Sorry, you need to enable JavaScript to visit this website.

അഫ്ഗാനിൽ ഏഴു കുട്ടികളടക്കം പത്തു പേരെ കൊലപ്പെടുത്തിയത് തങ്ങളുടെ പിഴവെന്ന് അമേരിക്ക

വാഷിംഗ്ടൺ- അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ നടത്തിയ ഡ്രോണാക്രമണം തങ്ങൾക്ക് പറ്റിയ വൻ പിഴവായിരുന്നെന്ന് സമ്മതിച്ച് അമേരിക്ക. നിരീക്ഷണ ഡ്രോണുകൾക്ക് പറ്റിയ പിഴവാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നും അമേരിക്കൻ പ്രതിരോധ വിഭാഗം ആസ്ഥാനമായ പെന്റഗൺ കുറ്റസമ്മതം നടത്തി. ഏഴ് കുട്ടികളടക്കം പത്ത് പേരാണ് ഓഗസ്റ്റ് 29ന് നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടത്.  

ഒരു വെള്ള ടൊയോട്ട കാർ എട്ട് മണിക്കൂറോളം കാബൂളിൽ കണ്ടതിനെ തുടർന്ന് തീവ്രവാദ ആക്രമണം സംശയിച്ചായിരുന്നു അമേരിക്ക ഡ്രോൺ ആക്രമണത്തിന് മുതിർന്നത് എന്നായിരുന്നു അമേരിക്കയുടെ അവകാശവാദം. 
ആക്രമണം ശരിയായ തീരുമാനമായിരുന്നു എന്നായിരുന്നു തുടക്കത്തിൽ പെന്റഗണിന്റെ നിലപാട്. ചാവേറുകൾ കാബൂളിലെ ഹാമിദ് കർസായി വിമാനത്താവളം ആക്രമിക്കുന്നതിൽ നിന്നും ഡ്രോൺ ആക്രമണം തടഞ്ഞു എന്നായിരുന്നു അമേരിക്കൻ സൈന്യം അന്ന് പറഞ്ഞിരുന്നത്.
ഐ.എസ്.ഐ.എസ്‌നെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് അമേരിക്കൻ സെൻട്രൽ കമാൻഡിന്റെ പ്രസ്താവനയിൽ പറഞ്ഞിരുന്നത്. താലിബാൻ അഫ്ഗാൻ കീഴടക്കിയതിന് പിന്നാലെ അമേരിക്ക തങ്ങളുടെ പൗരന്മാരെ അവിടെ നിന്ന ഒഴിപ്പിക്കുന്നതിന്റെ അവസാന ഘട്ടത്തിലായിരുന്നു കാബൂൾ വിമാനത്താവളത്തിനടുത്ത് ആക്രമണമുണ്ടായത്.
 

Latest News