നാര്‍ക്കോട്ടിക് ജിഹാദ്: ബി.ജെ.പി നിലപാട് തള്ളി സി.കെ പത്മനാഭന്‍; വര്‍ഗീയത ഇളക്കിവിടുന്നവര്‍ക്ക് നാശം തടുത്തു നിര്‍ത്താനാവില്ല

കണ്ണൂര്‍- നാര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ ബി.ജെ.പി നിലപാട് തള്ളി പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതി അംഗം സി.കെ പത്മനാഭന്‍ രംഗത്ത്. നാര്‍ക്കോട്ടിക് ജിഹാദ് എന്നൊരു കാര്യമുണ്ടെന്ന് താന്‍ കരുതുന്നില്ലെന്ന് പത്മനാഭന്‍ വ്യക്തമാക്കി.  മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് സി.കെ.പി പാര്‍ട്ടി നിലപാടിനെ പരസ്യമായി തള്ളിപ്പറഞ്ഞത്.
പാലാ ബിഷപ്പ് പറഞ്ഞ നാര്‍ക്കോട്ടിക് ജിഹാദ് എന്ന കാര്യം ഉണ്ടെന്ന് താന്‍ വിശ്വസിക്കുന്നില്ല. നര്‍ക്കോട്ടിക് മാഫിയ ഉണ്ട്. അത് വളരെ സജീവവുമാണ് എന്നത് യാഥാര്‍ഥ്യമാണ്.
വര്‍ഗീയത ഇളക്കിവിടുന്നവര്‍ക്ക് നാശം തടുത്തു നിര്‍ത്താനാവില്ല. ബിഷപ്പ് ഇക്കാര്യം പൊതു സമ്മേളനത്തില്‍ പറഞ്ഞതല്ല. വിശ്വാസികളുടെ യോഗത്തില്‍ പറഞ്ഞതാണ്. എന്നിരുന്നാലും ഇത് വിവാദമായി. ഏത് സാഹചര്യത്തിലാണ് പറയുന്നത് എന്നത് ആ സാഹചര്യത്തിന്റെ അടിസ്ഥാനത്തിലാണ് വിലയിരുത്തേണ്ടത്. എങ്കിലും മതങ്ങളും സമുദായങ്ങളും തമ്മില്‍ അകലാന്‍ ഇടയാക്കുന്ന വിധത്തിലുള്ള പ്രസ്താവനകള്‍ നടത്താന്‍ പാടില്ല. നമ്മുടെ നാട്ടിലെ സൗഹാര്‍ദവും, ജനങ്ങളുടെ സമാധാന ജീവിതവും തകര്‍ക്കുന്ന വിധത്തിലുള്ള നിലപാടുകള്‍ ആരും എടുക്കാന്‍ പാടില്ല. പക്വതയോടെയും ആത്മനിയന്ത്രണത്തോടെയും വേണം മത നേതാക്കള്‍ സംസാരിക്കേണ്ടത്. ഒരു തീപ്പൊരി മതി കാട്ടുതീയായി മാറാന്‍. മുന്നില്‍ നില്‍ക്കുന്നവര്‍ തന്നെയാവും ആദ്യം ഇരയാവുക. ഇപ്പോള്‍ സംവാദമല്ല, വിവാദമാണ് നടക്കുന്നത്. വിവാദമാക്കാന്‍ ശ്രമിക്കുന്നവരും ഇതില്‍ നിന്നും പിന്മാറണം. മാത്രമല്ല, ഇത്തരം വിഷയങ്ങളില്‍ ആത്മനിയന്ത്രണം പാലിക്കാതെ പ്രകോപനപരമായ പ്രതിഷേധങ്ങള്‍ നടത്തുന്നത് വിഷയം ആളിക്കത്തിക്കാന്‍ മാത്രമേ സഹായകമാവൂ -സി.കെ.പി പറഞ്ഞു.
 ജിഹാദ് എന്ന വിഷയം വര്‍ഷങ്ങളായി ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ്. ജിഹാദ് എന്ന വാക്കിന്റെ അര്‍ഥം തന്നെ വേറെയാണെന്നാണ് മതപണ്ഡിതര്‍ പറയുന്നത്. അതിനാല്‍ ഈ വാക്കു തന്നെ ഉപയോഗിക്കുന്നത് ശരിയല്ല. ഈ വിഷയവുമായി ബന്ധപ്പെട്ട് സി.പി.എം നിലപാടിനെയും സി.കെ.പി വിമര്‍ശിച്ചു. സി.പി.എമ്മിന് വൈകിയ വേളയിലെങ്കിലും ഇത് അംഗീകരിക്കാന്‍ തയാറായതില്‍ സന്തോഷമുണ്ടെന്ന് സി.കെ.പി പറഞ്ഞു. നിര്‍ബന്ധിതമായ മത പരിവര്‍ത്തനം കുറ്റകരമായ പ്രവൃത്തിയാണ്. ഒരാള്‍ സ്വമേധയാ മതം മാറുന്നത് നിയമ വിധേയമാണ്. എന്നാല്‍ പ്രലോഭിപ്പിച്ചോ, ഭീഷണിപ്പെടുത്തിയോ മതം മാറ്റുന്നത് കുറ്റകരമാണ്. ഇതാണ് വ്യത്യാസമെന്നും സി.കെ.പി പറഞ്ഞു. നാര്‍ക്കോട്ടിക് ജിഹാദുമയി ബന്ധപ്പെട്ട കൂടുതല്‍ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറിയ സി.കെ.പി താന്‍ പറഞ്ഞതില്‍ എല്ലാം ഉണ്ട് എന്ന് ആവര്‍ത്തിച്ചു.
നാര്‍കോട്ടിക് ജിഹാദ് വിഷയത്തില്‍ ബി.ജെ.പി സംസ്ഥാന നേതൃത്വം ബിഷപ്പിന് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയും, സമൂഹ മാധ്യമങ്ങളില്‍ വിഷയം ആളിക്കത്തിക്കാന്‍ ശ്രമിക്കുകയും ചെയ്യുമ്പോഴാണ് നേതൃത്വത്തെ പാടെ തള്ളി നാര്‍ക്കോട്ടിക് ജിഹാദ് ഇല്ലെന്ന വാദവുമായി ദേശീയ നേതാവ് തന്നെ രംഗത്തു വരുന്നതെന്നത് ശ്രദ്ധേയമാണ്. മാത്രമല്ല വിഷയം ആളിക്കത്തിക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പിയെ പരോക്ഷമായി പരിഹസിക്കുകയും ചെയ്തു.  ജനങ്ങളെ ഇളക്കിവിടാന്‍ ശ്രമിക്കുന്നവര്‍, ഇളക്കിവിടുന്നവര്‍ക്ക് തടുത്തു നിര്‍ത്താനാവില്ല എന്ന കാര്യം ഓര്‍ക്കണമെന്നും അദ്ദേഹം പരോക്ഷ വിമര്‍ശനം ഉയര്‍ത്താനും മടിച്ചില്ല.

 

Latest News