ലഖ്‌നൗ- ഹൈന്ദവ സന്യാസി സംഘടനയായ അഖില ഭാരതീയ അഖാഡെ പരിഷത്ത് അധ്യക്ഷൻ സന്യാസി മഹന്ത് നരേന്ദ്രഗിരി മഹാരാജിന്റെ മരണത്തിൽ അദ്ദേഹത്തിന്റെ ഏറ്റവുമടുത്ത സഹായി അറസ്റ്റിൽ. ആനന്ദ് ഗിരിയെയാണ് അറസ്റ്റു ചെയ്തത്. ഉത്തർപ്രദേശിലെ പ്രയാഗ്രാജിലെ മഠത്തിൽ ഇന്നലെ രാത്രിയാണ് 78 വയസുള്ള മഹാരാജിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 78 പേജുള്ള ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിരുന്നു. മഹാരാജിന്റെ മരണവുമായി ബന്ധപ്പെട്ട് ആരെയും വെറുതെ വിടില്ലെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി. ആശ്രമവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സന്ദീപ് തിവാരിയെയും മകൻ ആദ്യതിവാരിയെയും പോലീസ് ചോദ്യം ചെയ്യുകയാണ്. ഇന്നലെ രാത്രിയോടെയാണ് ആനന്ദ് ഗിരിയെ പിടികൂടിയത്. ഇയാൾ സ്വാമി മഹന്ത് നരേന്ദ്രഗിരിയെ ഉപദ്രവിച്ചിരുന്നതായുള്ള വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. നേരത്തെ വഞ്ചനയും സാമ്പത്തിക കെടുകാര്യസ്ഥതയും ആരോപിച്ച് ആനന്ദ് ഗിരിയെ മഹന്ത് നരേന്ദ്ര ഗിരി ആശ്രമത്തിൽ നിന്നും പുറത്താക്കിയിരുന്നു. ഇയാൾ പിന്നീട് ആശ്രമത്തിൽ തിരിച്ചെത്തി ആനന്ദ് ഗിരിയോട് മാപ്പപേക്ഷിക്കുകയായിരുന്നു. പല കാരണങ്ങളാൽ താൻ അസ്വസ്ഥനായിരുന്നെന്നും അതിനാലാണ് ജീവിതം അവസാനിപ്പിക്കുന്നതെന്നും താൻ അഭിമാനത്തോടെയാണ് ഇതുവരെ ജീവിച്ചതെന്നും ഇനിയങ്ങോട്ട് ആത്മാഭിമാനം നഷ്ടപ്പെടുത്തി ജീവിക്കാൻ സാധിക്കില്ലെന്നും ആത്മഹത്യാ കുറിപ്പിലുണ്ട്.






