ലിയണൽ മെസ്സിയുടെ പരിശീലന രീതികളിലേക്കും വ്യക്തിത്വത്തിലേക്കും വെളിച്ചം വീശി ബാഴ്‌സലോണ കോച്ച് റോണൾഡ് കൂമന്റെ അഭിമുഖം. നെതർലാന്റ്‌സിലെ വോട്‌ബോൾ ഇന്റർനാഷനൽ മാഗസിനാണ് ഡച്ചുകാരൻ അഭിമുഖം നൽകിയിരിക്കുന്നത്.
ഗ്രൗണ്ടിലെ ഏകാധിപതി
ഗ്രൗണ്ടിൽ സ്വേഛാധിപതിയാണ് മെസ്സി. തനിക്കും സഹതാരങ്ങൾക്കും മെസ്സി നിശ്ചയിച്ച മാനദണ്ഡം അങ്ങേയറ്റം ഉയരെയാണ്. അതിനാലാണ് ഏറ്റവും മികച്ച കളിക്കാരനായി വളരാൻ മെസ്സിക്കു സാധിച്ചത്. അത്രക്കും പിഴവറ്റതായിരുന്നു മെസ്സിയുടെ പരിശീലനം.
ശരിയാണ്, മികച്ച കളിക്കാർ മെസ്സിയുടെ കൂടെയുണ്ടായിരുന്നു. പക്ഷെ മെസ്സിയാണ് നിർണായക ഘടകം. മെസ്സിയുണ്ടെങ്കിൽ മറ്റുള്ളവരെല്ലാം പതിവിലും മികച്ചതായി തോന്നും. ബാഴ്‌സലോണയിലേക്ക് വരും മുമ്പെ മെസ്സിയെന്ന കളിക്കാരനെക്കുറിച്ച് ബോധ്യമുണ്ടായിരുന്നു. എന്നാൽ അടുത്തുനിന്ന് വീക്ഷിച്ചത് വലിയ അനുഭവമായിരുന്നു. സാഹചര്യങ്ങൾ മനസ്സിലാക്കുക, സമ്മർദ്ദത്തിനിടെ പന്തിന്റെ നിയന്ത്രണം നിലനിർത്തുക, ബോൾ സ്പീഡ്, ഫിനിഷിംഗ് തുടങ്ങി ഒരു കളിക്കാരനെ പഠിപ്പിക്കേണ്ടതിലെല്ലം മെസ്സിയുടെ ശ്രദ്ധ നൂറ് ശതമാനമായിരുന്നു. ഒരു വിട്ടുവീഴ്ചയുമില്ല.
പരിശീലനത്തിനിടെ ഞങ്ങൾ ചില കളികൾ കളിക്കുമായിരുന്നു. അപ്പോൾ പോലും സഹതാരങ്ങൾ തമാശ കളിക്കുന്നത് മെസ്സിക്ക് ഇഷ്ടമല്ല. എല്ലാം പൂർണ ഗൗരവത്തിലായിരുന്നു. എല്ലാ കളികളും ജയിക്കണമായിരുന്നു. എന്നെങ്കിലും ഈ പരിശീലനക്കളികളിൽ തോറ്റിട്ടുണ്ടോയെന്ന് ഒരിക്കൽ മെസ്സിയോട് ചോദിച്ചു. ഒരിക്കൽ തോറ്റിട്ടുണ്ട് എന്നായിരുന്നു മറുപടി. രണ്ടു പതിറ്റാണ്ടിനിടയിലെ കാര്യമാണ് പറഞ്ഞത്. മെസ്സിയുള്ളപ്പോൾ സീനിയർ കളിക്കാർ ജൂനിയർ താരങ്ങളോട് തോറ്റതായി കണ്ടിട്ടില്ല. ഒരിക്കൽ തോറ്റപ്പോൾ മെസ്സി രോഷാകുലനായി. ഒരാഴ്ച ആ ദേഷ്യം നീണ്ടു നിന്നു.
മെസ്സിക്കു ശേഷം
മെസ്സി ക്ലബ് വിട്ടപ്പോൾ മുതൽ അസാന്നിധ്യം പ്രകടമാണെന്ന് കോച്ച് പറയുന്നു. അൻസു ഫാതിയെ പോലുള്ള യുവ കളിക്കാർ പിന്നീട് അതേ ഗൗരവത്തോടെ പരിശീലനം നടത്തുന്നതു കണ്ടിട്ടില്ല. പരിശീലന സമയത്ത് ചെറിയ പോസ്റ്റ് വെച്ച് ഞങ്ങൾ കളിക്കാറുണ്ട്. ഈയിടെ ഫാതി മൂന്നു മീറ്റർ പുറത്തേക്ക് പന്തടിക്കുന്നതു കണ്ടു. ഏകാഗ്രതയുടെ കുറവാണ് അത്. മെസ്സിയുണ്ടെങ്കിൽ ഇത്ര ലാഘവത്തോടെ യുവ താരങ്ങൾ പരിശീലനത്തെ കാണില്ല.
കോച്ചായി ചുമതലയേറ്റയുടനെ മെസ്സിയുടെ വീട്ടിലെത്തി ഞാൻ സംസാരിച്ചിരുന്നു. എത്രമാത്രമാണ് ഫുട്‌ബോളിൽ മെസ്സിയുടെ താൽപര്യമെന്നും എത്രമാത്രമാണ് ഓരോ കാര്യത്തിലും പങ്കാളിത്തമെന്നുമുള്ള വസ്തുത അദ്ഭുതപ്പെടുത്തി.
ഇതുപോലെ ബുദ്ധികൂർമതയുള്ള ഫുട്‌ബോളറായി ഞാൻ കണ്ടത് യോഹാൻ ക്രയ്ഫിനെയാണ്. എന്റെ അസിസ്റ്റന്റ് ആൽഫ്രഡ് ഷ്‌റൂഡർ ചില വ്യായാമങ്ങൽ ഇംഗ്ലിഷിൽ വിവരിക്കും. മെസ്സിക്ക് ഇംഗ്ലിഷ് അത്ര വശമല്ല. പക്ഷെ സെക്കന്റുകൾക്കകം എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മെസ്സി മനസ്സിലാക്കിയെടുക്കും.
യുവതാരങ്ങളിൽ പ്രതീക്ഷ
കഴിഞ്ഞ സീസണിൽ 50 ഗോളാണ് മെസ്സി സംഭാവന ചെയ്തത്. 30 ഗോളടിച്ചു, ഇരുപതെണ്ണത്തിന് വഴിയൊരുക്കി. മെസ്സി നിരവധി ട്രോഫികൾ നേടിയിട്ടുണ്ട്. എന്നാൽ കഴിഞ്ഞ സീസണിലെ കോപ ഡെൽറേ കിരീടം മെസ്സിക്ക് വലിയ സന്തോഷം നൽകി. യുവ താരങ്ങളാണ് അത് നേടിയതെന്നത് ആഹ്ലാദമുണ്ടാക്കി. അവരിൽ ബാഴ്‌സലോണയുടെ ഭാവി കണ്ടു. ഇപ്പോൾ മെസ്സി കൂടെ ഇല്ലെന്നത് വലിയ സങ്കടം തന്നെ -കൂമൻ വിശദീകരിച്ചു.