കോട്ടയത്ത് ബി.ജെ.പി നിറവേറ്റിയത് പ്രതിപക്ഷ ധര്‍മമെന്ന് കെ.സുരേന്ദ്രന്‍, എല്‍.ഡി.എഫുമായി ധാരണയില്ല

കോട്ടയം- നഗരസഭയില്‍ എല്‍ഡിഎഫ് അവിശ്വാസത്തെ പിന്തുണച്ചത് പ്രതിപക്ഷ ധര്‍മം നിര്‍വ്വഹിക്കാനാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. നിലവിലെ സംവിധാനം മാറാനായി അവിശ്വാസം വന്ന ഘട്ടത്തില്‍ പ്രതിപക്ഷ ധര്‍മം നിര്‍വ്വഹിക്കുക മാത്രമാണ് ചെയ്തതെന്നും  എല്‍ഡിഎഫും ബിജെപിയും തമ്മില്‍ ധാരണയില്ലെന്നും അദ്ദേഹം പറഞ്ഞു.
മുനിസിപ്പല്‍ ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് ബിജെപിയുടെ തീരുമാനം. എല്‍ഡിഎഫുമായോ യുഡിഎഫുമായോ ബിജെപിക്ക് ധാരണയില്ല. ഏതെങ്കിലും ഒരാളെ ഭരണത്തില്‍ നിലനിര്‍ത്താനോ ആരെയെങ്കിലും രാഷ്ട്രീയമായി താഴിയിറക്കാനോ ബിജെപിക്ക് ബാധ്യതയില്ല. എട്ട് അംഗങ്ങളുള്ള ബിജെപിക്ക് മത്സരിക്കാനുള്ള ക്വാറമുണ്ട്. തങ്ങളെ പിന്തുണക്കേണ്ടവര്‍ക്ക് പിന്തുണക്കാം, എന്നാല്‍ ബിജെപി ആരെയും ഭരണത്തിന് വേണ്ടി പിന്തുണക്കില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കോട്ടയം നഗരസഭയില്‍ ബിജെപി പിന്തുണയോടെ എല്‍ഡിഎഫ് പ്രമേയം പാസായതോടെ നഗരസഭ ഭരണം യുഡിഎഫിന് നഷ്ടമായിരിക്കയാണ്. പ്രമേയത്തിന് അനുകൂലമായി 30 അംഗങ്ങള്‍ വോട്ട് ചെയ്തു. ഒരു അംഗത്തിന്റെ വോട്ട് അസാധുവായി. സിപിഎം സ്വതന്ത്രന്റെ വോട്ടാണ് അസാധുവായത്. 22 യുഡിഎഫ് അംഗങ്ങള്‍ വിട്ടുനിന്നിരുന്നു.

എല്‍ഡിഎഫിന്റെ അവിശ്വാസപ്രമേയത്തെ പിന്തുണയ്ക്കുമെന്ന് ബിജെപി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയായിരുന്നു തിരുമാനം. അംഗങ്ങള്‍ക്ക് ബിജെപി വിപ്പ് നല്‍കിയിരുന്നു.

 

Latest News