Sorry, you need to enable JavaScript to visit this website.

കരിപ്പൂർ വിമാനാപകടവും അന്വേഷണ റിപ്പോർട്ടും 

2020 ഓഗസ്റ്റ് ഏഴിന് നടന്ന കരിപ്പൂർ വിമാനാപകടത്തിന്റെ അന്വേഷണ  റിപ്പോർട്ട് ഒരു വർഷത്തിന് ശേഷം പുറത്തു വന്നിരിക്കുകയാണ്. അപകടത്തിന് മുഖ്യ കാരണം മുഖ്യ പൈലറ്റിന്റെ പിഴവും അതു പരിഹരിക്കുന്നതിൽ സഹ പൈലറ്റ് വരുത്തിയ വീഴ്ചയുമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 281 പേജുള്ള റിപ്പോർട്ടിൽ ഭാവിയിൽ അപകടങ്ങൾ ഒഴിവാക്കാൻ 43 സുരക്ഷാ നിർദേശങ്ങളും നൽകിയിട്ടുണ്ട്. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കീഴിലുള്ള എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവസ്റ്റിഗേഷൻ ബ്യൂറോയാണ് റിപ്പോർട്ട്  പുറത്തു വിട്ടിരിക്കുന്നത്.  വിമാനം ലാൻഡ് ചെയ്യുമ്പോൾ പൈലറ്റ് നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. വിമാനം ഇറങ്ങേണ്ട സ്ഥാനത്ത് നിന്ന് മുന്നോട്ടു പോയി വിമാനം പറന്നിറങ്ങിയത് അപകടത്തിന് കാരണമായെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. നിരീക്ഷണ ചുമതലയുള്ള പൈലറ്റ് നിയന്ത്രണം ഏറ്റെടുത്തില്ലെന്നും സാങ്കേതിക പിഴവ് തള്ളിക്കളയാനാകില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
കോവിഡ് മഹാമാരിക്കാലത്ത് കേരളക്കരയെയാകെ ഞെട്ടിച്ച വിമാന ദുരന്തമായിരുന്നു കരിപ്പൂരിലേത്. അപകടത്തിൽ 21 പേരാണ് മരിച്ചത്. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു. 184 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. റൺവേയിൽ വിമാനം നിലംതൊട്ടത് അതിന്റെ പകുതിയും പിന്നിട്ടാണ്. ടേബിൾ ടോപ് റൺവേയായതുകൊണ്ട് മറ്റു വിമാനത്താവളങ്ങളെ അപേക്ഷിച്ച് ഇവിടെ ലാൻഡിംഗ് ദുഷ്‌കരമായാണ് കരുതപ്പെടുന്നത്. പൈലറ്റുമാർക്ക് മുന്നറിയിപ്പ് നൽകിയിട്ടും വിമാനം അമിത വേഗത്തിൽ മുന്നോട്ടു പോയെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. ഇരുവശങ്ങളിലെ ഇന്ധന ടാങ്കിന് ചോർച്ചയുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു. പൈലറ്റിന് ഗോ എറൗണ്ട് എന്ന നിർദേശം നൽകിയിട്ടും അത് പാലിക്കുന്നതിൽ പരാജയപ്പെട്ടെന്നും അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കരിപ്പൂരിൽ ഇറങ്ങുന്നതു ദുഷ്‌കരമാണെന്നു മനസ്സിലാക്കിയപ്പോൾ കൊച്ചിയിലേക്കോ കോയമ്പത്തൂരിലേക്കോ പറക്കാമായിരുന്നെന്ന് റിപ്പോർട്ടിലുണ്ട്.
ദുഷ്‌കര സാഹചര്യങ്ങളിൽ വിമാനം ഇറക്കുന്നത് സംബന്ധിച്ച് കൂടുതൽ പാഠങ്ങൾ ഉൾപ്പെടുത്തി പൈലറ്റ് പരിശീലനം നവീകരിച്ച് കാര്യക്ഷമമാക്കണമെന്നതാണ് റിപ്പോർട്ടിലെ മറ്റൊരു പ്രധാന നിർദേശം. ഇതും നടപ്പാക്കാൻ കാലതാമസം വരരുത്. പൈലറ്റിന്റെ ഡ്യൂട്ടി ക്രമീകരണങ്ങൾ അവരെ മാനസിക സമ്മർദത്തിലാക്കാൻ പാകത്തിലാകരുത്. ഡ്യൂട്ടി അടിച്ചേൽപിക്കുന്ന ശൈലിയിൽ മാറ്റം വരുത്താൻ എയർ ഇന്ത്യയും ഇതൊരു പാഠമായി എടുക്കണം.
അപകടം ശ്രദ്ധയിൽപെട്ട് നാട്ടുകാർ ഓടിയെത്തിയതിനെ തുടർന്നാണ് വലിയ ദുരന്തം ഒഴിവായത്. നാട്ടുകാർ മതിൽ ചാടിക്കടന്ന് അപകടത്തിൽ പെട്ടവരെ സ്വകാര്യ വാഹനങ്ങളിൽ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. വിമാനത്തിന്റെ ഇന്ധനത്തിനും ചോർച്ചയുണ്ടാകുമെന്നും അത് കത്തിപ്പടരാൻ സാധ്യതയുണ്ടെന്നുമുള്ള അപകടം ആലോചിക്കാതെയാണ് നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് ഇടപെട്ടത്. റൺവേക്ക് നീളം കൂട്ടണമെന്ന് അപകടത്തിന് പിന്നാലെ വിദഗ്ധരും പൊതുരംഗത്തെ പ്രമുഖരും ആവശ്യപ്പെട്ടിരുന്നതാണ്. ഈ ആവശ്യം അതോറിറ്റി പരിഗണിച്ചിട്ടില്ല. വിമാനത്താവളങ്ങൾക്ക് സ്ഥലം എടുത്തു നൽകേണ്ട ചുമതല സംസ്ഥാന സർക്കാരിനാണ്. അത് വർഷങ്ങളോളം വൈകിപ്പിക്കുകയും നീട്ടിക്കൊണ്ടു പോകുകയും ചെയ്യുന്ന പ്രവണതയാണ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്.

അന്വേഷണ റിപ്പോർട്ട് വന്നതോടെ നഷ്ടപരിഹാരത്തുക ലഭിക്കുന്നതിനുള്ള നടപടി വേഗമാകുമെന്ന പ്രതീക്ഷയിലാണ് പരിക്കേറ്റവരും മരിച്ചവരുടെ ആശ്രിതരും. ഇത് സംബന്ധമായ നിയമ വ്യവഹാരം നടക്കുന്നത് മൂന്ന് രാജ്യങ്ങളിലാണ്. ഇന്ത്യക്കു പുറമെ അമേരിക്ക, യുഎഇ എന്നിവിടങ്ങളിലാണ് നടപടിക്കു സമീപിച്ചിട്ടുള്ളത്.  മരിച്ച 21 പേരിൽ 18 പേരുടെ ആശ്രിതരും സമീപിച്ചതു ദുബായിലാണ്. അതതു രാജ്യങ്ങളുടെ ചട്ടങ്ങൾ പാലിച്ചുകൊണ്ട് കോടതിക്കു പുറത്തുള്ള ഒത്തുതീർപ്പു ചർച്ചകളാണിപ്പോൾ നടക്കുന്നത്. വിമാനക്കമ്പനി വാഗ്ദാനം ചെയ്ത തുക കുറവാണെന്നു ചൂണ്ടിക്കാട്ടി നടപടി പൂർത്തീകരിക്കാത്ത നൂറോളം പേർക്കാണ് നഷ്ടപരിഹാരത്തുക ലഭിക്കാനുള്ളത്. ഇവരുടെയെല്ലാം ചികിത്സാച്ചെലവ് വഹിക്കുന്നത് വിമാനക്കമ്പനിയാണ്. എന്നാൽ ഈ മാസത്തോടെ ഇത് അവസാനിപ്പിക്കുമെന്നു എയർ ഇന്ത്യ ഇവരെ അറിയിച്ചു കഴിഞ്ഞു. 
സാധാരണ ഗതിയിൽ വിമാനാപകടങ്ങളുമായി ബന്ധപ്പെട്ടുള്ള  റിപ്പോർട്ട് നൽകിയാൽ അത് നടപ്പാക്കിയോ എന്ന പരിശോധന നടക്കാറില്ല. അന്വേഷണ റിപ്പോർട്ടിലെ സുരക്ഷാ നിർദേശങ്ങൾ വിമാനത്താവളത്തിൽ നടപ്പാക്കാൻ വിദഗ്ധരുടെ സംഘത്തെ നിയോഗിക്കുമെന്ന് കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറയുകയുണ്ടായി. അതിന് വിമാനത്താവള അതോറിറ്റി ഒരു സമയക്രമം നിശ്ചയിക്കണം. 
ഇത്തരം അപകടങ്ങൾ കാരണം വിലപ്പെട്ട എത്രയോ ജീവനുകളാണ് ആകാശത്ത് പൊലിയുന്നത്. റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്ന സാഹചര്യത്തിൽ യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കുന്ന സുരക്ഷാ വീഴ്ചയും ശ്രദ്ധക്കുറവും ഉടൻ പരിഹരിക്കാൻ  വ്യോമയാന മന്ത്രാലയം നടപടി സ്വീകരിക്കുമെന്നാണ്  പ്രതീക്ഷിക്കുന്നത്.
 

Latest News