അമേരിക്കൻ ബിസിനസ്, ഫിനാൻസ് മാഗസിൻ ഫോബ്‌സ് വീണ്ടും പണക്കിലുക്കത്തിന്റെ കണക്കുമായി വന്നിരിക്കുകയാണ്. ലോക ഫുട്‌ബോളിലെ പണക്കൊയ്ത്തുകാരുടെ പത്തംഗ പട്ടികയാണ് ഫോബ്‌സ് പുറത്തുവിട്ടിരിക്കുന്നത്. ഏറ്റവുമധികം പ്രതിഫലം പറ്റുന്നവരുടെ പുതിയ പട്ടികയിൽ കാര്യമായ മാറ്റമുണ്ട്. ലിയണൽ മെസ്സിയെ മറികടന്ന് ക്രിസ്റ്റ്യാനൊ റൊണാൾഡൊ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നു. മറ്റൊരു വസ്തുത കൂടി അത് തെളിയിക്കുന്നു. കോവിഡ് മഹാമാരിയൊന്നും മുൻനിര കളിക്കാരുടെ പ്രതിഫലത്തുകയെ ബാധിച്ചിട്ടില്ല. പത്ത് മുൻനിര താരങ്ങൾക്ക് കഴിഞ്ഞ വർഷം ആകെ കിട്ടിയത് 57 കോടി ഡോളറാണെങ്കിൽ, ഈ വർഷം അത് 58.5 കോടി ഡോളറാണ്.
പട്ടികയിലെ ആദ്യ രണ്ടു സ്ഥാനക്കാരെക്കുറിച്ച് ആർക്കും സംശയമുണ്ടാവില്ല. എന്നാൽ റൊണാൾഡൊ ഒന്നാം സ്ഥാനം വീണ്ടെടുത്തുവെന്നതാണ് വാർത്ത. ബാഴ്‌സലോണയുമായുള്ള 21 വർഷത്തെ ബന്ധം വിഛേദിച്ച് പി.എസ്.ജിയിലേക്കു കൂടുമാറിയ മെസ്സിക്ക് പ്രതിഫലത്തുകയിലും കുറവുണ്ടായി. റൊണാൾഡോയും വൈകാരികമായ ട്രാൻസ്ഫറിലൂടെ 12 വർഷത്തിനു ശേഷം പഴയ തട്ടകമായ മാഞ്ചസ്റ്റർ യുനൈറ്റഡിൽ തിരിച്ചെത്തി.
ക്ലബ്ബുകളുമായും ഏജന്റുമാരുമായും ബ്രാന്റ് സ്‌പോൺസർമാരുമായൊക്കെ സംസാരിച്ചാണ് ഫോബ്‌സ് ഈ പട്ടിക തയാറാക്കിയത്. ക്ലബ്ബുകൾക്ക് കിട്ടുന്ന ട്രാൻസ്ഫർ തുക ഇതിനായി കണക്കിലെടുത്തിട്ടില്ല. 2021-22 സീസണിലെ കളിക്കാരുടെ പ്രതിഫലത്തുകയാണ് ആധാരം. ബോണസ്, പരസ്യങ്ങളിൽ നിന്നുള്ള വരുമാനം എന്നിവയും പരിഗണിച്ചിട്ടുണ്ട്.
1. ക്രിസ്റ്റ്യാനൊ റൊണാൾഡൊ
(മാഞ്ചസ്റ്റർ യുനൈറ്റഡ്)
പ്രായം 36, മൊത്തം
പ്രതിഫലം: 12.5 കോടി ഡോളർ (920 കോടി രൂപ)
കളിക്കളത്തിലെന്ന പോലെ പ്രതിഫലത്തുകയിലും റൊണാൾഡൊ ക്ഷീണത്തിന്റെ യാതൊരു ലാഞ്ഛനയും കാണിക്കുന്നില്ല. ഫെയ്‌സ്ബുക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ ആരാധകരുടെ കണക്കിലെങ്കിലും ലോകത്തിലെ ഏറ്റവും ജനപ്രിയ കായിക താരമാണ് റൊണാൾഡൊ. 500 കോടിയിലേറെ സോഷ്യൽ മീഡിയ ബറ്റാലിയനുണ്ട് റൊണാൾഡോയുടെ കൂടെ.
യുനൈറ്റഡിൽ ഏഴ് കോടി ഡോളറാണ് റൊണാൾഡോക്ക് പ്രതിഫലം ലഭിക്കുക. നൈക്കി, ഹെർബ് ലൈഫ്, ക്ലിയർ ഷാംപൂ പരസ്യങ്ങൾ, അടിവസ്ത്രം മുതൽ ഹോട്ടൽ വരെയുള്ള സി.ആർ7 ബ്രാന്റ് പ്രൊഡക്ടുകൾ എന്നിവയിലൂടെയാണ് മറ്റു വരുമാനം. റൊണാൾഡോയെക്കാൾ പ്രതിഫലം പറ്റുന്ന മൂന്ന് കായിക താരങ്ങളേയുള്ളൂ -റോജർ ഫെദരർ (9 കോടി ഡോളർ), ലെബ്രോൺ ജെയിംസ് (6.5 കോടി ഡോളർ), ടൈഗർ വുഡ്‌സ് (6 കോടി ഡോളർ).
2. ലിയണൽ മെസ്സി
(പി.എസ്.ജി)
പ്രായം 34, മൊത്തം
പ്രതിഫലം: 11 കോടി ഡോളർ (810 കോടി രൂപ)
മാറ്റങ്ങളുടെ കൊടുങ്കാറ്റിന്റെ വർഷമായിരുന്നു മെസ്സിക്ക്. കനത്ത പ്രതിഫലമാണ് പ്രിയപ്പെട്ട ക്ലബ്ബായ ബാഴ്‌സലോണയിൽ മെസ്സിക്ക് ലഭിച്ചിരുന്നത്. ഒടുവിൽ മനമില്ലാ മനസ്സോടെ മെസ്സിക്കും ബാഴ്‌സോലണക്കും വഴിപിരിയേണ്ടി വന്നതും ഈ കനത്ത പ്രതിഫലത്തുക കാരണമാണ്. പ്രതിഫലം വെട്ടിക്കുറച്ചാണ് മെസ്സി പി.എസ്.ജിയിൽ ചേർന്നത്. എന്നിട്ടും ശമ്പളമായി ഏഴരക്കോടി ഡോളർ മെസ്സിക്കു കിട്ടും. അഡിഡാസ്, പെപ്‌സി തുടങ്ങിയ പരസ്യങ്ങളിൽ നിന്നാണ് അവശേഷിച്ച മൂന്നരക്കോടി ഡോളർ ലഭിക്കുക.
3. നെയ്മാർ
(പി.എസ്.ജി)
പ്രായം 29, മൊത്തം പ്രതിഫലം: 9.5 കോടി ഡോളർ (700 കോടി രൂപ)
ഒരിക്കൽകൂടി മൂന്നാം സ്ഥാനത്താണ് നെയ്മാർ. ഈ വർഷമാദ്യം പി.എസ്.ജിയുമായുള്ള കരാർ നാലു വർഷത്തേക്കു കൂടി ദീർഘിപ്പിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ ഏറ്റവും ആരാധകരുള്ള കായികതാരങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് നെയ്മാർ -വിവിധ ചാനലുകളിലും വീഡിയൊ ഷെയറിംഗ് ആപ്പായ ട്രില്ലർ ഉൾപ്പെടെ പ്ലാറ്റ്‌ഫോമുകളിലുമായി 28.4 കോടി ഫോളോവേഴ്‌സുണ്ട്. ട്രില്ലറുമായി കഴിഞ്ഞ നവംബറിൽ എക്‌സ്‌ക്ലൂസിവ് കണ്ടന്റ് കരാർ നെയ്മാർ ഒപ്പിട്ടിരുന്നു.
4. കീലിയൻ എംബാപ്പെ
(പി.എസ്.ജി)
പ്രായം 22, മൊത്തം
പ്രതിഫലം: 4.3 കോടി ഡോളർ
(315 കോടി രൂപ)
ആദ്യ നാലിലെ മൂന്നാമത്തെ പി.എസ്.ജി അംഗം. പട്ടികയിലെത്തുന്ന പ്രായം കുറഞ്ഞ കളിക്കാരൻ. പി.എസ്.ജിയുമായുള്ള കരാറിലെ അവസാന വർഷമാണ് ഇത്. റയൽ മഡ്രീഡിലേക്ക് ചേക്കേറാനുള്ള ഫ്രഞ്ച് താരത്തിന്റെ ശ്രമം വിജയം കണ്ടില്ല. പി.എസ്.ജിയുമായി കരാർ ദീർഘിപ്പിക്കാൻ വിസമ്മതിക്കുകയും ചെയ്തു. 2022-23 ൽ പുതിയ വെല്ലുവിളിക്കായി തയാറെടുക്കുകയാണ്. റയൽ ഉൾപ്പെടെ ക്ലബ്ബുകൾ വൻ തുകയുമായി കാത്തിരിക്കുന്നുണ്ട്. അടുത്ത പട്ടികയിൽ സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം.
5. മുഹമ്മദ് സലാഹ്
(ലിവർപൂൾ)
പ്രായം 29, മൊത്തം
പ്രതിഫലം: 4.1 കോടി ഡോളർ
(300 കോടി രൂപ)
ഇംഗ്ലിഷ് പ്രീമിയർ ലീഗിലെ രണ്ട് പ്രതിനിധികളിലൊരാൾ. കഴിഞ്ഞ വർഷവും അഞ്ചാം സ്ഥാനത്തായിരുന്നു. 2017 ൽ റോമയിൽ നിന്ന് ലിവർപൂളിലെത്തിയതു മുതൽ വിജയങ്ങളിൽ നിന്ന് വിജയങ്ങളിലേക്ക് കുതിക്കുകയാണ് ഈജിപ്തുകാരൻ. എല്ലാ സീസണിലും ഇരുപതിലേറെ ഗോളടിച്ചു. ക്ലബ്ബിന് പ്രീമിയർ ലീഗും ചാമ്പ്യൻസ് ലീഗും നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. വോഡഫോണുമായി ദീർഘകാല കരാറുണ്ട് സലാഹിന്. ഈജിപ്തിലെ ഡിജിറ്റൽ വിദ്യാഭ്യാസ പ്രചാരണത്തിനുള്ള യു.എൻ അംബാസഡർ കൂടിയാണ്.
6.റോബർട് ലെവൻഡോവ്‌സ്‌കി
(ബയേൺ മ്യൂണിക്)
പ്രായം 33, മൊത്തം
പ്രതിഫലം: 3.5 കോടി ഡോളർ
(260 കോടി രൂപ)
പഴകുന്തോറും മധുരമേറുന്ന വീഞ്ഞ് പോലെയാണ് ലെവൻഡോവ്‌സ്‌കി. മുപ്പത് കഴിഞ്ഞ ശേഷമാണ് പോളണ്ടുകാരൻ ഗോൾ റെക്കോർഡുകളുടെ നിരവധി കൊടുമുടികൾ കീഴടക്കിയത്. 2019-20 ൽ ബയേണിന്റെ പ്ലയർ ഓഫ് ദ സീസണായി. 2020 ലും 2021 ലും ജർമൻ ഫുട്‌ബോളർ ഓഫ് ദ ഇയറായി. തുടർച്ചയായ 13 മത്സരങ്ങളിൽ ഗോളടിക്കുന്ന ആദ്യ ജർമൻ ലീഗ് കളിക്കാരനാണ്. കഴിഞ്ഞ 19 മത്സരങ്ങളിലും ലെവൻഡോവ്‌സ്‌കി സ്‌കോർ ചെയ്തിട്ടുണ്ട്. ലെവൻഡോവ്‌സ്‌കിക്ക് ഗോളടിക്കാൻ സാധിക്കാതിരുന്ന ബയേണിന്റെ അവസാന മത്സരം ഫെബ്രുവരിയിലായിരുന്നു.
നിരവധി വ്യവസായശൃംഖലകളുടെ ഉടമ കൂടിയാണ് ലെവൻഡോവ്‌സ്‌കി. ആർ.എൽ9 ക്ലോത്തിംഗ്, കോഫീ ബ്രാൻഡുകളുണ്ട്.
7. ആന്ദ്രെസ് ഇനിയെസ്റ്റ
(വിസെൽ കോബെ)
പ്രായം 37, മൊത്തം
പ്രതിഫലം: 3.5 കോടി ഡോളർ
(260 കോടി രൂപ)
ഏവരെയും അമ്പരപ്പിച്ചാണ് മുൻ ബാഴ്‌സലോണ മിഡ്ഫീൽഡർ ഫോബ്‌സ് പട്ടികയിൽ തിരിച്ചെത്തിയിരിക്കുന്നത്. മേയിൽ ജപ്പാൻ ക്ലബ്ബുമായി രണ്ടു വർഷത്തേക്കു കൂടി കരാർ ദീർഘിപ്പിച്ചതോടെയാണ് ഇത്. ഇനിയെസ്റ്റയുടെ മുപ്പത്തേഴാം ജന്മദിനത്തിലാണ് കരാറിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തിയത്. 2018 ലാണ് ഇനിയെസ്റ്റ ജപ്പാൻ ലീഗിലെത്തിയത്. പുതിയ കരാറനുസരിച്ച് 2023 വരെ ക്ലബ്ബിൽ തുടരും. അപ്പോഴേക്കും നാൽപതാവും. ഫോബ്‌സ് പട്ടികയിലെ ഏക ഏഷ്യൻ ക്ലബ്ബാണ് വിസെൽ കോബെ.
8.പോൾ പോഗ്ബ
(മാഞ്ചസ്റ്റർ യുനൈറ്റഡ്)
പ്രായം 28, മൊത്തം
പ്രതിഫലം: 3.4 കോടി ഡോളർ
(250 കോടി രൂപ)
ഒരു വർഷത്തിനിടെ മൂന്നു സ്ഥാനം പിന്നോട്ടു പോയി. പക്ഷെ പ്രതിഫലത്തുക കുറഞ്ഞിട്ടില്ല. യുനൈറ്റഡിൽ പോഗ്ബയുടെ ഭാവി എന്നും ചോദ്യചിഹ്നമായിരുന്നു. എന്നാൽ ക്രിസ്റ്റിയാനൊ റൊണാൾഡൊ, ജെയ്ദൻ സാഞ്ചൊ, റഫായേൽ വരാൻ തുടങ്ങിയ പ്രമുഖരെത്തിയതോടെ യുനൈറ്റഡുമായുള്ള കരാർ പുതുക്കാനാണ് സാധ്യത.
9. ഗാരെത് ബെയ്ൽ
(റയൽ മഡ്രീഡ്)
പ്രായം 32, മൊത്തം
പ്രതിഫലം: 3.2 കോടി ഡോളർ
(235 കോടി രൂപ)
സിനദിൻ സിദാൻ കോച്ചായ കാലത്ത് റയൽ മഡ്രീഡിൽ റിസർവ് ബെഞ്ചിലായിരുന്നു ബെയ്‌ലിന്റെ സ്ഥാനം. ഒരു സീസൺ ഇംഗ്ലണ്ടിൽ ടോട്ടനത്തിന് കളിച്ചു. ഇപ്പോൾ വീണ്ടും റയൽ മഡ്രീഡിന്റെ ഗുഡ് ബുക്കിൽ സ്ഥാനം പിടിച്ചിരിക്കുകയാണ്. ഒരു കാലത്ത് ഏറ്റവും വിലപിടിപ്പുള്ള കളിക്കാരനായിരുന്നു ബെയ്ൽ. ഈ സീസണിൽ റയലിനു വേണ്ടി മൂന്ന് ലീഗ് മത്സരം കളിച്ചു. രണ്ടു വർഷത്തിനിടയിലാദ്യമായി റയലിനു വേണ്ടി സ്‌കോർ ചെയ്തു.
10. എഡൻ ഹസാഡ്
(റയൽ മഡ്രീഡ്)
പ്രായം 30, മൊത്തം
പ്രതിഫലം: 2.9 കോടി ഡോളർ
(215 കോടി രൂപ)
റയൽ മഡ്രീഡിലെത്തിയതു മുതൽ പരിക്കുകളുമായി പടവെട്ടുന്ന ഹസാഡ് ഈ പട്ടികയിൽ സ്ഥാനം പിടിച്ചത് പലരെയും അമ്പരപ്പിക്കും. കഴിഞ്ഞ രണ്ടു സീസണിലായി 59 മത്സരങ്ങളാണ് ബെൽജിയം പ്ലേമേക്കർക്ക് നഷ്ടപ്പെട്ടത്. 2019 ൽ ചെൽസിയിൽ നിന്നാണ് 10 കോടി യൂറോയുടെ കരാറിൽ ഹസാഡ് സ്പാനിഷ് ലീഗിലേക്ക് വന്നത്. ആകെ കളിച്ചത് 48 മത്സരങ്ങൾ. അടിച്ചത് വെറും അഞ്ച് ഗോളും. കനത്ത പ്രതിഫലം പറ്റുന്ന ഹസാഡിനെ ഒഴിവാക്കാൻ റയൽ ആലോചിച്ചിരുന്നു. 2022-23 ലെ ഫോബ്‌സ് ലിസ്റ്റിൽ ഹസാഡ് ഉണ്ടാവുമോയെന്ന് സംശയം.
പുറത്തായവർ
കഴിഞ്ഞ ഫോബ്‌സ് പട്ടികയിലുണ്ടായിരുന്ന രണ്ടു പേർ പുതിയ ലിസ്റ്റിൽ നിന്ന് പുറത്താണ്. ആന്റോയ്ൻ ഗ്രീസ്മാനും ഡേവിഡ് ഡി ഹായയും. ഗ്രീസ്മാനെ ബാഴ്‌സലോണ അത്‌ലറ്റിക്കൊ മഡ്രീഡിനു തന്നെ തിരിച്ചുനൽകിയിരിക്കുകയാണ്. മാഞ്ചസ്റ്റർ യുനൈറ്റഡ് ഗോളി ഡി ഹായ കഴിഞ്ഞ പട്ടികയിൽ പത്താം സ്ഥാനത്തായിരുന്നു.