ഖത്തറിലെ നൃത്തവേദിയിലെ വേറിട്ട കലാകാരനായ ഡോ. സൂസ ടിമ സൂസൻ, മികച്ച അധ്യാപകൻ, കൊറിയോഗ്രഫർ, പെർഫോർമർ എന്നീ നിലകളിൽശ്രദ്ധേയനാണ്. കഴിഞ്ഞ എട്ട് വർഷത്തോളമായി ഖത്തറിലുള്ള അദ്ദേഹം മികച്ച കലാകാരനും അധ്യാപകനുമായി നൂറുകണക്കിന് വിദ്യാർഥികളെയാണ് പരിശീലിപ്പിച്ചത്. ഖത്തറിലെ ദോഹ മോഡേൺ ഇന്ത്യൻ സ്‌കൂൾ, മാമാങ്കം എന്നിവിടങ്ങളിലെ നൃത്താധ്യാപകനായിരുന്ന സൂസ ടിമ സൂസൻ ഇപ്പോൾ ഡോറെ മിഫ പെർഫോമിംഗ് ആർട്ട് സെന്ററിന്റെ പ്രിൻസിപ്പലാണ്.
കൊല്ലങ്കോട് നീരോടിതുറയിലെ ഏറോണി, മേരി മെറ്റിൽഡ എന്നിവരുടെ മകനായാണ് ജനനം. എന്നാൽ സംസ്‌കൃതവും ക്‌ളാസിക്കൽ നൃത്തവുമൊക്കെ പഠിക്കാനായിരുന്നു നിയോഗം. എട്ടാം ക്‌ളാസിൽ പഠിക്കുമ്പോഴേ തന്നിലെ കലാവാസനകൾ തിരിച്ചറിഞ്ഞ ഫാദർ ലൂയിയാൻ ജോസഫ്, ഫാദർ രാജശേഖരൻ, ഫാദർ സി ജയൻ എന്നിവരാണ് ഏറെ പ്രോൽസാഹങ്ങൾ നൽകിയത്.

അങ്ങനെ തിരുവനന്തപുരം രൂപതയുടെ പിന്തുണയോടെയാണ് നൃത്തകലയിൽ ഉന്നത വിദ്യാഭ്യാസം നേടിയത്. ഭരതനാട്യത്തിലുള്ള താൽപര്യം കണക്കിലെടുത്ത് തമിഴ് തഞ്ചാവൂർ യൂനിവേഴ്‌സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് നേടിയാണ് കലാരംഗത്ത് സജീവമായത്.
രണ്ട് വർഷം മഹാരാഷ്ട്രയിൽ നൃത്താധ്യാപകനായി ജോലി ചെയ്തു. 2009 മുതൽ തിരുവനന്തപുരം മാർത്താണ്ഡം സ്‌കൂളിലെ അധ്യാപകനായിരുന്നു. സ്‌കൂളിന്റെ മാനേജിംഗ് ഡയറക്ടർ ബിന്ദു ശ്രീകുമാറിന്റെ പിന്തുണ സുസയുടെ വളർച്ചയിൽ ഏറെ സഹായിച്ചു.
2014 ലാണ് ഖത്തറിലെത്തിയത്. വളരെ കുറഞ്ഞ കാലം കൊണ്ട് ജനകീയനായ അധ്യാപകനായി സൂസ മാറി. നാലു വർഷത്തോളം ഐ.സി.സി. ഡാൻസ് മത്സരങ്ങളിൽ മിക്ക സമ്മാനങ്ങളും വാരിക്കൂട്ടിയത് സൂസയുടെ വിദ്യാർഥികളായിരുന്നു. നിരവധി അവാർഡുകൾ സൂസ ടിമയെ തേടിയെത്തിയത് സ്വാഭാവികം മാത്രം. 2008 ൽ ഹമാരേ ദേശ് എന്ന പ്രോഗ്രാമിന് ബെസ്റ്റ് കൊറിയോഗ്രഫർ അവാർഡ് നേടിയ അദ്ദേഹം 2017 ൽ അടൂർ ഭാസി ടെലിവിഷൻ അവാർഡും നാടകരാജ കിരന്റെ നൃത്താവിഷ്‌കാരത്തിന് ബെസ്റ്റ് കൊറിയോഗ്രഫർ അവാർഡും നേടി. 2019 ൽ താൻ പഠിച്ച സ്ഥാപനത്തിൽ നിന്നും ബെസ്റ്റ് ഔട്ട്സ്റ്റാന്റിംഗ് സ്റ്റുഡന്റ് അവാർഡ് നേടിയ അദ്ദേഹം റൈസ് ഭാരത മാമിണി അവാർഡും സ്വന്തമാക്കിയിട്ടുണ്ട്.

കലാസ്‌നേഹികളായ എല്ലാവരുമായും ഊഷ്മളമായ സൗഹൃദമാണ് സൂസക്കുള്ളത്. വ്യവസായിയായ മിബു ജോസ് ഖത്തറിലെ തന്റെ കലാപ്രവർത്തനങ്ങൾക്ക് വലിയ പിന്തുണ നൽകിയ കലാസ്‌നേഹിയാണെന്ന് നന്ദിയോടെ ഓർക്കുന്നു. ഭരതനാട്യം, കുച്ചുപ്പുടി, മോഹനിയാട്ടം, സെമി ക്‌ളാസിക്, ഫോക്, കണ്ടംപററി നൃത്തങ്ങളൊക്കെ ഒരുപേലെ വഴങ്ങുന്ന പരിശീലകനായും നർത്തകനായും കലാരംഗത്ത് നിറഞ്ഞുനിൽക്കുന്ന കലാകാരനാണ് സൂസ ടിമ സൂസൻ.
ശൃംഗാർ എന്ന ഹ്രസ്വ ചിത്രത്തിന്റെ കൊറിയോഗ്രഫറായിരുന്ന അദ്ദേഹം ഇന്ത്യ, ഖത്തർ എന്നിവക്ക് പുറമെ സിംഗപ്പൂർ, മലേഷ്യ എന്നീ രാജ്യങ്ങളിലും നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. നിഷയാണ് ഭാര്യ. ആഷ്‌ലി മകനാണ്.






