കൊടി സുനി ജയിലിലെ ഭക്ഷണം പോലും തീരുമാനിക്കുന്ന സൂപ്രണ്ട്- കെ.സുധാകരന്‍

കണ്ണൂര്‍- പാര്‍പ്പിച്ച ജയിലുകളിലെല്ലാം കൊടി സുനിയായിരുന്നു ജയില്‍ സൂപ്രണ്ടെന്ന് കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരന്‍. കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊടി സുനിക്ക് ജയിലില്‍ സുഖ സൗകര്യങ്ങള്‍ ലഭിക്കുന്നതും ഫോണ്‍ ഉപയോഗിക്കുന്നതും പുതിയ കാര്യമല്ല, ഞങ്ങളിത് വര്‍ഷങ്ങളായി പറയുന്നതാണ്. താമസിച്ച ജയിലുകളിലെല്ലാം എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത് കൊടി സുനിയാണ്. എന്ത് ഭക്ഷണം കഴിക്കണം എന്നതു മുതല്‍ എന്തൊക്കെ ചെയ്യണമെന്നു വരെ അദ്ദേഹമാണ് തീരുമാനിച്ചിരുന്നത്. ഫോണ്‍ ചെയ്യാനാള്ള എല്ലാ സൗകര്യങ്ങളും അവിടെ ഒരുക്കിക്കൊടുക്കുന്നുണ്ട്. ഞങ്ങളിത് നേരത്തെ പരാതിപ്പെട്ടതാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ജയില്‍ ഡി.ജി.പി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പരിശോധന നടത്തുകയും മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. കൊടി സുനിക്ക് ജയില്‍ സുഖവാസ കേന്ദ്രമാണ്. ഇടതുഭരണത്തിന്റെ സുഖശീതളഛായയില്‍ ജയില്‍ ജീവിതം ആസ്വദിക്കുകയാണ്- സുധാകരന്‍ പറഞ്ഞു.
ഈ വിഷയത്തില്‍ ഇനി ആരോടും പരാതിപ്പെടാനില്ല. അഭിമാനബോധമുള്ളവരോട് പറഞാല്‍ മാത്രമേ കാര്യമുള്ളൂ. ഇത്രയേറെ കാര്യങ്ങള്‍ മാധ്യമങ്ങളും രാഷ്ടീയ പാര്‍ട്ടികളും പുറത്തു കൊണ്ടുവന്നിട്ടും, ജനങ്ങള്‍ ഇത്രയേറെ ചര്‍ച്ച ചെയ്തിട്ടും ഇതേക്കുറിച്ച് ഒരക്ഷരം പറയാന്‍ മുഖ്യമന്ത്രി തയ്യാറായിട്ടില്ല. അന്ധനും ബധിരനുമായ ഒരു ഭരണാധികാരിയാണ് ഇവിടെ ഭരിക്കുന്നതെന്നതിനാല്‍ പറഞ്ഞിട്ട് കാര്യമില്ല. ക്രിമിനലുകള്‍ക്ക് സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുന്നവരോട് പരാതിപ്പെട്ടിട്ട് എന്തു കാര്യം? എന്തെങ്കിലും തരത്തില്‍ ലജ്ജാ ബോധമുണ്ടെങ്കില്‍ മുഖ്യമന്ത്രി പ്രതികരിക്കാന്‍ തയ്യാറാവണം. ആഭ്യന്തര വകുപ്പുകൂടി കൈകാര്യം ചെയ്യുന്ന ആളാണദ്ദേഹം. വകുപ്പിനെതിരെ ഉയരുന്ന ഗുരുതര ആരോപണങ്ങളില്‍ പോലും മൗനം പാലിക്കുകയാണ്.  തനിക്ക് പ്രതികരിക്കണമെന്ന് തോന്നുന്നതിനോട് മാത്രമാണ് അദ്ദേഹം പ്രതികരിക്കുക. സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് മാത്രം പ്രതികരിക്കുക എന്നത് ആദരിക്കപ്പെടേണ്ട ഒരു ക്വാളിറ്റിയാണെന്ന് കരുതുന്നില്ല. -സുധാകരന്‍ പറഞ്ഞു.
കൊടി സുനിയെപ്പോലെയുള്ള ക്രിമിനലുകളെ സര്‍ക്കാര്‍ അതിഥികളാക്കി ജയിലില്‍ തീറ്റിപ്പോറ്റി എല്ലാ സൗകര്യവും നല്‍കുന്നത് ശരിയാണോ എന്നതിന് മുഖ്യമന്ത്രി മറുപടി പറയണം.
ഇത്രയേറെ വിവാദങ്ങള്‍ ഉണ്ടായിട്ടും അന്വേഷിക്കുമെന്നു പറയാനുള്ള പ്രാഥമിക മര്യാദപോലും കാണിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല.
മതമേലധ്യക്ഷന്മാരുടെ യോഗം സംബന്ധിച്ച് രണ്ട് ദിവസത്തിനകം ചര്‍ച്ച നടത്തി വിളിച്ചു ചേര്‍ക്കുമെന്ന്  സുധാകരന്‍ ചോദ്യത്തിന് സര്‍ക്കാരിന്റെ നയങ്ങള്‍ എന്താണെന്ന് പറഞ്ഞിട്ട് കാര്യമില്ല. ആര് എന്ത് പറഞ്ഞു എന്നതല്ല. മതസ്പര്‍ധ വര്‍ദ്ധിക്കുകയാണ്. കൈവിട്ടു പോയ ശേഷം നടപടിയെടുത്തിട്ട് കാര്യമില്ല. അതിന് മുമ്പ് എന്തെങ്കിലും ചെയ്യണം. പേരിനെങ്കിലും മതസൗഹാര്‍ദ്ദ സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ തയ്യാറാവാത്ത ഈ സര്‍ക്കാരിനോട് സഹതപിക്കാന്‍ മാത്രമേ സാധിക്കൂ- സുധാകരന്‍ പറഞ്ഞു.

 

Latest News