പുരുലിയ- ബംഗാളില്‍ മൂന്നര വയസ്സുകാരിയെ സ്വകാര്യ ഭാഗത്ത് നാലിഞ്ച് നീളമുള്ള ഏഴു സൂചികള്‍ കുത്തിക്കയറ്റി കൊന്ന കേസില്‍ അമ്മയും മന്ത്രവാദിയായ കാമുകനും വിചാരണ കോടതി വധശിക്ഷ വിധിച്ചു. കുട്ടിയുടെ അസുഖം ഭേദപ്പെടുത്താനെന്ന പേരിയിരുന്നു ബംഗാളിനെ ഞെട്ടിച്ച ഈ ക്രൂരത. 2017 ജൂലൈയിലാണ് സംഭവം. അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് വിശേഷിപ്പിച്ചാണ് വിചാരണ കോടതി രണ്ടു പ്രതികള്‍ക്കും വധശിക്ഷ വിധിച്ചത്. ഈ വിധി ഇനി ഹൈക്കോടതി ശരിവെക്കേണ്ടതുണ്ട്.
2017 ജൂലൈ 11ന് പുരുലിയക്കടുത്ത നദിയാരയില്‍ പട്രോളിങ് നടത്തുന്നതിനിടെയാണ് പോലീസിനെ തടഞ്ഞ് നാട്ടുകാര്‍ സംഭവം അറിയിച്ചത്. ഇവിടെ ഭജനകളുമായി കഴിയുന്ന മുന്‍ ഹോംഗാര്‍ഡ് 70കാരന്‍ സനാതന്‍ ഗോസ്വാമിയും കൂടെ ജീവിക്കുന്ന മംഗള ഗോസ്വാമിയും രണ്ടാഴ്ചയായി പനിപിടിച്ച് കിടക്കുന്ന മംഗളയുടെ മൂന്നര വയസ്സുകാരി മകളെ ആശുപത്രിയില്‍ കൊണ്ടു പോകാന്‍ സമ്മതിക്കുന്നില്ല എന്നായിരുന്നു പരാതി. തുടര്‍ന്ന് പോലീസ് ഇടപെട്ട് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍ നടത്തിയ എക്‌സ് റേ പരിശോധനയില്‍ കുട്ടിയുടെ നെഞ്ചിലും അടിവയറ്റിലും സ്വാകാര്യ ഭാഗത്തുമായി ഏഴ് സൂചികള്‍ കുത്തിക്കയറ്റിയതായി കണ്ടെത്തി. ഗുരുതരാവസ്ഥയിലായിരുന്ന കുട്ടിയെ പുരുലിയ മെഡിക്കല്‍ കോളെജിലും പിന്നീട് ബെങ്കുര സമ്മിലാനി മെഡിക്കല്‍ കോളെജിയും മറ്റൊരു ആശുപത്രിയില്‍ ചികിത്സിച്ചെങ്കിലും 10 ദിവസത്തിനു ശേഷം മരിച്ചു. ഇതോടെ സനാതന്‍ ഗോസ്വാമി മുങ്ങി. ജൂലൈ 22ന് മംഗളയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
മുങ്ങിയ സനാതന്‍ ഗോസ്വാമിയുടെ ദല്‍ഹിയിലുള്ള ബന്ധുക്കളെ കേന്ദ്രീകരിച്ച നടത്തിയ അന്വേഷണത്തിനൊടുവില്‍ യുപിയിലെ സോന്‍ഭദ്ര ജില്ലയിലെ പിപ്ഡിയില്‍ നിന്ന് പോലീസ് സനാതനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവിടെ ഒരു ബന്ധുവീട്ടില്‍ ഒളിച്ചിരിക്കുകയായിരുന്നു പ്രതി. കേസില്‍ 57 ദിവസത്തിനകം പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. സനാതന്റെ കുടുംബം പോലും കോടതിയില്‍ അദ്ദേഹത്തിനു വേണ്ടി വാദിക്കാന്‍ തയാറായില്ല.






