Sorry, you need to enable JavaScript to visit this website.

മതവിദ്വേഷവും അസഭ്യവര്‍ഷവും; യൂട്യൂബ് ചാനലിനെതിരെ പോലീസ് കേസ്

തിരുവല്ല- മത വിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ അസഭ്യം പറഞ്ഞ് വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുന്ന യൂ ട്യൂബ് ചാനലിനെതിരെ പോലീസ് കേസെടുത്തു. തിരുവല്ല കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന നമോ ടി.വി ഉടമ രഞ്ജിത്ത്, അവതാരക ശ്രീജ എന്നിവര്‍ക്കെതിരെയാണ് 153 എ വകുപ്പ് പ്രകാരം കേസെടുത്തത്. തിരുവല്ല എസ്.എച്ച്.ഒക്ക് ലഭിച്ച പരാതിയിലാണ് കേസ്.

ഇവര്‍ക്കെതിരെ കേസെടുക്കാത്തതിനെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നേരത്തെ വിമര്‍ശിച്ചിരുന്നു. പച്ചത്തെറി വിളിച്ചു പറഞ്ഞിട്ടും പോലീസ് നോക്കിനില്‍ക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. നമോ ടി.വിയുടെ വീഡിയോ സൈബര്‍ സെല്‍ എ.ഡി.ജി.പിക്ക് അയച്ചുകൊടുത്തെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സൈബറിടങ്ങളിലെ പ്രചാരണമാണ് പ്രശ്‌നം വഷളാക്കുന്നത്. സര്‍ക്കാര്‍ ഇടപെടണമെന്ന് മുഖ്യമന്ത്രിയോട് തുടര്‍ച്ചയായി ആവശ്യപ്പെട്ടു. ഒരു നടപടിയുമില്ല. നമോ ടി.വിയെന്ന് പറയുന്നൊരു വീഡിയോ കണ്ടു. ഒരു പെണ്‍കുട്ടി വന്ന് പച്ചത്തെറി പറയുകയാണ്- വി.ഡി സതീശന്‍ പറഞ്ഞു.
സൈബര്‍ സെല്ലിന്റെ ചുമതലയുള്ള മനോജ് എബ്രഹാമിന് ഞാനത് അയച്ചുകൊടുത്തു. ഒരു നടപടിയുമില്ല. വെളളത്തിന് തീപിടിപ്പിക്കുന്ന വര്‍ത്താനം പറഞ്ഞ് കേരളത്തിലെ സാമൂഹ്യാന്തരക്ഷം തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. വേറൊരു നാട്ടിലും ഇത് സമ്മതിക്കില്ല. ഇവിടെ സര്‍ക്കാര്‍ കയ്യും കെട്ടി നോക്കി നിക്കുകയാണ്. നിലപാട് ഇല്ലായ്മയാണ് ഈ സര്‍ക്കാരിന്റെ നിലപാട്. ഓരോ വിഭാഗത്തിലും പെട്ട ആളുകളെ പോയി കണ്ടിട്ട് പുറത്തിറങ്ങിവന്ന് അവരെ സന്തോഷിപ്പിക്കുന്ന വര്‍ത്തമാനമാണോ നമ്മള് പറയേണ്ടത്?-വി.ഡി.സതീശന്‍ പറഞ്ഞു.

 

 

Latest News