പുതുകളികൾക്ക് കാതോർത്ത് തമിഴകം

ദേശീയ പാർട്ടികളുടെ ബാലികേറാമലകളിലൊന്നായാണ് തമിഴ്‌നാട് ഏറെക്കാലമായി ഇന്ത്യൻ രാഷ്ട്രീയത്തിൽ വേറിട്ടുനിൽക്കുന്നത്. ദ്രാവിഡരാഷ്ട്രീയത്തിന് മാത്രം വിത്തും വളവും സമ്മാനിക്കുന്ന മണ്ണ്. തമിഴകത്ത് നിരവധി തവണ ദേശീയപാർട്ടികൾ വിത്തിറക്കിയെങ്കിലും പ്രതീക്ഷയുടെ കതിരുകൾ മാത്രമാണ് വിളഞ്ഞിരുന്നത്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ മികച്ച നേട്ടമുണ്ടാക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ, ഇളക്കിമറിച്ചുള്ള പ്രചാരണമായിരുന്നു ബി.ജെ.പിയുടെ നടത്തിയത്. നരേന്ദ്രമോഡി, അമിത് ഷാ തുടങ്ങിയവർ അടക്കമുള്ള നേതാക്കൾക്ക് തമിഴ്‌നാട്ടിൽ ഏറെ പ്രതീക്ഷയുണ്ടായിരുന്നു.

എന്നാൽ, ആകെയുള്ള 39 സീറ്റുകളിൽ 37-ലും ജയലളിതയുടെ നേതൃത്വത്തിലുള്ള അണ്ണാഡി.എം.കെ വിജയിച്ചു. ഒരിടത്ത് ബി.ജെ.പിയും മറ്റൊരിടത്ത് ബി.ജെ.പി സഖ്യത്തിലുള്ള പട്ടാളിമക്കൾ കക്ഷിയും വിജയം നേടി. 44.3 ശതമാനം വോട്ടുകൾ അണ്ണാ ഡി.എം.കെക്ക് ലഭിച്ചു. ബി.ജെ.പിക്ക് 18.5 ശതമാനം വോട്ടുകളും ലഭിച്ചു. 2009 ലോക്‌സഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് അണ്ണാ ഡി.എം.കെക്ക് 21.4 ശതമാനം വോട്ടുകൾ അധികവും ബി.ജെ.പിക്ക് 18.5 ശതമാനം വോട്ടുകളുടെ കുറവുമുണ്ടായി. കോൺഗ്രസുമായി ബന്ധം വിച്ഛേദിച്ച് ഒറ്റക്ക് മത്സരിച്ച കരുണാനിധിയുടെ ഡി.എം.കെക്ക് ഒരു സീറ്റ് പോലും ലഭിച്ചില്ല. 26.8 ശതമാനം വോട്ടുകളാണ് ഡി.എം.കെക്ക് ലഭിച്ചത്. എന്നാൽ മുൻ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വോട്ടിംഗ് ശതമാനത്തിൽ കാര്യമായ കുറവുണ്ടായില്ല. 0.7 ശതമാനത്തിന്റെ കുറവ് മാത്രം. ഒറ്റക്ക് മത്സരിച്ച കോൺഗ്രസിനും കൈ പൊള്ളി. നേരത്തെ എട്ടു സീറ്റുകളുണ്ടായിരുന്ന പാർട്ടിക്ക് ഒരിടത്തും ജയിക്കാനായില്ലെന്ന് മാത്രമല്ല, വോട്ടിംഗ് ശതമാനത്തിൽ 10.7 ശതമാനം കുറവുമുണ്ടായി. 

കഴിഞ്ഞവർഷം നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും ബി.ജെ.പിക്ക് നേടാൻ കഴിഞ്ഞിരുന്നില്ല. ആകെയുള്ള 234 സീറ്റുകളിൽ 232 സീറ്റുകളിലും ബി.ജെ.പി മത്സരിച്ചിരുന്നു. ഭരണതുടർച്ച നേടിയ ജയലളിതയുടെ അണ്ണാ ഡി.എം.കെ.ക്ക് 16 സീറ്റുകളുടെ കുറവുണ്ടായി. അണ്ണാ ഡി.എം.കെയാകട്ടെ 66 സീറ്റുകളാണ് 2011-ലെ നിയമസഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് അധികം ലഭിച്ചത്. മുൻ നിയമസഭ തെരഞ്ഞെടുപ്പിൽ അഞ്ച് സീറ്റുണ്ടായിരുന്ന കോൺഗ്രസിന് എട്ടും സീറ്റ് ലഭിച്ചു. 41 സീറ്റുകളിലാണ് കോൺഗ്രസ് മത്സരിച്ചിരുന്നത്. 

ചുരുക്കത്തിൽ ദ്രാവിഡ കക്ഷികളുടെ പാമ്പും കോണിയും കളിയും മാത്രമാണ് തമിഴകത്ത് സാധ്യമാകുന്നത്. 
ഇതിന് തടയിടാനും ആ മണ്ണിലേക്ക് വിത്തിറക്കാനുമുള്ള നീക്കമാണ് ബി.ജെ.പി നടത്തുന്നത്. അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള കളികൾക്കായിരിക്കും പാർട്ടി ചുക്കാൻ പിടിക്കുക. അണ്ണാ ഡി.എം.കെയിൽനിന്ന് പനീർശെൽവത്തെ അടർത്തിമാറ്റി തങ്ങൾക്കൊപ്പം കൊണ്ടുവരാൻ ബി.ജെ.പിക്ക് എളുപ്പമാകും. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം തന്നെ അണ്ണാ ഡി.എം.കെയെ കൂടെക്കൂട്ടാനുള്ള ശ്രമങ്ങൾ ബി.ജെ.പി തുടങ്ങിയിരുന്നു. തമ്പിദുരൈയെ ലോക്‌സഭ ഡപ്യൂട്ടി സ്പീക്കർ ആയി നിശ്ചയിച്ചായിരുന്നു ബി.ജെ.പിയുടെ ചൂണ്ടയിടൻ. തമ്പിദുരൈ ഒഴികെയുള്ള മുഴുവൻ എം.പിമാരും പനീർശെൽവത്തിനൊപ്പം ചേരുമെന്നാണ് കഴിഞ്ഞദിവസം ശശികല വിരുദ്ധ ക്യാമ്പിലേക്ക് കൂടുമാറിയ ഒരു എം.പി കഴിഞ്ഞദിവസം പ്രതികരിച്ചത്. ജയലളിതയുമായി ബി.ജെ.പി ഒരിക്കലും ഏറ്റുമുട്ടലിന്റെ പാത സ്വീകരിച്ചിരുന്നില്ല.

അണ്ണാ ഡി.എം.കെയിലെ ആഭ്യന്തരകലാപത്തിന്റെ ആദ്യവിജയം ബി.ജെ.പിക്കാണ്. പനീർശെൽവത്തിനൊപ്പം കൂടിയ പത്തിലേറെ എം.പിമാർ സ്വാഭാവികമായും ബി.ജെ.പിയോട് മൃദുസമീപനം സ്വീകരിക്കാനുള്ള സാധ്യതയുണ്ട്. എം.പിമാരുടെ കൂറുമാറ്റത്തിന് കാരണം ബി.ജെ.പിയാണ് എന്ന ആരോപണം ഉയർത്തിയത് ശശികല തന്നെയായിരുന്നു. 
നിലവിലുള്ള സഹചര്യത്തിൽ തമിഴ്‌നാട്ടിലെ പൊതുജനവികാരം ശശികലക്ക് എതിരാണ്. നേരത്തെ ജയലളിതക്ക് എതിരെ കർണാടക കോടതിയുടെ വിധി വന്ന ശേഷമുള്ള പ്രതിഷേധപ്രകടനങ്ങളൊന്നും തമിഴകത്തുണ്ടായിട്ടില്ല. ശശികല എന്ന മഹാവിപത്തിൽനിന്ന് തമിഴ്‌നാടിനെ രക്ഷിച്ച അവതാരപുരുഷനെന്ന വീരപരിവേഷമാണ് പനീർശെൽവത്തിനുള്ളത്. ഇത് മുതലാക്കാൻ തന്നെയാണ് ബി.ജെ.പിയുടെ നീക്കം. നിലവിലുള്ള സഹചര്യത്തിൽ പുതിയ രീതിയിൽ മുന്നോട്ടുപോകാൻ ബി.ജെ.പിയുടെ അദൃശ്യപിന്തുണ തന്നെയാണ് പനീർശെൽവം കൊതിക്കുന്നതും. 

ഡി.എം.കെ അടക്കമുള്ള പ്രതിപക്ഷവും ഏറെ കരുതലോടെയായിരിക്കും മുന്നോട്ടുപോകുക. പനീർശെൽവത്തെ പിന്തുണച്ചാലും ഇല്ലെങ്കിലും പ്രതിസന്ധി രൂപപ്പെടാനുള്ള സാധ്യതയുമുണ്ട്. നിലവിലുള്ള അവസ്ഥയിൽ പനീർശെൽവത്തിനൊപ്പമുള്ള എം.എൽ.എമാരുടെ പിന്തുണയില്ലെങ്കിൽ അണ്ണാ ഡി.എം.കെക്ക് ഭൂരിപക്ഷം തെളിയിക്കാനാകില്ല. സ്വാഭാവികമായും പനീർശെൽവത്തിന് ഡി.എം.കെയുടെ പിന്തുണ വേണ്ടി വരും. എന്നാൽ, ശശികല മുഖ്യമന്ത്രിയായി വരുന്നത് പോലുള്ള സഹചര്യമല്ല ഡി.എം.കെക്ക് മുന്നിലുള്ളത്. അതുകൊണ്ട് തന്നെ പനീർശെൽവത്തിന് പിന്തുണ നൽകേണ്ടതുണ്ടോ എന്ന് ഡി.എം.കെക്ക് ഒരിക്കൽ കൂടി ആലോചിക്കേണ്ടി വരും. ആർക്കും ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ കേന്ദ്രഭരണമായിരിക്കും തമിഴ്‌നാട്ടിലുണ്ടാകുക. തമിഴകത്തിന്റെ തന്നെ രാഷ്ട്രീയ ചരിത്രത്തെ തിരുത്തിക്കുറിക്കുകയും ഭാവിയെ മാറ്റിമറിക്കുകയും ചെയ്യുന്ന കാലമായിരിക്കും പിന്നീട് സംഭവിക്കാനിരിക്കുക. പനീർശെൽവത്തിനൊപ്പം തെരഞ്ഞെടുപ്പിനെ നേരിടാനുള്ള തീരുമാനമായിരിക്കും ബി.ജെ.പി സ്വീകരിക്കുക. ഏതായാലും തമിഴകത്ത് കളി തുടങ്ങിയിട്ടേയുള്ളൂ. 

Latest News