Sorry, you need to enable JavaScript to visit this website.

ഐ.എസ്.എൽ എങ്ങോട്ട്?

ഇന്ത്യൻ സോക്കർ ലീഗിന്റെ എട്ടാം സീസൺ നവംബറിൽ ആരംഭിക്കുകയാണ്. കോവിഡ് സാഹചര്യത്തിൽ തുടർച്ചയായ രണ്ടാം വർഷവും ഗോവയിലെ മൂന്ന് സ്‌റ്റേഡിയങ്ങളിലായി എല്ലാ കളികളും പൂർത്തിയാക്കും. നവംബർ 19 ന് ആരംഭിക്കുന്ന ടൂർണമെന്റിൽ 115 മത്സരങ്ങളുണ്ടാവും. ശനിയാഴ്ചകളിൽ രണ്ടു മത്സരങ്ങളാണ്. ഈസ്റ്റ് ബംഗാളിലെ ആശയക്കുഴപ്പം കാരണം അവർ ഇത്തവണ ഉണ്ടാവുമോയെന്ന് ആശങ്കയുണ്ടായിരുന്നു. എന്നാൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ ഇടപെടൽ അനിശ്ചിതത്വം അവസാനിപ്പിച്ചു. 
ഇത്തവണ വിദേശ കളിക്കാരുടെ എണ്ണം പ്ലേയിംഗ് ഇലവനിൽ കുറച്ചിട്ടുണ്ട്. അഞ്ചിൽ നിന്ന് നാലാക്കി. 
2014 ൽ റിലയൻസിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഐ.എസ്.എല്ലാണ് ഇന്ന് ഇന്ത്യയുലെ ഒന്നാം നമ്പർ ലീഗ്. ഐ.എസ്.എൽ ചാമ്പ്യന്മാർക്കാണ് ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ അവസരം. ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിന്റെ മാതൃകയിൽ ആരംഭിച്ച ടൂർണമെന്റിന് ആദ്യ മൂന്നു വർഷം ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷന്റെ അംഗീകാരമുണ്ടായിരുന്നില്ല. എന്നാൽ അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ ഐ.എസ്.എല്ലിനെ പ്രോത്സാഹിപ്പിക്കുകയായിരുന്നു. ഐ-ലീഗായിരുന്നു ഇന്ത്യയിലെ ഒന്നാം നമ്പർ ലീഗെങ്കിലും ഐ-ലീഗ് ക്ലബ്ബുകൾ അവഗണിക്കപ്പെട്ടു. വർഷങ്ങൾ നീണ്ട ചർച്ചക്കൊടുവിലാണ് ഐ-ലീഗ് ക്ലബ്ബുകൾ വഴങ്ങിയത്. ഐ-ലീഗ് ക്ലബ്ബുകൾ ഒറ്റക്കെട്ടായി ചെറുത്തുനിന്നിരുന്നു. എന്നാൽ മോഹൻ ബഗാനും ഈസ്റ്റ് ബംഗാളും ഐ.എസ്.എല്ലിലേക്ക് പോയതോടെ ഐക്യം തകർന്നു. 2017-18 സീസണിൽ ഐ.എസ്.എൽ സീസൺ ആറു മാസമായി ദീർഘിപ്പിച്ചതോടെയാണ് ഏഷ്യൻ കോൺഫെഡറേഷന്റെ അംഗീകാരം കിട്ടിയത്. 
പ്രമുഖ വിദേശ കളിക്കാരുടെ വിശ്രമകാല വിനോദമായിരുന്നു തുടക്കത്തിൽ ഐ.എസ്.എൽ. എന്നാൽ വലിയ പ്രചാരണവും ടെലിവിഷൻ സംപ്രേഷണവും കാരണം വലിയ ജനപ്രീതി നേടി. എട്ട് ചാനലുകളിൽ അഞ്ച് ഭാഷകളിൽ ഐ.എസ്.എൽ സംപ്രേഷണം ചെയ്യപ്പെടുന്നുണ്ട്. അതേസമയം ഐ-ലീഗ് മത്സരങ്ങൾക്ക് സ്‌പോൺസർമാരെയോ പ്രചാരണമോ ലഭിച്ചില്ല. തുടക്കത്തിൽ ഒരേ കളിക്കാരന് ഒരു ഐ.എസ്.എൽ ടീമിലും ഒരു ഐ-ലീഗ് ടീമിലും കളിക്കാമായിരുന്നു. ഐ.എസ്.എൽ ഒന്നാം ഡിവിഷൻ ലീഗായെങ്കിലും അത് ഇപ്പോൾ അടഞ്ഞ ലീഗാണ്. രണ്ടാം ഡിവിഷൻ ജേതാക്കൾക്ക് ഐ.എസ്.എല്ലിലേക്ക് സ്ഥാനക്കയറ്റം കിട്ടില്ല. ഐ.എസ്.എല്ലിലെ അവസാന സ്ഥാനക്കാർ തരംതാഴ്ത്തപ്പെടുകയുമില്ല.  


കരിയറിന്റെ അവസാന ഘട്ടത്തിലാണെങ്കിലും നിരവധി പ്രമുഖ കളിക്കാർ ഐ.എസ്.എല്ലിൽ പങ്കെടുത്തിട്ടുണ്ട്. ഇംഗ്ലണ്ട് ഗോൾകീപ്പറായിരുന്ന ഡേവിഡ് ജെയിംസായിരുന്നു ആദ്യ സീസണിൽ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ക്യാപ്റ്റനും കോച്ചും. പിന്നീട് പരിശീലകനുമായി. അലസാന്ദ്രൊ ദെൽപിയറൊ (ഇറ്റലി, ദൽഹി ഡയനാമോസ്), റോബർട് പിറേസ് (ഫ്രാൻസ്, എഫ്.സി ഗോവ), ഡേവിഡ് ട്രസഗ്വെ (ഫ്രാൻസ്, പൂനെ സിറ്റി എഫ്.സി), മാർക്കൊ മാറ്റെരാസി (ഇറ്റലി, ചെന്നൈയൻ എഫ്.സി), അലസാന്ദ്രൊ നെസ്റ്റ (ഇറ്റലി, ചെന്നൈയൻ എഫ്.സി), യോവാൻ കാപ്‌ദെവിയ (സ്‌പെയിൻ, നോർത്ഈസ്റ്റ് യുനൈറ്റഡ് എഫ്.സി), റോബർടൊ കാർലോസ് (ബ്രസീൽ, ദൽഹി ഡൈനാമോസ്), ഫ്രെഡി ല്യുംഗ്ബർഗ് (സ്വീഡൻ, മുംബൈ സിറ്റി എഫ്.സി), ടിം കഹീൽ (ഓസ്‌ട്രേലിയ, ജാംഷഡ്പൂർ എഫ്.സി), ഇലാനൊ ബ്ലൂമർ (ബ്രസീൽ, ചെന്നൈയൻ എഫ്.സി), ഹെർഡർ പോസ്റ്റീഗ (പോർചുഗൽ, എ.ടി.കെ), ദിമിറ്റർ ബെർബറ്റോവ് (ബൾഗേറിയ, കേരളാ ബ്ലാസ്‌റ്റേഴ്‌സ്), ഫ്‌ളോറന്റ് മലൂദ (ഫ്രാൻസ്, ദൽഹി ഡൈനാമോസ്), ഡിയേഗൊ ഫോർലാൻ (ഉറുഗ്വായ്, മുംബൈ സിറ്റി എഫ്.സി) തുടങ്ങി നിരവധി പ്രമുഖ ഐ.എസ്.എല്ലിൽ ജഴ്‌സിയണിഞ്ഞു. 
ഐ.എസ്.എൽ ഇന്ത്യൻ ഫുട്‌ബോളിൽ എന്തു മാറ്റമാണുണ്ടാക്കിയതെന്ന് ചോദിക്കുമ്പോൾ കാര്യമായൊന്നും എടുത്തു കാണിക്കാനില്ല. ഇന്ത്യൻ ഫുട്‌ബോളിന്റെ നിലവാരം പഴയതിൽ നിന്ന് ഏറെയൊന്നും മെച്ചമല്ല. ഏഷ്യയിൽ പോലും ഗണനീയമായ ശക്തിയല്ല ഇന്ത്യ. 
ക്ലബ് ഫുട്‌ബോളിന്റെ പ്രതാപം വീണ്ടെടുക്കാൻ ഐ.എസ്.എൽ സഹായിച്ചിട്ടുണ്ട്. വിദേശ കളിക്കാരുടെ വരവ് ഇന്ത്യൻ താരങ്ങളുടെ മനോഭാവം മാറ്റാൻ സഹായിച്ചു. ഫുട്‌ബോളിൽ സ്വകാര്യ നിക്ഷേപം വർധിപ്പിക്കാനും ഐ.എസ്.എൽ സഹായിച്ചു. പരമ്പരാഗത ക്ലബ്ബുകളുടെ തകർച്ചക്ക് വഴിയൊരുക്കി എന്നതാണ് പ്രധാനപ്പെട്ട പോരായ്മ. ഐ.എസ്.എല്ലിന്റെ ഭാഗമാവാൻ മോഹൻ ബഗാനും ഈസ്റ്റ് ബംഗാളും നിർബന്ധിതമായി. ഐ.എസ്.എല്ലിന്റെ ഭാഗമാവാൻ തയാറാവാതിരുന്ന ഗോവയിലെ ക്ലബ്ബുകൾ തകർച്ചയിലേക്ക് നീങ്ങി. 
പ്രാദേശിക ക്ലബ്ബുകളില്ലെങ്കിൽ കളിക്കാരുടെ ഒഴുക്ക് നിലക്കും. പ്രതിഭകൾ ഇല്ലാത്തതിനാലല്ല, അവർക്കു കളിക്കാൻ ക്ലബ്ബുകളോ ടൂർണമെന്റുകളോ ഇല്ലാത്തതിനാലാണ് കളിക്കാർ ശ്രദ്ധിക്കപ്പെടാത്തത്. ഐ.എസ്.എല്ലിന്റെ വരവോടെ ഫുട്‌ബോൾ ഏതാനും ഫ്രാഞ്ചൈസികളിലൊതുങ്ങി. ഫുട്‌ബോളിന്റെ പരമ്പരാഗത ശക്തികേന്ദ്രങ്ങളായ കേരളത്തിൽ നിന്ന് ഇന്ന് പഴയതുപോലെ കളിക്കാർ ദേശീയ ടീമിലേക്ക് ഉണ്ടാവുന്നില്ല. ഐ.എസ്.എല്ലിന് കിട്ടുന്ന പ്രാധാന്യവും ശ്രദ്ധയും നല്ലതു തന്നെ. ഐ-ലീഗ് പോലുള്ള ടൂർണമെന്റുകൾക്കും വളരാൻ സാഹചര്യമില്ലെങ്കിൽ അന്തിമമായി അത് ഇന്ത്യൻ ഫുട്‌ബോളിന് ദോഷം ചെയ്യും.

Latest News