രാജസ്ഥാനില്‍ മുസ്ലിംകളുടെ ഭൂമി ജിഹാദെന്ന് ബിജെപി എംഎല്‍എ നിയമസഭയില്‍ 

ജയ്പൂര്‍- രാജസ്ഥാനിലെ ടോങ്ക് ജില്ലയിലെ മാല്‍പുര പട്ടണത്തില്‍ മുസ്‌ലിംകള്‍ ഭൂമി ജിഹാദ് നടത്തുകയാണെന്നും സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കിനേക്കാള്‍ വലിയ ഇരട്ടി തുക നല്‍കി ഹിന്ദുക്കളില്‍ നിന്ന് ഭൂമി വാങ്ങുകയാണെന്നും മാല്‍പുര ബിജെപി എംഎല്‍എ കനയ്യ ലാല്‍ നിയമസഭയില്‍ ആരോപിച്ചു. ഇവിടെ ഹിന്ദു സമുദായക്കാരില്‍ നിന്നും ഭൂമിയും വീടും മുസ്‌ലിം സമുദായം വാങ്ങിക്കൂട്ടുകയാണ്, ഇതിന് അവര്‍ പ്രചാരണം നല്‍കുന്നുണ്ടെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു. 'നിയമവിരുദ്ധമായി ഇങ്ങനെ വാങ്ങിയ വീടുകള്‍ താമസമാക്കി അവര്‍ ഹിന്ദു അയല്‍ക്കാരുമായി എല്ലാ ദിവസവും ഏറ്റുമുട്ടുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു,' എംഎല്‍എ പറഞ്ഞു. ഹിന്ദു പെണ്‍കുട്ടികള്‍ക്കു നേരെ മോശം കമന്റുകളും ചേഷ്ടകള്‍ കാണിക്കലും ഇവര്‍ തുടങ്ങിയിട്ടുണ്ട്. ഇത് പ്രദേശത്ത് ഭയാന്തരീക്ഷ സൃഷ്ടിച്ചിരിക്കുന്നു. പ്രദേശത്തു നിന്നും 600-800 ഹിന്ദു കുടുംബങ്ങളാണ് ഒഴിഞ്ഞു പോയതെന്നും അദ്ദേഹം പറഞ്ഞു. 

മാല്‍പുരയിലെ ഒമ്പത് വാര്‍ഡുകളില്‍ മുസ്‌ലിംകള്‍ താമസിക്കുന്ന വീടുകളുടെ സമീപങ്ങളില്‍ നിന്നും ഹിന്ദു കുടുംബങ്ങള്‍ ഒഴിഞ്ഞു പോയി. രണ്ടു വാര്‍ഡുകളിലെ ജൈന ക്ഷേത്രമുള്ള രണ്ടു വാര്‍ഡുകളിലെ വഴികളില്‍ എല്ലും മറ്റു മാലിന്യങ്ങളും വലിച്ചെറിയുകയാണെന്നും എംഎല്‍എ ആരോപിച്ചു. പ്രദേശവാസികളില്‍ ചിലര്‍ പരാതിയുമായി മാല്‍പുര സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റിനെ സമീപിച്ചെങ്കിലും അദ്ദേഹം പരാതി സ്വീകരിക്കാന്‍ പോലും തയാറായില്ലെന്നും കനയ്യ ലാല്‍ ആരോപിച്ചു.

Latest News