നീലച്ചിത്ര നിര്‍മാണം; ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവിന് ജാമ്യം

മുംബൈ- നീലച്ചിത്രം നിര്‍മിച്ച് ആപ്പ് വഴി വിതരണം ചെയ്തുവെന്ന കേസില്‍ അറസ്റ്റിലായ നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്രയ്ക്കു രണ്ടു മാസത്തിനു ശേഷം ജാമ്യം. 50,000 രൂപ ജാമ്യത്തുക കെട്ടിവെക്കണമെന്ന ഉപാധിയോടെയാണ്  മുംബൈയിലെ കോടതി ജാമ്യം അനുവദിച്ചത്.
അന്വേഷണം പൂര്‍ണമായ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ്  രാജ് കുന്ദ്ര  കോടതിയെ സമീപിച്ചത്. കേസില്‍ 1400 പേജുള്ള കുറ്റപത്രം കഴിഞ്ഞ വ്യാഴാഴ്ച മുംബൈ പോലീസ് സമര്‍പ്പിച്ചിരുന്നു.
കേസില്‍ തന്നെ ബലിയാടാക്കുകയായിരുന്നെന്ന് രാജ് കുന്ദ്ര വാദിക്കുന്നു. കേസിന് ആസ്പദമായ സംഭവത്തില്‍ തന്റെ പങ്ക് തെളിയിക്കുന്നതിന് യാതൊരു തെളിവും കുറ്റപത്രത്തിലില്ലെന്നു കുന്ദ്ര കോടതിയില്‍ വാദിച്ചു. ജൂലൈ 19നാണ് അറസ്റ്റ് ചെയ്തത്.

സിനിമയില്‍ അവസരം തേടുന്ന യുവതികളെ രാജ് കുന്ദ്രയും കൂട്ടാളികളും ചൂഷണം ചെയ്യുകയായിരുന്നെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ശില്‍പ ഷെട്ടിയുള്‍പ്പെടെ 43 സാക്ഷികളാണു കേസിലുള്ളത്. കുന്ദ്രയുടെ പദ്ധതികളെ കുറിച്ചൊന്നും അറിഞ്ഞിരുന്നില്ലെന്നാണ് ശില്‍പ ഷെട്ടി നല്‍കിയ മൊഴി.

 

Latest News