Sorry, you need to enable JavaScript to visit this website.

പാലാ ബിഷപ്പിന്റെ വിദ്വേഷ പരാമര്‍ശം തള്ളി മുഖ്യമന്ത്രി; സാമൂഹ്യ തിന്മകളെ മതവുമായി ചേര്‍ക്കരുത്

തിരുവനന്തപുരം- സാമൂഹ്യ തിന്മമകളെ ഏതെങ്കിലും മതവുമായി ചേര്‍ത്തുവെക്കരുതെന്നും ജാതിയേയും മതത്തേയും വിഭജനത്തിന് വേണ്ടി ഉപയോഗിക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍  പറഞ്ഞു. തിരുവനന്തപുരത്ത്  സ്വാതന്ത്യം തന്നെ അമൃതംശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ദിവസങ്ങള്‍ നീണ്ട വിവാദങ്ങള്‍ക്കുശേഷമാണ് പാലാ ബിഷപ്പിന്റെ വിദ്വേഷ പരാമര്‍ശത്തെ പരോക്ഷമായെങ്കിലും തള്ളിപ്പറയാന്‍ മുഖ്യമന്ത്രി തയാറായരിക്കുന്നത്.

സാമൂഹ്യ തിന്മകള്‍ക്ക് ഏതെങ്കിലും ഒരു മതത്തിന്റെ നിറം നല്‍കുന്ന പ്രവണതകള്‍ മുളയിലെ നുള്ളികളയണം. സാമൂഹ്യതിന്മകള്‍ക്ക് നേതൃത്വം നല്‍കുന്നത് സമൂഹത്തിന്റെ പൊതുവായ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരാണ്. അതിനെ ഏതെങ്കിലും ഒരു വിഭാഗത്തോട് മാത്രമായി ചേര്‍ത്ത് ഉപമിക്കരുത്. ഇത് സമൂഹത്തിലെ വേര്‍തിരിവുകള്‍ വര്‍ധിക്കുവാന്‍ മാത്രമേ ഉപകരിക്കു. തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്ക് നന്മയുടെ മുഖം നല്‍കുന്നതും സാമൂഹ്യ ഐക്യത്തെ ദുര്‍ബലപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്വാതന്ത്ര്യത്തിന്റെ പര്യായമായി വരെ തീവ്രവാദ പ്രസ്ഥാനങ്ങളെ ചിലര്‍ ഉയര്‍ത്തികാട്ടുന്നുണ്ട്. ഇത്തരം പ്രതിലോമകരമായ കാഴ്ചപ്പാടുകള്‍ നമ്മുടെ സ്വാതന്ത്ര്യത്തെ തന്നെ അപകടത്തിലാക്കും. ജാതിക്കും അതീതമായി ചിന്തിക്കാനും ജീവിക്കാനും പഠിപ്പിച്ച ഗുരുവിന്റെ ഓര്‍മ പുതുക്കുന്ന ഈ ദിനത്തില്‍ ജാതിയേയും മതത്തേയും വിഭജനത്തിനുള്ള ആയുധങ്ങളായി ഉപയോഗിക്കുന്നവരെ പ്രതിരോധിക്കുമെന്ന പ്രതിജ്ഞയാണ് എടുക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

 

Latest News