Sorry, you need to enable JavaScript to visit this website.

ഫൈസല്‍ രാജാവിന്റെ വധത്തിന് സാക്ഷിയായ അല്‍കാദിമി അന്തരിച്ചു

റിയാദ് - ഫൈസല്‍ രാജാവിനെ വധിക്കുന്നതിന് നേരിട്ട് സാക്ഷിയായ മുന്‍ കുവൈത്ത് എണ്ണ മന്ത്രി അബ്ദുല്‍മുത്തലിബ് അല്‍കാദിമി അന്തരിച്ചു. ദീര്‍ഘകാലമായി രോഗബാധിതനായി കിടപ്പിലായിരുന്നു. കുവൈത്തിലെ ആദ്യ എണ്ണ മന്ത്രിയായ അബ്ദുല്‍മുത്തലിബ് അല്‍കാദിമി 1975 മുതല്‍ 1978 വരെയുള്ള കാലത്താണ് എണ്ണ മന്ത്രാലയത്തിന്റെ ചുമതല വഹിച്ചത്. എണ്ണ മന്ത്രാലയത്തെ ധനമന്ത്രാലയത്തില്‍നിന്ന് വേര്‍പ്പെടുത്തിയതോടെയാണ് ആദ്യ എണ്ണ മന്ത്രിയായി അബ്ദുല്‍മുത്തലിബ് അല്‍കാദിമി നിയമിതനായത്.
പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് രൂപീകരിക്കുന്നതില്‍ പങ്കെടുത്ത കുവൈത്ത് സംഘത്തിലെ അംഗവുമായിരുന്നു അബ്ദുല്‍മുത്തലിബ് അല്‍കാദിമി. 1971, 1975 തെരഞ്ഞെടുപ്പുകളില്‍ പാര്‍ലമെന്റ് അംഗമായി വിജയിച്ച ഇദ്ദേഹം കുവൈത്തില്‍ നിരവധി മുതിര്‍ന്ന പദവികള്‍ വഹിച്ചിരുന്നു. അറബ്, ലോകചരിത്രത്തിലെ രണ്ടു പ്രധാന സംഭവങ്ങള്‍ക്ക് സാക്ഷിയായിരുന്നു അബ്ദുല്‍മുത്തലിബ് അല്‍കാദിമി. ലോക ഭീകരന്‍ കാര്‍ലോസിന്റെ നേതൃത്വത്തില്‍ ഒപെക് എണ്ണ മന്ത്രിമാരെ തട്ടിക്കൊണ്ടുപോയപ്പോള്‍ അക്കൂട്ടത്തിലും അബ്ദുല്‍ മുത്തലിബ് അല്‍കാദിമി ഉണ്ടായിരുന്നു.
1975 ല്‍ സൗദി അറേബ്യയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്നതിനിടെയാണ് ഫൈസല്‍ രാജാവിന്റെ വധത്തിന് ഇദ്ദേഹം നേരിട്ട് സാക്ഷിയായത്. അബ്ദുല്‍ മുത്തലിബ് അല്‍കാദിമി ഫൈസല്‍ രാജാവിന് സലാം പറയുന്ന നിമിഷത്തിലാണ് അക്രമി രാജാവിനു നേരെ നിറയൊഴിച്ചത്. രാജാവിന്റെ അതിഥിയായ അബ്ദുല്‍ മുത്തലിബ് അല്‍കാദിമിക്ക് വെടിയേറ്റിരുന്നില്ല. വെടിയൊച്ച കേട്ടപ്പോള്‍ ക്യാമറകളുടെ ഫഌഷ് ലൈറ്റുകള്‍ മിന്നിയപ്പോഴുണ്ടായ ശബ്ദമാണെന്നാണ് താന്‍ തുടക്കത്തില്‍ ധരിച്ചതെന്നും എന്നാല്‍ തന്റെ മുന്നില്‍ രാജാവ് വെടിയേറ്റ് വീഴുകയായിരുന്നെന്നും അബ്ദുല്‍മുത്തലിബ് അല്‍കാദിമി വെളിപ്പെടുത്തിയിരുന്നു. എന്താണ് സംഭവിച്ചതെന്ന് തനിക്ക് മനസ്സിലാക്കാന്‍ സാധിച്ചില്ല. എല്ലാം സംഭവിച്ചത് നിമിഷ നേരത്തിലായിരുന്നെന്നും അബ്ദുല്‍മുത്തലിബ് അല്‍കാദിമി വെളിപ്പെടുത്തിയിരുന്നു.

 

Latest News