Sorry, you need to enable JavaScript to visit this website.

അര്‍ബുദം വധശിക്ഷയല്ല, അറിയാം നദീറയുടെ ജീവിതകഥ

ര്‍ബുദം ജീവിതത്തിന്റെ അവസാനമല്ലെന്നും പുതിയൊരു ജീവിതത്തിലേക്കുള്ള കാല്‍വെയ്പാണതെന്നും നമ്മെ പഠിപ്പിക്കുന്ന ഒരു പ്രവാസിയുവതിയെക്കുറിച്ചാണ് ഈ വാര്‍ത്ത. അര്‍ബുദം വധശിക്ഷയാണെന്ന് വിശ്വസിക്കുന്ന സമൂഹത്തിന് പ്രതീക്ഷയും പ്രചോദനവുമാണ് നദീറയെന്ന 36 കാരിയായ മലയാളി. തൈറോയ്ഡ് അര്‍ബുദത്തെ രണ്ട് തവണ കീഴടക്കിയ ആത്മവിശ്വാസത്തിന്റെയും ധീരതയുടേയും കഥയാണ് നദീറക്ക് പങ്കുവെക്കാനുള്ളത്.

ആദ്യത്തെ നടുക്കം

ദുബായില്‍ ഭര്‍ത്താവ് പ്രവീണിനും ഉമ്മക്കും ആറ് വയസ്സുള്ള മകള്‍ക്കുമൊപ്പം ജീവിക്കുകയാണ് നദീറ. മകള്‍ ഐറയെ അഞ്ചു മാസം ഗര്‍ഭിണിയായിരിക്കുമ്പോഴാണ് ആദ്യമായി നദീറയുടെ ശരീരത്തില്‍ അര്‍ബുദകോശങ്ങളുടെ സാന്നിധ്യം അറിയുന്നത്. തൊണ്ടയില്‍ ചെറിയൊരു മുഴയായിട്ടാണ് തുടക്കം. 'എന്റെ ഗൈനക്കോളജിസ്റ്റ് ആദ്യം ഒരു എന്‍ഡോക്രൈനോളജിസ്റ്റിനെ കാണിക്കാന്‍ പറഞ്ഞു. അവിടെനിന്ന് ബയോപ്സി ചെയ്തു. ഫലം പോസിറ്റീവായിരുന്നു'- നദീറ പറഞ്ഞു.

https://www.malayalamnewsdaily.com/sites/default/files/filefield_paths/5.jpg

കുഞ്ഞിന് വേണ്ടി ത്യാഗം

പരിശോധനാഫലങ്ങള്‍ നാട്ടിലെ പരിചയമുള്ള ഡോക്ടര്‍ക്ക് അയച്ചുകൊടുത്തു. എത്രയും വേഗം നാട്ടിലെത്താനായിരുന്നു ഉപദേശം. കൂടുതല്‍ പരിശോധന നടത്തണമെന്നും ശസ്ത്രക്രിയ അനിവാര്യമെന്നും ഡോക്ടര്‍ പറഞ്ഞു. 'എന്നാല്‍ എന്റെ കുഞ്ഞിന് ആപത്ത് വരാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. ദുബായില്‍ തുടരാന്‍ തീരുമാനിച്ചു. ഡോക്ടര്‍മാരുമായി നിരന്തരം ബന്ധപ്പെട്ടു. പ്രസവം കഴിഞ്ഞ ഒരു മാസത്തിന് ശേഷം ശസ്ത്രക്രിയ നടത്താനായിരുന്നു തീരുമാനം. എല്ലാ ആഴ്ചയും ഡോക്ടര്‍മാരെ കാണുന്നത് പതിവായി'- -നദീറ പറഞ്ഞു.

നേടിയെടുത്ത സ്ഥൈര്യം

കാന്‍സറാണെന്ന് ഡോക്ടര്‍ ആദ്യമായി പറഞ്ഞപ്പോള്‍ ഞാന്‍ ആകെ പേടിച്ചു. ഒരിക്കലും പ്രതീക്ഷിക്കാത്തതായിരുന്നു അത്. പിന്നെ പതുക്കെ ആ യാഥാര്‍ഥ്യം തിരിച്ചറിയുകയായിരുന്നു. എനിക്കും എന്റെ കുടുംബത്തിനും വേണ്ടി മാനസികമായി സ്ഥൈര്യം നേടിയേ തീരൂ എന്ന് ഞാന്‍ മനസ്സിലാക്കി. എന്റെ കുഞ്ഞ് കരുത്തുള്ളവളും ആരോഗ്യമുള്ളവളുമായി വളരണമെന്ന് എനിക്ക് തീര്‍ച്ചയുണ്ടായിരുന്നു. അതിനാല്‍ ഞാന്‍ ശാന്തയായി, എന്റെ വികാരങ്ങളെ നിയന്ത്രിച്ചു. കാന്‍സറാണെന്ന കാര്യം ഓര്‍ക്കാതിരിക്കാന്‍ കഴിയുന്നതെല്ലാം ഞാന്‍ ചെയ്തുകൊണ്ടിരുന്നു.

https://www.malayalamnewsdaily.com/sites/default/files/filefield_paths/3.jpg

പ്രസവം നേരത്തെയാക്കാന്‍ സമ്മതിച്ചില്ല

കുഞ്ഞിന് എട്ടുമാസം തികഞ്ഞപ്പോള്‍, ഡോക്ടര്‍ ഉപദേശിച്ചു, പ്രസവം നേരത്തെയാക്കാമെന്ന്. രണ്ടു മാസം കുഞ്ഞിനെ ഇന്‍കുബേറ്ററില്‍ സൂക്ഷിക്കാമെന്ന് ഡോക്ടര്‍ പറഞ്ഞു. അങ്ങനെ ചെയ്താല്‍ എന്റെ ശസ്ത്രക്രിയ വേഗം ചെയ്യാമെന്നും ഡോക്ടര്‍ ഉപദേശിച്ചു. എന്നാല്‍ നദീറ അതിന് സമ്മതിച്ചില്ല. കുഞ്ഞിന്റെ മസ്തിഷ്‌ക വളര്‍ച്ച അപകടത്തിലാക്കാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. പ്രസവം വരെ കാത്തിരിക്കണമെന്ന് ഞാന്‍ ഡോക്ടറോട് പറഞ്ഞു. അവര്‍ മനസ്സില്ലാ മനസ്സോടെ സമ്മതിച്ചു. കുഞ്ഞിന്റെ വളര്‍ച്ച അവര്‍ ശ്രദ്ധാപൂര്‍വം നിരീക്ഷിച്ചു. ഒടുവില്‍ യഥാസമയം സ്വാഭാവികമായി ഞാന്‍ മകള്‍ക്ക് ജന്‍മം നല്‍കി.

ഒറ്റപ്പെടലിന്റെ വേദനകള്‍

ഐറ പിറന്ന് നാല്‍പത്തഞ്ചാം നാള്‍ നദീറ ശസ്ത്രക്രിയക്ക് വിധേയയായി. നാട്ടിലായിരുന്നു സര്‍ജറി. മൂന്നു മാസത്തിന് ശേഷം അടുത്ത സര്‍ജറി- തൈറോഡെക്ടോമി. ഒരാഴ്ചക്ക് ശേഷം റേഡിയോ ആക്ടീവ് അയഡിന്‍ തെറാപി ആരംഭിച്ചു. ക്യാന്‍സര്‍ സെല്ലുകളെ നശിപ്പിക്കാന്‍ വലിയ അളവില്‍ അയഡിന്‍ നല്‍കുന്ന ചികിത്സയാണിത്. വെല്ലുവിളികള്‍ ആരംഭിക്കുകയായിരുന്നു. കുഞ്ഞില്‍നിന്ന് അകന്നു നില്‍ക്കണമെന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. റേഡിയോ ആക്ടീവ് ചികിത്സയായതിനാല്‍ കുഞ്ഞില്‍നിന്ന് 10 മീറ്റര്‍ അകലം എപ്പോഴും പാലിക്കേണ്ടി വന്നു. ഒറ്റപ്പെടലാണ് ഏറെ സങ്കടപ്പെടുത്തിയത്. ദിവസങ്ങളോളം ഒറ്റപ്പെട്ടു കഴിയുന്നതിന്റെ വേദന കോവിഡ് കാലത്താണ് നാം മനസ്സിലാക്കിയത്- നദീറ ഓര്‍മിപ്പിച്ചു.

രണ്ടാമതും കാന്‍സര്‍

ആരോഗ്യനില ഒരുവിധം ശരിയായതോടെ ദുബായില്‍ തിരിച്ചെത്തി ഓയില്‍ കമ്പനിയിലെ ജോലിയില്‍ വീണ്ടും പ്രവേശിച്ചു. പക്ഷെ ശാരീരികക്ഷീണം അലട്ടി. ഒരു ദിവസം ഓഫീസില്‍ കുഴഞ്ഞുവീണു. വീണ്ടും ആശുപത്രിയില്‍. പരിശോധനയില്‍ ഞെട്ടിക്കുന്ന സത്യം കാത്തിരിക്കുകയായിരുന്നു. അസുഖം തിരിച്ചെത്തിയിരിക്കുന്നു. അതോടെ തുടര്‍ ചികിത്സയുടെ നാളുകള്‍...

https://www.malayalamnewsdaily.com/sites/default/files/filefield_paths/4.jpg

ഒടുവില്‍ യുദ്ധം ജയിക്കുന്നു

മനസ്സിനെ പിടിച്ചുനിര്‍ത്താന്‍ ആവതുശ്രമിച്ചു. എങ്കിലും ചെറിയതോതില്‍ ഡിപ്രഷനുണ്ടായി. മുടികൊഴിച്ചിലും മൂഡ് മാറ്റവുമെല്ലാം പ്രശ്നങ്ങളുണ്ടാക്കിയെങ്കിലും ആത്മവിശ്വാസം നിലനിര്‍ത്താന്‍ ശ്രമിച്ചു. ഒടുവില്‍ ശരീരം ചികിത്സകള്‍ക്ക് വഴങ്ങി. സാധാരണ ജീവിതത്തിലേക്ക് പതുക്കെ തിരിച്ചുവന്നു.

ഭാവിയുടെ ആഹ്ലാദം സ്വപ്നംകണ്ട്....

കൂടുതല്‍ കാലം പ്രിയപ്പെട്ടവരോടൊപ്പം ജീവിക്കണമെന്ന് ആരാണ് ആഗ്രഹിക്കാത്തത്. വരാന്‍ പോകുന്ന നല്ല നാളുകളും സന്തോഷങ്ങളുമായിരുന്നു എന്റെ പ്രചോദനം. മഹാരോഗത്തെ അതിജീവിച്ചെത്തുന്ന നാളുകളില്‍ അനുഭവിക്കാന്‍ പോകുന്ന ആഹ്ലാദങ്ങളായിരുന്നു എന്റെ സ്വപ്നം. എന്റെ കുടുംബം എന്നോടൊപ്പം അടിയുറച്ചുനിന്നു. അവരുടെ മുന്നില്‍ ഞാന്‍ ഒരു കാന്‍സര്‍ രോഗിയുടെ അവശതയുമായി നിന്നില്ല. ഞാന്‍ രണ്ടാമതും യുദ്ധം ജയിക്കുമെന്ന് അവര്‍ക്കുറപ്പായിരുന്നു.

കിളിമന്‍ജാരോയില്‍ കയറും

കാന്‍സര്‍ രോഗികള്‍ക്കായി ഫണ്ട് സ്വരൂപിക്കുക, അടുത്ത കൊല്ലം കിളിമന്‍ജാരോ പര്‍വതം കയറുക തുടങ്ങിയ തന്റെ സ്വപ്നങ്ങളും ആഗ്രഹങ്ങളും സഫലമാക്കാനുള്ള ശ്രമത്തിലാണ് നദീറ. സ്ഥിരമായി ജിമ്മില്‍ പോകും. ഹൈക്കിംഗ് പ്രാക്ടീസ് നടത്തുന്നുണ്ട്. പ്രിയ സുഹൃത്തുക്കളോടൊപ്പം നദീറ കയറാന്‍ പോകുന്നത് കിളിമന്‍ജാരോയില്‍ മാത്രമല്ല, പ്രചോദനാത്മകമായ ഒരു ജീവിതസന്ദേശത്തിലേക്കുമാണ്. നദീറക്ക് അഭിവാദ്യം.

 

Latest News