യുനൈറ്റഡ് നേഷൻസ്- അഫ്ഗാനിസ്ഥാനെ ഭീകരതയുടെ മണ്ണാക്കാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. യു.എന്നിൽ നടത്തിയ പ്രസംഗത്തിലാണ് മോഡി ഇക്കാര്യം പറഞ്ഞത്. ചില രാജ്യങ്ങൾ ഭീകരവാദത്തെ രാഷ്ട്രീയ ആയുധമാക്കുകയാണ്. ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നവർക്കും ഇത് ഭീഷണിയായി മാറും. അഫ്ഗാനിസ്ഥാനിലെ സ്ഥിതി ചിലർ ഭീകരവാദം പടർത്താൻ മുതലെടുക്കുന്നു. അഫ്ഗാനിസ്ഥാനിലെ സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ള ന്യൂനപക്ഷങ്ങൾക്ക് ലോകത്തിന്റെ സഹായം ആവശ്യമാണ്. ഭീകരവാദത്തിലൂടെ നിഴൽ യുദ്ധം തടയുന്നതിൽ യു.എന്നിന് വീഴ്ച പറ്റിയെന്ന് വിമർശിച്ച മോഡി, കോവിഡിന്റെ ഉത്ഭവം കണ്ടെത്തുന്നതിലും യു.എൻ സംശയത്തിന്റെ നിഴലിലായെന്ന് വിമർശിച്ചു. ഐക്യരാഷ്ട്ര സഭ കൂടുതൽ ശക്തിപ്പെടുത്തണമെന്നും മോഡി ആവശ്യപ്പെട്ടു.
ലോകത്ത് സങ്കുചിത ചിന്തയും തീവ്രവാദവും പടരുകയാണ്. ഇത് നേരിടാൻ ശാസ്ത്ര മൂല്യങ്ങളിൽ അധിഷ്ഠിതമായ പഠനം ആവശ്യമാണ്. ഇന്ത്യ വളരുമ്പോൾ ലോകം വളരുന്നു. ഇന്ത്യ മാറുമ്പോൾ ലോകവും മാറുകയാണെന്നും മോഡി പറഞ്ഞു. ബഹുസ്വരതയാണ് ഇന്ത്യയുടെ ശക്തി. 40 കോടി ജനങ്ങളെ ബാങ്കിംഗ് മേഖലയുമായി ബന്ധിപ്പിച്ചു. ഇന്ത്യ ലോകത്തെ ആദ്യ ഡി.എൻ.എ വാക്സിൻ വികസിപ്പിച്ചു. 12 വയസിനു മുകളിലുള്ള എല്ലാവർക്കും വാക്സിൻ നൽകാനുള്ള ശേഷി ഇന്ത്യ കൈവരിച്ചു. അഫ്ഗാനിസ്ഥാനിൽ ആത്മാർത്ഥ ഇടപെടലല്ല പാക്കിസ്ഥാൻ നടത്തുന്നതെന്നും മോഡി വ്യക്തമാക്കി.






