ഇന്ത്യയില്‍ രണ്ട് ഡോസ് സ്വീകരിച്ചവരെ ബ്രിട്ടന്‍ വാക്‌സിനെടുത്തവരായി കണക്കാക്കില്ല; വിവേചനമെന്ന് ആക്ഷേപം

ന്യൂദല്‍ഹി- ഇന്ത്യയില്‍ ഓക്‌സ്‌ഫോഡ് ആസ്ട്രസെനക വാക്‌സിനായ കോവിഷീല്‍ഡ് രണ്ട് ഡോസ് സ്വീകരിച്ചവരെ വാക്‌സിന്‍ എടുത്തവരായി പരിഗണിക്കില്ലെന്നും ഇന്ത്യയില്‍ നിന്ന് വരുന്നവര്‍ നിര്‍ബന്ധമായും 10 ദിവസത്തെ ക്വാറന്റീനും ശേഷം ടെസ്റ്റുകളും പാലിക്കണമെന്നമുള്ള ബ്രിട്ടന്റെ പുതിയ ചട്ടം വിവാദമാകുന്നു. യൂറോപ്പ്, യുഎസ് എന്നിവിടങ്ങളില്‍ നിന്ന് ആസ്ട്രസെനക വാക്‌സിന്‍ സ്വീകരിച്ച് എത്തുന്നവര്‍ക്ക് ക്വാറന്റീന്‍ ആവശ്യമില്ല. അതേസമയം ഇന്ത്യയില്‍ വിതരണം ചെയ്യുന്ന ആസ്ട്രസെനക വാക്‌സിന്‍ കോവിഷീല്‍ഡ് പരിഗണിക്കാതിരിക്കുകയും ചെയ്യുന്നത് കടുത്ത വിവേചനമാണെന്നും യുക്തിരഹിതമായ നിലപാടാണെന്നും ആക്ഷേപം ഉയര്‍ന്നു. കോണ്‍ഗ്രസ് നേതാക്കളായ ശശി തരൂരും ജയ്‌റാം രമേശും ആനന്ദ് ശര്‍മയും ഇതിനെതിരെ രംഗത്തെത്തി. ഇത് വംശീയതയാണെന്നും അസംബന്ധമാണെന്നും നേതാക്കള്‍ ആരോപിച്ചു. 

ഒക്ടോബര്‍ നാലു മുതലാണ് ബ്രിട്ടനില്‍ പുതുക്കിയ യാത്രാ ചട്ടങ്ങള്‍ നിലവില്‍ വരുന്നത്. സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍, ഇസ്രായീല്‍, ഓസ്‌ട്രേലിയ, ബ്രൂണെ, കാനഡ, ആന്റിഗ്വ ആന്റ് ബര്‍ബുഡ, ബാര്‍ബഡോസ്, സിങ്കപൂര്‍, സൗത്ത് കൊറിയ, തായ്‌വാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരെ മാത്രമെ വാക്‌സിന്‍ എടുത്തവരായി കണക്കാക്കൂ. 

ഇന്ത്യയ്ക്കു പുറമെ, യുഎഇ, തുര്‍ക്കി, ജോര്‍ദാന്‍, തായ്‌ലന്‍ഡ്, റഷ്യ, ആഫ്രിക്കന്‍ രാജ്യങ്ങള്‍, തെക്കേ അമേരിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് വാക്‌സിന്‍ പൂര്‍ത്തിയാക്കിവരെ വാക്‌സിന്‍ എടുത്തവരുടെ ഗണത്തില്‍ ഉല്‍പ്പെടുത്തില്ല. ഇവിടെ നിന്നുള്ളവര്‍ നിര്‍ബന്ധ 10 ദിവസ ക്വാറന്റീന്‍ പാലിക്കണം. യാത്രയ്ക്ക് 72 മണിക്കൂര്‍ മുമ്പ് കോവിഡ് പരിശോധിച്ച നെഗറ്റീവ് ഫലം കൈവശം വേണം. ബ്രിട്ടനിലെത്തിയ രണ്ടാം ദിവസവും എട്ടാം ദിവസവും സ്വന്തം ചെലവില്‍ കോവിഡ് ടെസ്റ്റ് നടത്തുകയും വേണം.
 

Latest News