കോവിഡ് മരണം; മൂടിവെച്ച കണക്ക് സര്‍ക്കാര്‍ പുറത്തുവിടണം-യു.ഡി.എഫ്

തിരുവനന്തപുരം- സംസ്ഥാന സര്‍ക്കാര്‍ മൂടിവെച്ച കോവിഡ് മരണം സംബന്ധിച്ച കണക്കുകള്‍ പുറത്തു വിടണമെന്ന്  പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു. യഥാര്‍ഥ കണക്ക് പുറത്തുവിടുന്നില്ലെങ്കില്‍ പ്രക്ഷോഭം ആരംഭിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. യുഡിഎഫ് നേതൃ യോഗത്തിന് ശേഷം വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് കേന്ദ്രം നല്‍കുന്ന 50,000 രൂപയുടെ ധനസഹായം അപര്യാപ്തമാണ്. ധനസഹായം അഞ്ച് ലക്ഷം മുതല്‍ 10 ലക്ഷം വരെ ആക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു..
കെ റെയില്‍-സില്‍വര്‍ ലൈന്‍ പദ്ധതി അശാസ്ത്രീയമായതിനാല്‍  പദ്ധതിയെ എതിര്‍ക്കാനാണ് യുഡിഎഫ് തീരുമാനം. പദ്ധതിക്ക് വലിയ തോതില്‍ ഭൂമി ഏറ്റെടുക്കേണ്ടി വരും. 20,000 കുടുംബങ്ങളെ ഒഴിപ്പിക്കേണ്ടി വരും. 50,000 കച്ചവട സ്ഥാപനങ്ങള്‍ പൊളിക്കേണ്ടി വരും. 145 ഏക്കര്‍ വയല്‍ നികത്തേണ്ടി വരും. ആയിരത്തിലധികം മേല്‍പാലങ്ങളോ അടിപ്പാതകളോ നിര്‍മ്മിക്കേണ്ടിവരും.

നേരത്തെ കേന്ദ്ര സര്‍ക്കാര്‍ അനുമതി  നല്‍കിയത് സറ്റാന്‍ഡ് എലോണ്‍ എലവേറ്റഡ് റെയില്‍വേ കോറിഡോറിനാണ്. പദ്ധതി കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ സ്‌ക്രീനിംഗ് കമ്മിറ്റി 2018ല്‍ പരിശോധിച്ച് അനുമതി നിഷേധിച്ചതാണ്. കേന്ദ്ര അനുമതി ഇതുവരെ ലഭിച്ചിട്ടില്ല. അനുമതി ലഭിക്കാതെ പാരിസ്ഥിതിക, സാമൂഹിക ആഘാതം പഠിക്കാതെ എങ്ങനെയാണ് സ്ഥലമേറ്റെടുപ്പ് പരിപാടിയുമായി സര്‍ക്കാര്‍ മുന്നോട്ട്‌പോകുന്നതെന്ന് വിഡി സതീശന്‍ ചോദിച്ചു.
വിവിധ സംഘടനകള്‍ ദേശീയ തലത്തില്‍ ഈ മാസം 27 ന് പ്രഖ്യാപിച്ചിരിക്കുന്ന ഭാരത് ബന്ദിന് യുഡിഎഫ് പിന്തുണ പ്രഖ്യാപിച്ചു.

 

Latest News