ആലപ്പുഴ- കോണ്‍ഗ്രസില്‍ അടിഞ്ഞുകൂടിയിരുന്ന ദുര്‍മേദസ്സാണ് സി.പി.എമ്മിലേക്ക് പോയതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. ആലപ്പുഴ ഡി.സി.സിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സജീവമായി കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചുവെന്നതിന് വര്‍ഷങ്ങളുടെ കണക്കല്ല, ജനവിശ്വാസം ആര്‍ജ്ജിക്കാനുള്ള കഴിവാണ് വേണ്ടത്. സി.പി.എമ്മിലേക്ക് പോയ മൂന്ന് പേര്‍ക്കും അതില്ല. 32 വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്, രണ്ട് തവണ കെ.പി. സി.സി ഭാരവാഹി എന്നീ സ്ഥാനങ്ങള്‍ അലങ്കരിക്കുകയും രണ്ട് തവണ നിയമസഭയിലേക്ക് മത്സരിക്കുകയും ചെയ്തയാള്‍ ഇത്രയും നാള്‍ താന്‍ ചവിട്ടയരച്ച സി.പി.എമ്മിന്റെ കാല്‍ക്കീഴിലേക്ക് പോകുമ്പോള്‍ കൂടെ തോളില്‍ കയ്യിടാന്‍പോലും ഒരാളില്ലായിരുന്നു.
പത്തുപേര്‍ പോലും ഇവരെ അനുകൂലിക്കുന്നില്ലെന്നത് കോണ്‍ഗ്രസിന് കൂടുതല്‍ കരുത്തേകുകയാണെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടി അച്ചടക്കവുമായി ബന്ധപ്പെട്ട് നല്‍കിയ കത്തിന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മറുപടി നല്‍കിയെന്നും അദ്ദേഹത്തിന്റെ പ്രസ്താവനയില്‍ അച്ചടക്കലംഘനമുണ്ടായിട്ടില്ലെന്ന് വ്യക്തമായതിനാല്‍ നടപടി ആവശ്യമില്ലെന്നും കെ. സുധാകരന്‍ വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ താഴത്തട്ടിലുള്ള പ്രവര്‍ത്തനത്തിന്റെ രൂപരേഖ തയാറായി വരികയാണ്. എല്ലാ മണ്ഡലങ്ങളിലും ബൂത്ത് കമ്മിറ്റികള്‍ക്ക് കീഴില്‍ കുടുംബങ്ങളെ ചേര്‍ത്തുള്ള യൂണിറ്റുകള്‍ രൂപീകരിച്ച് ട്രയല്‍ നടന്നു വരികയാണെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റുമാരായ പി.ടി തോമസ്, കൊടിക്കുന്നില്‍ സുരേഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു.