ജെഫ്രിലാങ് എന്ന പ്രഗൽഭനായ മാത്തമാറ്റിക്‌സ് പ്രൊഫസറെ കുറിച്ചും യിവോൺ റിഡ്‌ലി എന്ന മാധ്യമ പ്രവർത്തകയെ കുറിച്ചും വായിച്ചതോർക്കുകയാണ്. അവനവന്റെ മതമാണുത്തമം എന്ന റിലിജിയോ സെൻട്രിസവും മതപരിവർത്തന വിഷയവുമാെക്കെ കത്തിനിൽക്കുന്ന കേരളത്തിന്റെ പശ്ചാത്തലത്തിൽ മനുഷ്യൻ മതങ്ങളുടെ പേരിൽ മുമ്പെങ്ങുമില്ലാത്ത വിധം ഉന്നത ശീർഷർ പോലും ജുഗുപ്‌സാവഹമായ രീതിയിൽ കലപില കൂട്ടുകയും കലാപങ്ങൾക്ക് വട്ടം കൂട്ടുകയും ചെയ്യുകയാണല്ലോ? ഇങ്ങനെയുള്ള ഒരു കാലത്ത് ഇത്തരത്തിലുള്ള പ്രഗത്ഭരുടെ ജീവിതം വായിക്കുന്നതും അടുത്തറിയുന്നതും ഏറെ ഉപകാരപ്പെടും. അവരൊക്കെ തന്നെ പാശ്ചാത്യൻ സൗകര്യങ്ങളുടെയും നാഗരികതയുടെയും മടിത്തട്ടിലിൽ കളിച്ചു വളർന്നവരും ശാസ്ത്ര സാങ്കേതിക വിദ്യയുടെയും യുക്തി വിചാരത്തിന്റെയും കാര്യത്തിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്നവരെന്ന് പേരെടുത്തവരുമാണ്. എന്നിട്ടും അവർക്കാർക്കും
മനഃസംതൃപ്തി കൈവന്നില്ല. ജീവിതത്തെക്കുറിച്ച് ഗൗരവമായി ആലോചിച്ച അവർക്ക് ആത്മീയമായ അന്വേഷണത്തിന് തൃപ്തികരമായ ഉത്തരങ്ങൾ അവിടെ നിന്നൊന്നും ലഭിച്ചില്ലെന്ന് സാരം. തുടർന്ന് അവരൊക്കെ വിവിധ മതങ്ങളെ അടുത്തറിയാനും മതവിശ്വാസികളെയും മതഗ്രന്ഥങ്ങളെയും പഠന വിധേയമാക്കാനും തുനിഞ്ഞിറങ്ങിയപ്പോഴാണ് അവർക്ക്
കൂടുതൽ സുവ്യക്തമായി ജീവിതത്തിന്റെ പൊരുൾ അറിയാൻ കഴിഞ്ഞതെന്ന് അവരൊക്കെ ഏറ്റു പറഞ്ഞിട്ടുണ്ട്. മതപരിവർത്തനത്തെ കുറിച്ച് പ്രസിദ്ധീകരിക്കപ്പെട്ട പല ഗവേഷണ പഠനങ്ങളും വിരൽ ചൂണ്ടുന്ന യഥാർത്ഥ കാരണങ്ങൾ ഇവരുടെയെല്ലാം ജീവിത കഥകളിൽ ഏറെ തെളിഞ്ഞു കാണാം. അവരുടെ ജീവിതാനുഭവങ്ങൾ യുട്യൂബിൽ നിന്നും മറ്റു ഇന്റർനെറ്റ് സൈറ്റുകളിൽ നിന്നും താൽപര്യമുള്ളവർക്ക് നേരിട്ട് മനസ്സിലാക്കാവുന്നതാണ്.
പ്രത്യേക ജാതിയിലോ മതത്തിലോ പെട്ട മാതാപിതാക്കൾക്ക് ജനിച്ചതുകൊണ്ട് മാത്രം ഒരാൾ ആ മത വിശ്വാസിയാവില്ല. അല്ലെങ്കിൽ പ്രസ്തുത മതത്തിൽ തുടരണമെന്നില്ല. ജന്മം കൊണ്ടാണ് ഒരാൾ മതവിശ്വാസി ആവുന്നത് എന്ന് ഒരു മതവും പറയുന്നില്ല. ചിന്ത, കർമം ധർമം എന്നിവ കൊണ്ട് മാത്രമേ ഒരാൾ യഥാർത്ഥ മതവിശ്വാസി ആവൂ.
ഞാനൊരു ഇസ്‌ലാം മതവിശ്വാസിയാണ്. എന്റെ വായനയുടെയും അന്വേഷണത്തിന്റെയും വിമർശനാത്മക പഠനത്തിന്റെയും അടിസ്ഥാനത്തിൽ പരമാവധി കഴിയാവുന്ന വിധം ആ വിശ്വാസ സംഹിത പിൻപറ്റി ജീവിക്കാൻ ശ്രമിക്കുന്ന ഒരാളെന്ന നിലയിൽ ചില കാര്യങ്ങൾ വിനയപൂർവം ഇത്തരുണത്തിൽ പങ്കുവെക്കട്ടെ .
ഇസ്‌ലാം മതവിശ്വാസികൾ പിൻപറ്റുന്നത് പരിശുദ്ധ ഖുർആനും നബിചര്യയുമാണ്. ആദി മനുഷ്യനായ ആദം ഉൾപ്പെടെ, പ്രവാചകൻമാരായ, നോഹ, അബ്രഹാം, യാക്കോബ് , ജോസഫ്, മോസസ്, ഈസ തുടങ്ങിയ അനവധി ദിവ്യ സന്ദേശ വാഹകരിലെ ഒടുവിലത്തെ ദിവ്യദൂതരാണ് മുഹമ്മദ് നബി. ഇരുപത്തി മൂന്ന് വർഷക്കാലം കൊണ്ട് മുഹമ്മദ് നബിക്ക് വിവിധ സന്ദർഭങ്ങളിൽ ജിബ്രീൽ എന്ന മലക്ക് മുഖേനയാണ് ഖുർആൻ അവതീർണമായത്. മുഴുവൻ മനുഷ്യർക്കുമുള്ള സന്ദേശമാണ് ഖുർആനിന്റെ ഉള്ളടക്കം.
പൂർവ കാലങ്ങളിൽ അവതരിക്കപ്പെട്ട വേദങ്ങളിലെ സത്യസന്ദേശത്തിന്റെ പിന്തുടർച്ചയാണ് ഖുർആൻ. ഇസ്ലാം മതവിശ്വാസികൾ ആ വേദസത്യങ്ങളിൽ കൂടി വിശ്വസിക്കുന്നവരായിരിക്കണം എന്ന് ഖുർആൻ നിഷ്‌കർഷിക്കുന്നുണ്ട്.
പ്രവാചകൻ പറഞ്ഞത്യം പ്രവർത്തിച്ചതും അനുവാദം നൽകിയതുമായ കാര്യങ്ങളാണ് നബിചര്യ. അവ ഹദീസുകളെന്നറിയപ്പെടുന്നു. നബിചര്യയുമായി ബന്ധപ്പെട്ട പ്രസിദ്ധമായ ഒരു വചനം ഇങ്ങനെയാണ് : നിയ്യത്ത് (ഉദ്ദേശ്യം) അനുസരിച്ച് മാത്രമാണ് കർമങ്ങൾ പരിഗണിക്കപ്പെടുക. ഓരോ വ്യക്തിക്കും അവനവന്റെ നിയ്യത്ത് അനുസരിച്ച് ലഭിക്കും. വല്ലവനും അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കും പലായനം ചെയ്യുന്നുവെങ്കിൽ അവന്റെ പലായനം അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കും ആയിരിക്കും. പ്രത്യുത, വല്ലവന്റേയും പലായനം ഐഹിക നേട്ടങ്ങൾക്ക് വേണ്ടിയോ ഒരു സ്ത്രീയെ വിവാഹം ചെയ്യാൻ വേണ്ടിയോ ആണെങ്കിൽ അയാൾക്ക് അത് മാത്രമായിരിക്കും ലഭിക്കുക.' അടുത്ത കാലത്തായി ലൗവ് ജിഹാദ് എന്ന പേരിൽ മുസ്‌ലിംകളിൽ ആരോപിക്കപ്പെടുന്ന - പ്രേമിച്ച് വിവാഹം കഴിച്ച് മറ്റ് മതസ്ഥരെ ആസൂത്രിതവും സംഘടിതവുമായി ഇസ്‌ലാമിലേക്ക് തട്ടിക്കൊണ്ട് പോവുന്നെന്ന് കൊട്ടിഘോഷിച്ച് വിവിധ മതസ്ഥർക്കിടയിൽ ആശങ്കയ്ക്കിട നൽകുന്ന പരിപാടി ഇസ്‌ലാം അംഗീകരിക്കുന്നില്ല. കൂടാതെ മതം കർശനമായി നിഷിദ്ധമാക്കിയ മയക്കുമരുന്നോ ലഹരിയോ അല്ലെങ്കിൽ ചില തൽപര കക്ഷികൾ ആരോപിക്കുന്ന കൈവിഷമോ നൽകി മതം മാറ്റിയെടുക്കാനും ഇസ്‌ലാം അനുവദിക്കുന്നില്ല. നിർബന്ധിത മത പരിവർത്തനമേ ഇസ്ലാം അംഗീകരിക്കുന്നില്ല. എന്നാൽ ബുദ്ധിയും വിവേകവുമുള്ളവരോട് മനുഷ്യ ജീവിതത്തെ കുറിച്ചും പ്രകൃതി പ്രതിഭാസങ്ങളെ കുറിച്ചും ഗൗരവമായി ചിന്തിക്കാനും ജനനം, മരണം മരണാന്തര ജീവിതം, ദൈവം, മനുഷ്യർ, ആരാധനാ രീതികൾ, ആചാരങ്ങൾ, തുടങ്ങിയവയെ കുറിച്ച് ഖുർആനിന്റെയും ഹദീസിന്റെയും അടിസ്ഥാനത്തിൽ ബോധ്യപ്പെട്ട കാര്യങ്ങൾ പങ്കുവെക്കാനും ഇസ്ലാം അനുശാസിക്കുന്നു. ലോകാരംഭം മുതൽ പ്രവാചകൻമാരിലൂടെ മനുഷ്യരോട് കൽപിക്കപ്പെട്ട സകലരുടേയും സൃഷ്ടാവും സംരക്ഷകനും വിധാതാവുമായ ദൈവത്തെ (അറബി ഭാഷയിൽ അല്ലാഹു) മാത്രം ആരാധിക്കാനും അവനോട് മാത്രം പ്രാർത്ഥിക്കാനും സൃഷ്ടികളെയും പ്രപഞ്ച പ്രതിഭാസങ്ങളെയും ആരാധിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാനും കൽപിക്കുന്നതോടൊപ്പം ആ കാര്യം മറ്റുള്ളവരെ ഉണർത്തുകയും ഉപദേശിക്കുകയും ചെയ്യണമെന്ന് ഇസ്‌ലാം നിർദേശിക്കുന്നു. അത് പോലും ഏറെ മാന്യമായും ആദരവോടെയായിരിക്കണമെന്നും ഇസ്‌ലാം കൽപിക്കുന്നു. അന്യമതസ്ഥരെ നിന്ദിക്കാനോ , അവരുടെ ആരാധ്യ വസ്തുക്കളെ അപഹസിക്കാനോ അവരുടെ ആചാരങ്ങളെ പരിഹസിക്കാനോ ഇസ്‌ലാം അനുവദിക്കുന്നില്ല. പണ്ഡിതനാവട്ടെ, പാമരനാവട്ടെ ആരെങ്കിലും മതത്തിന്റെ കാവലാളെന്ന ആവേശത്തിമിർപ്പിൽ മോശമായ ശൈലി ഉപയോഗിച്ചാൽ അയാൾ പ്രവാചക ചര്യക്കും ഖുർആന്റെ നിർദേശങ്ങൾക്കും എതിര് പ്രവർത്തിക്കുന്ന ആളായി മാറുമെന്ന കാര്യം വിസ്മരിക്കരുത്. സന്ദർഭത്തിൽ നിന്നടർത്തിയെടുത്ത് വേദത്തെ ദുർവ്യാഖ്യാനം ചെയ്യുകയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും അപഹസിക്കുകയും ചെയ്യുന്ന അജ്ഞരും കുബുദ്ധികളും സ്ഥാപിത താൽപര്യക്കാരും തൊടുത്തുവിടുന്ന പ്രലോഭനങ്ങളിലും പ്രകോപനങ്ങളിലും അകപ്പെട്ട് അമാന്യമായ ഭാഷയും ശൈലിയും യാതൊരു കാരണ വശാലും ഉപയോഗിച്ചുകൂടാ. സോഷ്യൽ മീഡിയ ആയാലും മുദ്രാവാക്യങളായാലും ശരി മാന്യമായ രീതിയിൽ മാത്രമേ പ്രതികരിക്കാവൂ.
മറ്റുള്ളവരുടെ ആരോപണങ്ങളോടും പരിഹാസങ്ങളോടും വാദപ്രതിവാദങ്ങളോടും പ്രചാരണങ്ങളോടും പീഡനങ്ങളോടും പ്രവാചകൻ സ്വീകരിച്ച മാതൃക പഠന വിധേയമാക്കുന്നവർക്ക് പുതിയ സാഹചര്യത്തിലും നിരവധി പഠിക്കാനുണ്ടെന്നർത്ഥം.






