അപ്രതീക്ഷിത നേട്ടങ്ങളുടെ ആഹ്ലാദത്തിലാണ് ഐശ്വര്യലക്ഷ്മി. ആരാധനാപാത്രങ്ങളായ രണ്ടു നടന്മാരോടൊപ്പം വേഷമിടാനാവുക. അഭിനയിച്ച രണ്ടു ചിത്രങ്ങളും വിജയിക്കുക. ഡോക്ടറാകാൻ ഇറങ്ങിത്തിരിച്ച ഐശ്വര്യയ്ക്ക് വെള്ളിത്തിരയിലും തിളക്കമുള്ള അഭിനയ മുഹൂർത്തങ്ങൾ സമ്മാനിക്കാനും നിയോഗമുണ്ടായിരുന്നു. അതുകൊണ്ടാണ് ഞെണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ നായികയായ റേച്ചലാകാനും മായാനദിയിൽ ടൊവിനോ തോമസിന്റെ നായികയായ അപർണ്ണയാകാനും സാധിച്ചത്.
ആഷിക് അബുവിന്റെ മായാനദിയിൽ നായകനായ മാത്തൻ അപർണ്ണയെന്ന അപ്പുവിനോട് പറയുന്നുണ്ട്. 'അപ്പൂ നീ ഒരു പോരാളിയാണ്' എന്ന്. അഭിനയത്തിൽ മാത്രമല്ല, ജീവിതത്തിലും ഒരു പോരാളിയുടെ വേഷമായിരുന്നു ഐശ്വര്യയ്ക്ക്. മായാനദിയിൽ ജീവിത പ്രതിസന്ധികൾക്കിടയിൽ ഒരു അഭിനേത്രിയാകാനുള്ള പോരാട്ടമായിരുന്നു നടത്തിയിരുന്നതെങ്കിൽ യഥാർത്ഥ ജീവിതത്തിൽ ഐശ്വര്യയുടെ പോരാട്ടം കുട്ടിക്കാലംതൊട്ടേ മനസ്സിൽ താലോലിച്ചിരുന്ന ഡോക്ടറാവുക എന്ന ലക്ഷ്യത്തിനായിരുന്നു. ആ സ്വപ്നം സാക്ഷാത്കരിച്ചപ്പോഴായിരുന്നു അഭ്രപാളിയിലെ നായികാപദവിയും ഈ അഭിനേത്രിയെ കാത്തിരുന്നത്. ഞണ്ടുകളുടെ നാട്ടിൽനിന്നും മായാനദിയിലെത്തുമ്പോൾ മലയാള സിനിമയുടെ പ്രതീക്ഷയാവുകയാണ് ഐശ്വര്യ.
തിരുവനന്തപുരത്തെ കണ്ണമൂലയിലെ ശ്രീശ്രീയിൽ ഉണ്ണികൃഷ്ണന്റെയും വിമലകുമാരിയുടെയും ഏകമകളാണ് ഐശ്വര്യ. മാതാപിതാക്കൾ സർക്കാർ ഉദ്യോഗസ്ഥർ. സ്‌കൂൾ പഠനം ഹോളി ഏഞ്ചൽസിലായിരുന്നു. തുടർന്ന് എറണാകുളം സേക്രട്ട് ഹാർട്ടിലെത്തി. പ്ലസ് ടുവിനൊപ്പം എൻട്രസ് പരിശീലനവും തുടർന്നു. പരിശ്രമം പാഴായില്ല. എറണാകുളം നോർത്ത് പറവൂരിലെ ശ്രീനാരായണ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ മെഡിസിന് ചേർന്നു. എം.ബി.ബി.എസ് പൂർത്തിയാക്കി അവിടെത്തന്നെ ഇന്റേണിയായി പ്രവർത്തിക്കവേയാണ് അഭിനയലോകം ഈ അനന്തപുരിക്കാരിയെ ക്ഷണിക്കുന്നത്.
ഞണ്ടുകളുടെ നാട്ടിൽ
അഭിനയലോകവുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. സുഹൃത്തായ അഖിൽ ഷെരീഫാണ് നിമിത്തമായത്. ഫോട്ടോഗ്രഫിയിൽ താൽപര്യമുണ്ടായിരുന്ന അഖിൽ കുറേ ഫോട്ടോകളെടുത്തു. അഖിലിന്റെ ഫോട്ടോ ഒരു വനിതാ മാഗസിന്റെ ഫാഷൻ പേജിൽ വന്നു. അതുകണ്ടാണ് പലരും പരസ്യരംഗത്തേയ്ക്ക് ക്ഷണിക്കുന്നത്. തുടക്കം ചെന്നൈയിലെ ഒരു ടെക്‌സ്‌റ്റൈൽസിനു വേണ്ടിയായിരുന്നു. പിന്നീട് ധാത്രി, ജോൺസ് കുട, ചെമ്മണ്ണൂർ, കല്യാൺ സിൽക്‌സ്, ബട്ടർഫ്‌ളൈ തുടങ്ങിയ പരസ്യചിത്രങ്ങൾക്കും മോഡലായി. പരസ്യചിത്രങ്ങൾ കണ്ടാണ് സിനിമയിലേയ്ക്ക് ക്ഷണം വന്നുതുടങ്ങിയത്. എന്നാൽ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചതിനാൽ ആദ്യ ഓഫറുകളൊന്നും സ്വീകരിച്ചില്ല.
അവസാന വർഷ പരീക്ഷാഫലം വന്നതിനുശേഷമാണ് അൽത്താഫിന്റെ ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിലേയ്ക്ക് നായികയെയും ഉപനായികയെയും ആവശ്യമുണ്ടെന്ന പരസ്യം കാണുന്നത്. ഫോട്ടോ അയച്ചുകൊടുത്തു. നേരിട്ടു കണ്ടു സംസാരിച്ചു. ഒഡീഷനും സ്‌ക്രീൻ ടെസ്റ്റും നടത്തി. തിരക്കഥ പറഞ്ഞുതന്നു. അങ്ങനെയാണ് നിവിന്റെ കാമുകിയായ റേച്ചലായി അരങ്ങേറ്റം കുറിക്കുന്നത്.
രണ്ടാമത്തെ ചിത്രമായ മായാനദിയിലേയ്ക്കും ഒഡീഷനിലൂടെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. ആഷിക് അബുവിന്റെ കാസ്റ്റിംഗ് കോൾ കണ്ടാണ് ബന്ധപ്പെട്ടത്. ആഷിക് ചേട്ടനൊപ്പം ഒരു സിനിമ ചെയ്യുക എന്നത് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. രണ്ട് റൗണ്ട് ഒഡീഷനുണ്ടായിരുന്നു. ആദ്യഘട്ടത്തിൽ ആഷിക് സാറും ശ്യാം സാറുമൊന്നുമുണ്ടായിരുന്നില്ല. രണ്ടാമത്തെ ഒഡീഷനിലാണ് ശ്യാം പുഷ്‌കർ, ദിലീഷ് നായർ, ആഷിക് ചേട്ടൻ... എല്ലാവരുമുണ്ടായിരുന്നത്. അവസരം ലഭിക്കുമോ എന്ന് ടെൻഷനുണ്ടായിരുന്നു. എന്നാൽ ഒഡീഷൻ കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോഴാണ് സെലക്ടായ വിവരം അറിയിക്കുന്നത്. ഷൂട്ടിംഗ് കൂടുതലും കൊച്ചിയിൽതന്നെയായിരുന്നു. അതുകൊണ്ട് ഹൗസ് സർജൻസി ക്ലാസ് മുടങ്ങിയില്ല. ഷൂട്ടിങ്ങുള്ളപ്പോൾ ഹോസ്പിറ്റലിൽ പോയിരുന്നില്ല. സമയമെല്ലാം അഡ്ജസ്റ്റ് ചെയ്താണ് ചിത്രീകരണം പൂർത്തിയാക്കിയത്.
ആദ്യ രണ്ടു ചിത്രങ്ങളും യുവതാരങ്ങളോടൊപ്പമാണ് അഭിനയിച്ചത്. തുടക്കത്തിൽ ഇവർക്കെല്ലാം ജാഡയായിരിക്കും എന്നാണ് കരുതിയത്. എന്നാൽ രണ്ടു പേർക്കും ആ ഭാവമൊന്നുമുണ്ടായിരുന്നില്ല. രണ്ടുപേരും നല്ല കൂളാണ്. അഭിനയിക്കുന്നത് ശരിയായില്ലെങ്കിൽ അപ്പോൾ തന്നെ നിവിൻ സഹായിക്കും. ഷൂട്ടിംഗ് സമയത്ത് നിവിന് നല്ല തിരക്കായിരുന്നു. കാരണം ചിത്രത്തിന്റെ നിർമ്മാതാവും കൂടിയായിരുന്നു അദ്ദേഹം. കൂടെ അഭിനയിക്കുന്നവരെ കംഫർട്ട് ആക്കുന്നതിൽ ടൊവിനോയും പ്രത്യേകം ശ്രദ്ധിക്കുമായിരുന്നു. ജോലിയോടും സഹപ്രവർത്തകരോടും ആത്മാർത്ഥമായാണ് ഇരുവരും പെരുമാറിയിരുന്നത്.
ഒരിടവേളയിൽ നിവിൻ പോളിക്കൊപ്പം.
സിനിമയിൽ വേഷമിടുന്നതിൽ അച്ഛനും അമ്മയ്ക്കും വലിയ താല്പര്യമുണ്ടായിരുന്നില്ല. എങ്കിലും ആഗ്രഹത്തിന് തടസ്സം പറഞ്ഞില്ല. പഠനം ഉപേക്ഷിക്കുമോ എന്നായിരുന്നു അവരുടെ പേടി. കൂടാതെ സ്വന്തം സേഫ്ടി എവിടെയായാലും നോക്കുക എന്നതും പ്രധാനമായിരുന്നു. ഇപ്പോൾ അവരും സന്തോഷത്തിലാണ്. പുതിയ ചിത്രങ്ങളൊന്നും കമ്മിറ്റ് ചെയ്തിട്ടില്ല.
അപ്പുവും ഐശ്വര്യയും ചില കാര്യങ്ങളിൽ സാമ്യമുണ്ട്. ഐശ്വര്യ കുറച്ചുകൂടി ഇമോഷണലാണ്. പ്രതിസന്ധിഘട്ടങ്ങളിൽ അപ്പുവിനെപോലെ അതിജീവിക്കുമോ എന്നറിയില്ല. എങ്കിലും അത്തരം ഘട്ടങ്ങളിൽ പതറാതെ പിടിച്ചുനിൽക്കുമെന്നാണ് കരുതുന്നത്. അപ്പുവിനെപ്പോലുള്ള ജീവിതസാഹചര്യങ്ങൾ നേരിടുന്ന നിരവധി പെൺകുട്ടികളുണ്ട്. സിനിമയിൽ വേഷമിടുക എന്ന ലക്ഷ്യത്തിനുവേണ്ടിയല്ല, ജീവിതത്തിൽ തിരിച്ചടികളുണ്ടാകുമ്പോൾ അവയെ നേരിടാനുള്ള കരുത്ത് കാണിക്കുന്ന പെൺകുട്ടികളെ കണ്ടിട്ടുണ്ട്.
ലുലു മാളിൽവെച്ചാണ് മായാനദി ആദ്യം കണ്ടത്. പിന്നീട് ശ്രീധർ തിയേറ്ററിൽ ടീമിനൊപ്പം ഇരുന്നും സിനിമ കണ്ടു. നല്ലൊരു കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം തോന്നി. രണ്ടാമത്തെ ചിത്രത്തിൽതന്നെ അപ്പുവിനെപ്പോലൊരു ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിഞ്ഞത് ഭാഗ്യമായാണ് കരുതുന്നത്.
സിനിമയിൽ അവസരം ലഭിച്ചെന്നു കരുതി പ്രൊഫഷൻ ഉപേക്ഷിക്കില്ല. ഉന്നതപഠനമാണ് ലക്ഷ്യം. ഡെർമറ്റോളജിയിൽ സ്‌പെഷ്യലൈസ് ചെയ്യണം. ഇതിനിടയിൽ നല്ല വേഷങ്ങൾ ലഭിച്ചാൽ സിനിമയിലും വേഷമിടും. അഭിനയിക്കുന്ന കഥാപാത്രങ്ങൾ മനസ്സിൽ തങ്ങിനിൽക്കുന്നതായിരിക്കണം.
കുട്ടിക്കാലംതൊട്ടേ സിനിമ ഇഷ്ടമായിരുന്നെങ്കിലും ഒരു നായികയായി മാറുമെന്ന് സ്വപ്നത്തിൽപോലും കരുതിയതല്ല. സിനിമ എന്നെ സ്വീകരിച്ചപ്പോൾ ഞങ്ങൾ തമ്മിൽ പ്രണയത്തിലായെന്ന് ഐശ്വര്യ പറയുന്നു.