Sorry, you need to enable JavaScript to visit this website.

വനിതാ സംവരണ ബില്ലിന് 25 വയസ്സ് തികയുമ്പോൾ

രാജ്യത്തെ രാഷ്ട്രീയ ചർച്ചകളിൽ ഇടക്കിടെ ഉയർന്നുവരുന്ന ഒന്നാണ് വനിതാ സംവരണ ബിൽ. കുറച്ചു ദിവസം അതുമായി ബന്ധപ്പെട്ട കുറെ ചർച്ചകൾ നടക്കും. പിന്നെയത് എല്ലാവരും മറക്കും. തെരഞ്ഞെടുപ്പുകളിലെ സ്ഥാനാർത്ഥി നിർണയ സമയങ്ങളിലും ഈ വിഷയം ഉയർന്നുവരും. പ്രത്യേകിച്ചൊന്നും സംഭവിക്കാതെ അക്കാലവും കടന്നുപോകും. ഇപ്പോഴിതാ വീണ്ടും വിഷയം സജീവ ചർച്ചയായിട്ടുണ്ട്. ബിൽ പാർലമെന്റിലവതരിപ്പിച്ച് 25 വർഷം തികഞ്ഞ സാഹചര്യത്തിലാണ് ഈ ചർച്ച. എന്തായാലും ഏതാനും ദിവസങ്ങൾക്കുള്ളിൽ എല്ലാവരും അതു മറക്കും.
1974  ൽ ഇന്ത്യയിലെ വനിതകളുടെ അവസ്ഥ പഠിക്കാൻ വിദ്യാഭ്യാസ-സാമൂഹിക ക്ഷേമ മന്ത്രാലയം നിയോഗിച്ച സമിതി സമർപ്പിച്ച് റിപ്പോർട്ടിലാണ് വനിതാ പ്രാതിനിധ്യം സംബന്ധിച്ച ആദ്യ പരാമർശം വന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വനിതകൾക്കു നിശ്ചിത ശതമാനം സീറ്റ് സംവരണം ചെയ്യണമെന്നു ഈ സമിതി ശുപാർശ ചെയ്തു. തുടർന്ന് 1993 ൽ ഭരണഘടനയുടെ 73, 74 വകുപ്പുകൾ ഭേദഗതി ചെയ്ത് തദ്ദേശ സ്ഥാപനങ്ങളിലെ മൂന്നിലൊന്ന് സീറ്റുകൾ വനിതകൾക്കായി സംവരണം ചെയ്തു. അക്കാര്യത്തിൽ കാര്യമായ പ്രതിഷേധമൊന്നും ഉണ്ടായില്ല. 
പിന്നാലെ 1996 സെപ്റ്റംബർ 12 ന് എച്ച്.ഡി. ദേവഗൗഡ സർക്കാരാണ് 81 ാം ഭരണഘടനാ ഭേദഗതിയായി വനിതാ സംവരണ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചത്.  ബിൽ സി.പി.ഐ എം.പി. ഗീതാ മുഖർജി അധ്യക്ഷയായുള്ള സംയുക്ത പാർലമെന്ററി സമിതിക്കു വിട്ടു. 
1996 ഡിസംബർ 9 ന് പാർലമെന്ററി സമിതി റിപ്പോർട്ട് ലോക്‌സഭയിൽ അവതരിപ്പിച്ചു. 1998 ജൂൺ 4 ന് എൻ.ഡി.എ യുടെ നേതൃത്വത്തിലുള്ള സർക്കാർ 84 ാം ഭരണഘടനാ ഭേദഗതിയായി വനിതാ സംവരണ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചു. എന്നാൽ ആ സർക്കാർ ന്യൂനപക്ഷമാകുകയും പിരിച്ചുവിടപ്പെടുകയും ചെയ്തു. 1999 നവംബർ 22 ന് എൻ.ഡി.എ സർക്കാർ ബിൽ വീണ്ടും പാർലമെന്റിൽ അവതരിപ്പിച്ചു. ഒരു വിഭാഗത്തിൽ നിന്ന് ശക്തമായ എതിർപ്പുണ്ടായി.  2002 ലും 2003 ലും ബിൽ അവതരിപ്പിച്ചു. രണ്ടു തവണയും ബിൽ പാർലമെന്റിൽ പരാജയപ്പെട്ടു.  2008 മെയ് 6 ന് യുപിഎ സർക്കാർ ബിൽ രാജ്യസഭയിൽ അവതരിപ്പിച്ച് നിയമ-നീതികാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ പരിഗണനക്കു വിട്ടു. 2009 ഡിസംബർ 17 ന് സ്റ്റാൻഡിംഗ് കമ്മിറ്റി റിപ്പോർട്ട് പാർലമെന്റിന്റെ രണ്ടു സഭകളിലും വെച്ചു. സമാജ്വാദി പാർട്ടി, ജെ.ഡി. (യു), ആർ.ജെ.ഡി. എന്നീ പാർട്ടികൾ പ്രതിഷേധവുമായി രംഗത്തു വന്നു. എന്നാൽ 2010 ഫെബ്രുവരി 25 നു കേന്ദ്ര മന്ത്രിസഭ ബില്ലിന് അംഗീകാരം നൽകി. 
വനിതാ സംവരണ ബിൽ പാസാക്കുക എന്നത് സാമൂഹ്യ നീതിയുടേയും ലിംഗ നീതിയുടേയും പ്രശ്‌നം തന്നെയാണ്. അതേസമയം ബില്ലിനെതിരെ ഉയരുന്ന വാദങ്ങളും തള്ളിക്കളയാവുന്നതല്ല. ബില്ലിനെതിരെ മുലായം സിംഗും പല ദളിത് പിന്നോക്ക സംഘടനകളും ഉന്നയിക്കുന്ന വിഷയം ഇന്ത്യനവസ്ഥയിൽ  പ്രസക്തം തന്നെയാണ്. 
വാസ്തവത്തിൽ ആർക്കുമറിയുന്ന പോലെ പാർലമെന്റിൽ പകുതിയോ മൂന്നിലൊന്നോ സ്ത്രീകളെ എത്തിക്കാൻ ഒരു ബില്ലിന്റേയും നിയമത്തിന്റേയും ആവശ്യമില്ല. ജാതി സംവരണമില്ലാതെയോ അതും പരിഗണിച്ചോ തങ്ങൾ മത്സരിക്കുന്ന സീറ്റുകളിൽ വനിതകൾക്ക് അർഹമായ, അഥവാ വനിതാ ബില്ലിലൂടെ അവർ തന്നെ ആവശ്യപ്പെടുന്ന പ്രാതിനിധ്യം നൽകാൻ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ തയാറായാൽ നിസ്സാരമായി പരിഹരിക്കാവുന്ന വിഷയമാണ് 25 വർഷമായിട്ടും പരിഹാരമില്ലാതെ തുടരുന്നത്. 
എല്ലാ രംഗത്തും സ്ത്രീകൾ മുന്നിലാണെന്നവകാശപ്പെടുന്ന കേരളത്തിൽ മുന്നണികൾ 2 പേർക്ക് വീതമാണ് സീറ്റു നൽകിയത്. ജയിച്ചത് ആകെ ഒരാളും.
1957 മുതൽ കേരളത്തിൽ നിന്ന് ഇതുവരേയും 272 പേർ ലോക്‌സഭയിലെത്തിയപ്പോൾ അതിൽ സ്ത്രീകൾ 11 പേർ മാത്രം. 1967 ൽ അമ്പലപ്പുഴയിൽനിന്നും 1980 ൽ ആലപ്പുഴനിന്നും 1991 ൽ ചിറയിൻകീഴ് നിന്നും സി. പി. എമ്മിലെ സുശീലാ ഗോപാലൻ ലോക്‌സഭയിലെത്തി. 12, 13 ലോക#്‌സഭകളിൽ വടകരയിൽനിന്ന് സിപിഎമ്മിലെ തന്നെ എം കെ പ്രേമജവും 14 ാം ലോക്‌സഭയിലിലേക്ക് മാവേലിക്കരനിന്നും സിപിഎമ്മിലെ തന്നെ സി എസ് സുജാതയും വടകരനിന്ന് പി സതീദേവിയും തെരഞ്ഞെടുക്കപ്പെട്ടു. 1971 ലാണ് സിപിഐ ഒരു വനിതയെ ലോക്‌സഭയിൽ എത്തിച്ചത്. അടൂരിൽനിന്ന് ഭാർഗവി. അതോടെ കഴിഞ്ഞു അവരുടെ വനിതാ പ്രാതിനിധ്യം. കോൺഗ്രസിന്റെ അവസ്ഥ അതിനേക്കാൾ കഷ്ടമാണ്. 9, 10 ലോക്‌സഭകളിലേക്ക് മുകുന്ദപുരത്തുനിന്ന് സാവിത്രി ലക്ഷ്മണും 2019 ൽ രമ്യാ ഹരിദാസും  ജയിച്ചത് മാത്രമാണ് അവരുടെ വനിതാ പ്രാതിനിധ്യത്തിന്റെ ചരിത്രം. ശതമാനക്കണക്കിൽ ഇന്നോളം ലോക്‌സഭയിൽ കേരളത്തിന്റെ വനിതാ പ്രാതിനിധ്യം 4 ശതമാനത്തിൽ ഒതുങ്ങുന്നു. വ്യക്തികളുടെ എണ്ണമെടുത്താൽ ഏഴു മാത്രം.
എന്തുകൊണ്ടിതു സംഭവിക്കുന്നു? അധികാരം കൈയാളുന്നതിൽ സ്ത്രീകൾ പിറകിലല്ല എന്ന് ഇന്ത്യയിൽ തന്നെ എത്രയോ തെളിയിക്കപ്പെട്ടതാണ്. ഏറ്റവും ശക്തയായ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണെന്നാണല്ലോ പറയാറ്. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ കണക്കെടുത്താലും സ്ഥിതി വ്യത്യസ്തമാണോ? ജയലളിതയും മായാവതിയും മമതയുമൊക്കെ സമീപകാല ഉദാഹരണങ്ങൾ. ബിജെപിയിലും കോൺഗ്രസിലും ശക്തരായ നിരവധി വനിതാ നേതാക്കളുണ്ട്. ഇതൊക്കെയായിട്ടും അധികാരത്തിൽ അർഹമായ പ്രാതിനിധ്യം സ്ത്രീകൾക്ക് ലഭിക്കുന്നില്ല എന്ന യാഥാർത്ഥ്യം നിലനിൽക്കുന്നു.
പതിവുപോലെ കേരളം ഇക്കാര്യത്തിലും കാപട്യം തുടരുന്നു.  ഒരു രാഷ്ട്രീയ പാർട്ടിയിലും ശക്തരായ വനിതാ നേതാക്കളില്ലാത്ത സംസ്ഥാനമാണ് കേരളം. മുഖ്യധാരാ പ്രസ്ഥാനങ്ങളുമായി ബന്ധമില്ലാതെ കേരളത്തിൽ നടക്കുന്ന ജനകീയ പോരാട്ടങ്ങളിൽ മിക്കവയും നയിക്കുന്നത് സ്ത്രീകളാണെന്നതും ഓർക്കണം. 
രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ സ്ത്രീകൾ നേരിടുന്ന അവഗണനക്കും പീഡനത്തിനുമെതിരെ ഹരിത നടത്തുന്ന പോരാട്ടത്തിന്റെ സമയത്താണ് വനിതാ ബില്ലവതരിപ്പിക്കപ്പെട്ടതിന്റെ 25 ാം വാർഷികമെന്നത് യാദൃഛികമാണെങ്കിലും പ്രസക്തമാണ്.
 

Latest News