ യാത്രാ സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. നോര്‍ത്ത് വെസ്‌റ്റേണ്‍ റെയില്‍വേ 26 പ്രത്യേക ട്രെയ്‌നുകളാണ് എല്ലാ പ്രധാന സ്റ്റേഷനുകളേയും ബന്ധിപ്പിച്ച് ഈ ഉദ്യോഗാര്‍ത്ഥികളുടെ സൗകര്യാര്‍ത്ഥം സര്‍വീസ് നടത്തുന്നത്. രാജസ്ഥാന്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജുക്കേഷന്‍ ആണ് 3993 കേന്ദ്രങ്ങളില്‍ പരീക്ഷ നടത്തുന്നത്.


 

Latest News