കൊച്ചി- മലയാളത്തിന്റെ പ്രിയ എഴുത്തുകാരി കമല സുരയ്യയുടെ ജീവിതം പറയുന്ന മഞ്ജു വാര്യര്‍ നായികയായ ആമി എന്ന സിനിമയുടെ പ്രദര്‍ശനം നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി. റിലീസിനൊരുങ്ങുന്ന കമല്‍ സംവിധാനം ചെയ്ത ഈ സിനിമ ലവ് ജിഹാദിനെ ന്യായീകരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി.
പ്രദര്‍ശനാനുമതി നല്‍കരുതെന്ന് സെന്‍സര്‍ ബോര്‍ഡിനോട് ആവശ്യപ്പെടണമെന്നാണ് ഹരജി. ചിത്രം കമലാദാസ് എന്ന കമലാ സുരയ്യയുടെ ജീവിതം ശരിയായ രീതിയില്‍ തന്നെയാണോ ചിത്രീകരിച്ചിട്ടുള്ളതെന്ന് പരിശോധിക്കാന്‍ സെന്‍സര്‍ ബോര്‍ഡിനോട് നിര്‍ദേശിക്കണമെന്നും ഹൈക്കോടതി അഭിഭാഷകന്‍ കെ.പി.രാമചന്ദ്രന്‍ സമര്‍പ്പിച്ച ഹരജിയില്‍ ആവശ്യപ്പെടുന്നു.
എഴുത്തുകാരിയായ മാധവിക്കുട്ടി ഇസ്ലാം മതം സ്വീകരിച്ച് കമലാ സുരയ്യയായ സംഭവം കേരളത്തിലെ ലവ് ജിഹാദിന്റെ തുടക്കമായിരുന്നെന്ന അസംബന്ധ വാദവും ഹരജിക്കാരന്‍ ഉന്നയിക്കുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. മാധവിക്കുട്ടിയെ മതപരിവര്‍ത്തനം നടത്തിയയാള്‍ക്ക് 10 ലക്ഷം ഡോളര്‍ ലഭിച്ച സംഭവം ചിത്രത്തില്‍നിന്ന് ഒഴിവാക്കിയത് ലവ് ജിഹാദിനെ ന്യായീകരിക്കാനാണെന്നും ഹരജിക്കാരന്‍ ആരോപിക്കുന്നു.