Sorry, you need to enable JavaScript to visit this website.

വാസുവേട്ടൻ സമ്മാനിച്ച ബൂട്ട്

1973 ൽ പുറത്തിറങ്ങിയ മലയാള ചിത്രമുണ്ട് -ഫുട്‌ബോൾ ചാമ്പ്യൻ. പ്രേം നസീർ ഇരട്ട വേഷത്തിലായിരുന്നു അതിൽ. ഒരു വശത്ത് പ്രേം നസീർ നായകൻ, എതിർ ടീമിന്റെ ക്യാപ്റ്റൻ കെ.പി ഉമ്മർ. ഇന്നസെന്റും മലപ്പുറം മൊയ്തീൻകുട്ടിയുമൊക്കെ കളിക്കാരായി. ആ ചിത്രത്തിൽ ഉമ്മറിന്റെ ടീമിന്റെ ഗോൾകീപ്പറായിരുന്നു കെ.എം. രാജൻ എന്ന കണ്ണൂർക്കാരൻ. നായിക നടിമാർ ഗാലറിയിലിരുന്ന് കൈ കൊട്ടിയ സുവർണസ്മരണകൾ. കണ്ണൂർ ബ്രദേഴ്‌സ് ക്ലബ്ബിന്റെ കാവലാളായിരുന്നു രാജൻ. ഏതാണ്ട് അര നൂറ്റാണ്ടിനിപ്പുറം കണ്ണൂർ പള്ളിക്കുന്ന് കൃഷ്ണമേനോൻ വനിതാ കോളേജിന് സമീപത്തെ വീട്ടിലിരുന്ന് ആ കഥകൾ അയവിറക്കുമ്പോൾ പഴയ ഗോൾകീപ്പർക്ക് തിളച്ചുമറിയുന്ന ആവേശം. 
കേരളാ ഫുട്‌ബോളിൽ ഗോൾകീപ്പർമാരുടെ സുവർണയുഗത്തിലായിരുന്നു രാജൻ കളിച്ചത്. വിക്ടർ മഞ്ഞിലയും സേതുമാധവനും പ്രീമിയർ ടയേഴ്‌സിൽ. അവർക്കു വെല്ലുവിളി സമ്മാനിച്ച് ഇട്ടി മാത്യുവും മജീദും. കണ്ണൂർ ഫുട്‌ബോളിന്റെയും സുവർണകാലമായിരുന്നു അത്. ബ്രദേഴ്‌സും സ്പിരിറ്റഡ് യൂത്ത്‌സും ജിംഖാനയും ലക്കി സ്റ്റാറും ഒന്നിനൊന്ന് പോന്ന ടീമുകൾ. റെയിലിനപ്പുറത്ത് സ്പിരിറ്റഡും ജിംഖാനയും. ഇപ്പുറത്ത് ലക്കി സ്റ്റാറും ബ്രദേഴ്‌സും. ട്രോഫി റെയിൽ ട്രാക്ക് കടക്കില്ലെന്ന് ഉറപ്പുവരുത്താൻ ടീമുകൾ ഇഞ്ചോടിഞ്ച് പൊരുതിയ കാലം. 
ജാതിയും കുടുംബ മഹിമയും പാരമ്പര്യവുമൊക്കെ ഫുട്‌ബോളിൽ അന്നും ഇന്നും വലിയ ഘടകങ്ങളായിരുന്നുവെന്ന് രാജൻ പറയുന്നു. ഐ.എം വിജയനൊക്കെ പന്ത് തട്ടുന്നതിന് എത്രയോ മുമ്പ് വിവേചനങ്ങളുടെ മുൾവേലി കടന്ന് വന്നയാളാണ് രാജൻ. 


സ്‌കൂൾ ഫുട്‌ബോളിൽ കണ്ണൂരിന്റെ ജഴ്‌സിയിട്ടാണ് അറുപതുകളിൽ രാജൻ ഗോൾകീപ്പിംഗിൽ കരുത്തു തെളിയിക്കുന്നത്. പലതവണ ജില്ലാ സ്‌കൂൾ ടീമിന്റെ വല കാത്തു. സീനിയേഴ്‌സിലും സൂപ്പർ സീനിയേഴ്‌സിലും ട്രോഫികൾ നേടി. യൂനിവേഴ്‌സിറ്റി ടീമുകളിലൂടെ അക്കാലത്തെ പ്രീഡിഗ്രിക്കാർ ദേശീയ ടീമുകളിലേക്ക് ചേക്കേറിയപ്പോൾ കോളേജിന്റെ പടിവാതിൽ കാണാതിരുന്നത് രാജന് തിരിച്ചടിയായി. 
ഫുട്‌ബോൾ ഫ്രണ്ട് എന്ന കണ്ണൂരിലെ ഫുട്‌ബോൾ കളരിയുടെ നട്ടെല്ലായിരുന്ന എൻ.ടി കരുണനാണ് രാജനിലെ ഫുട്‌ബോളറെ കണ്ടെത്തുന്നത്. രാജന്റെ കളിയറിഞ്ഞവരെല്ലാം സ്പിരിറ്റഡിന്റെ ആരാധകരായിരുന്നു. എന്നാൽ രാജൻ എത്തിപ്പെട്ടത് ബദ്ധവൈരികളായ ബ്രദേഴ്‌സിൽ. നിമിത്തങ്ങളാണ് എന്നും രാജന്റെ ജീവിതത്തെയും കരിയറിനെയും വഴിതിരിച്ചുവിട്ടത്. ജ്യേഷ്ഠൻ ജോലി ചെയ്തിരുന്നത് എച്ച്.എം.ടിയിൽ കുണ്ടറ ഹരിദാസിനൊപ്പമായിരുന്നു. അദ്ദേഹമാണ് രാജനെ കൈപിടിച്ച് ബ്രദേഴ്‌സിന്റെ എല്ലാമെല്ലാമായ വാസുവേട്ടനെ ഏൽപിച്ചത്. അന്ന് പ്രായം പന്ത്രണ്ട്. വാസുവേട്ടൻ എന്നാൽ ബ്രദേഴ്‌സ് ക്ലബ്ബിന്റെ ഐതിഹാസിക പരിശീലകൻ. അദ്ദേഹം പിന്നീട് രാജന്റെ ജീവിതവഴികളിലെ നിത്യപ്രചോദനമായി. രണ്ടു തവണ രാജൻ കേരളത്തിന് വേണ്ടി ജൂനിയർ നാഷനൽസിൽ കളിച്ചു. കൽക്കത്തയിൽ ചാമ്പ്യന്മാരായി. പിറ്റേ വർഷം ഒളിംപ്യൻ റഹ്മാനായിരുന്നു ജൂനിയർ കേരളാ ടീമിന്റെ കോച്ച്. റഹ്മാൻക്ക നേരിട്ട് ക്ഷണിച്ചെങ്കിലും വാസുവേട്ടൻ ക്യാമ്പിലേക്ക് വിട്ടില്ലെന്ന് രാജൻ പറയുന്നു. അതിനും മുമ്പൊരിക്കൽ കേരളാ ടീമിലെത്തിയെങ്കിലും ആ വർഷം അസമിലെ പ്രളയം കാരണം ചാമ്പ്യൻഷിപ് അരങ്ങേറിയില്ല. 
1969 മുതൽ ബ്രദേഴ്‌സിന്റെ സീനിയർ ടീമിലുണ്ട്. ഐ.ടി.ഐയിൽ പഠിച്ച രണ്ടു വർഷം ജില്ലാ ലീഗിൽ ഐ.ടി.ഐ ടീമിന് കളിച്ചു. ബാക്കി വർഷങ്ങളിൽ ബ്രദേഴ്‌സിന്റെ കാവലാളായി. ബ്രദേഴ്‌സിനു വേണ്ടി തിരുവനന്തപുരം അലക്‌സ് മെമ്മോറിയലിലും ജി.വി രാജാ ടൂർണമെന്റിലും ചാക്കോള ട്രോഫിയിലും നാഗ്ജിയിലുമൊക്കെ പങ്കെടുത്തു. ബ്രദേഴ്‌സും വാസുവേട്ടനും അന്ന് കേരളാ ഫുട്‌ബോളിന്റെ ഹരമായിരുന്നു. കോഴിക്കോട് പുതിയ സ്റ്റേഡിയം പണിതപ്പോൾ ഡെംപൊ ഗോവയുമായി കളിക്കാൻ തെരഞ്ഞെടുത്തത് കണ്ണൂർ ബ്രദേഴ്‌സിനെയായിരുന്നു. അന്ന് വല കാത്തത് രാജൻ. കൽക്കത്തയുടെ പ്രമുഖ കളിക്കാർക്കെതിരെ പല തവണ ഗോൾമുഖത്ത് വൻമതിൽ തീർത്തു. ശ്യാം ഥാപ്പയുടെ ചവിട്ട് കൊണ്ടതിന്റെ വേദന ഇപ്പോഴും മനസ്സിൽ നീറിനിൽക്കുന്നു. ഗോൾകീപ്പറുടെ കൈവിരലുകളുടെ വേദന പലപ്പോഴും സഹകളിക്കാരോ ഗാലറിയോ അറിയില്ല. ബ്രദേഴ്‌സ് അന്ന് കാണികളുടെ ഹരമായിരുന്നു. തിരുവനന്തപുരത്തും കണ്ണൂരിലും കാണികളുടെ ആധിക്യം കൊണ്ട് മുള ഗാലറികൾ തകർന്നുവീണതിന് സാക്ഷിയായിരുന്നു രാജൻ. 
ബ്രദേഴ്‌സിലും അന്ന് മികച്ച ഗോളിമാരുണ്ടായിരുന്നു. സി. മുസ്തഫ പതിനേഴാം വയസ്സിൽ ഇന്ത്യൻ കുപ്പായമിട്ടിരുന്നു. ഗോൾമുഖത്തെ ആജാനുബാഹുവായിരുന്നു മുസ്തഫയെന്ന് രാജൻ പറയുന്നു. റഹ്മാനും ഹാശിമുമൊക്കെ അന്ന് ബ്രദേഴ്‌സിന്റെ ഗോളിമാരായിരുന്നു. അവരൊക്കെ വഴിമാറിയപ്പോഴാണ് രാജന് ഗോൾകീപ്പറുടെ ഗ്ലൗസ് സ്ഥിരമായത്. ആഘോഷമായി ഫസ്റ്റ് ക്ലാസ് കംപാർട്‌മെന്റിൽ എത്തിച്ച കൽക്കത്ത ടീമിനെ തിരുവനന്തപുരത്തെ ടൂർണമെന്റിൽ ആദ്യ കളിയിൽ 1-0 ന് പൊട്ടിച്ച് തിരിച്ചയച്ച ചരിത്രമുണ്ട് ബ്രദേഴ്‌സിന്. 
ചാക്കോളാ ട്രോഫിയിൽ തന്റെ കളി കണ്ട അന്നത്തെ ഇന്ത്യൻ കോച്ച് ജി.എം ബാഷ നേരിട്ട് ഇന്ത്യൻ ക്യാമ്പിലേക്ക് ക്ഷണിച്ചിരുന്നുവെന്ന് രാജൻ പറയുന്നു. ജലന്ധറിലെ ക്യാമ്പിൽ രാജനെ എത്തിക്കാൻ വാസുവേട്ടനോടാണ് പറഞ്ഞത്. ജ്യേഷ്ഠന്റെ കല്യാണ സമയമായിരുന്നു അത്. താനും പോയാൽ വീട്ടിലാരുമുണ്ടാവില്ല. ഇനിയും അവസരങ്ങൾ വരുമെന്ന് ഉറപ്പിച്ചു. പക്ഷെ പിന്നീട് വിളിയുണ്ടായില്ല. 
1975 ൽ കണ്ണൂർ ലീഗിൽ ബ്രദേഴ്‌സിന് കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് രാജന്റെ ജീവിതം വഴിതിരിയുന്നത്. ബ്രദേഴ്‌സിന്റെ ആരാധകനായ ഓട്ടോഡ്രൈവർ സാലി അദ്ദേഹത്തെ ബോംബെയിലേക്ക് കൊണ്ടുപോയി. ബോംബെയിലെത്തിയാൽ ഗൾഫിലേക്ക് കടക്കാമെന്നായിരുന്നു പ്രതീക്ഷ. കോച്ച് വാസുവേട്ടനോട് മാത്രം പറഞ്ഞു. വാസുവേട്ടൻ ഒരു ജോഡി ബൂട്ട് സമ്മാനിച്ചു. ഒരിക്കലും ഉപേക്ഷിക്കരുതെന്ന് ഉപദേശം നൽകി. ആ ബൂട്ടുകളാണ് പിന്നീട് രാജന്റെ ജീവിതത്തിലെ വഴിത്തിരിവായത്.
ബോംബെയിൽ ഒരു ദിവസം നടക്കാനിറങ്ങിയപ്പോൾ രാജാ എന്നൊരു വിളി. ആദ്യം ആളെ തിരിച്ചറിഞ്ഞില്ല. കേരളാ ക്യാമ്പിൽ വെച്ച് പരിചയമുണ്ടായിരുന്ന മറ്റൊരു രാജനായിരുന്നു വിളിച്ചിരുന്നത്. ബികാനീർ ടീമിന്റെ കളിക്കാരനായിരുന്നു സുഹൃത്ത് രാജൻ. ശമ്പളം അധികം ലഭിച്ചതിനാൽ ബോംബെയിൽ പിരാമള്‍ കമ്പനിക്കു കളിക്കാൻ വന്നു. അവരന്ന് ഒരു സമർഥനായ ഗോളിയെ തേടുകയായിരുന്നു. കണ്ണൂർക്കാരനായ രാജന് തേടിയ വള്ളി കാലിൽ ചുറ്റി. അന്ന് തന്നെ ഇന്റർവ്യൂവും നിയമനവും. 
പക്ഷെ ഒരു പ്രശ്‌നം. 1975 സീസണിൽ കണ്ണൂർ ലീഗിൽ രാജൻ ബ്രദേഴ്‌സിനു വേണ്ടി രജിസ്റ്റർ ചെയ്തിരുന്നു. മറ്റൊരു ലീഗിൽ കളിക്കാനാവില്ല. പിരാമള്‍ അദ്ദേഹത്തിന്റെ പേരു മാറ്റി കമ്മത്ത് എന്നാക്കി. അങ്ങനെ ഗൾഫിൽ പോകാനായി ബോംബെയിലെത്തിയ രാജൻ ബോംബെ ലീഗിൽ കമ്മത്തായി പിരാമളിന്റെ ഗോൾമുഖത്തെത്തി. വാസുവേട്ടന്‍ സമ്മാനിച്ച ബൂട്ട് രാജന് ജീവിതമാര്‍ഗമായി. അന്ന് പിരാമള്‍ മൂന്നാം ഡിവിഷനിലായിരുന്നു. രാജന്റെ ഗോൾകീപ്പിംഗ് മികവിൽ വൈകാതെ അവർ ഒന്നാം ഡിവിഷനിലെത്തി. 1985 ൽ രാജൻ ഫുട്‌ബോൾ വിടുന്നതു വരെ പിന്നീട് പിരാമള്‍ ഒന്നാം ഡിവിഷനിലായിരുന്നു. 
രാജന്റെ അന്നം പിരാമളിലായിരുന്നു. 2001 ലാണ് വിരമിച്ചത്. ഫുട്‌ബോൾ ജീവിതത്തിനിടയിൽ രാജൻ കല്യാണം കഴിക്കാൻ വൈകി. നാൽപത് കഴിഞ്ഞു രാജൻ വിവാഹജീവിതത്തിലേക്ക് കടന്നപ്പോൾ. ഭാര്യ പഴയങ്ങാടിക്കാരി രാധിക. എസ്.ബി.ടിയിൽ ചീഫ് മാനേജറായാണ് അവർ വിരമിച്ചത്. 

Latest News