വ്യാജ അഭിഭാഷക സെസി സേവ്യറിന് ജാമ്യമില്ല, കീഴടങ്ങാന്‍ നിര്‍ദേശം

ആലപ്പുഴ- വ്യാജ അഭിഭാഷക സെസി സേവ്യറിന്റെ മുന്‍ കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ സെസി സേവ്യര്‍ എത്രയും വേഗം കീഴടങ്ങണമെന്ന് കോടതി നിര്‍ദേശിച്ചു.   

കീഴടങ്ങിയില്ലെങ്കില്‍ അറസ്റ്റ് ചെയ്യാമെന്നും ജസ്റ്റിസ് വി ഷിര്‍സി ഉത്തരവില്‍ വ്യക്തമാക്കി. വഞ്ചനാക്കുറ്റം നിലനില്‍ക്കില്ലെന്ന സെസി സേവ്യറിന്റെ വാദം കോടതി അംഗീകരിച്ചില്ല. ഇന്ത്യന്‍ ശിക്ഷാ നിയമം 417(വഞ്ചന), 419, 420(ആള്‍മാറാട്ടം) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.

നിയമ ബിരുദമില്ലാതെ അഭിഭാഷകയായി പ്രാക്ടീസ് ചെയ്തു എന്ന് ചൂണ്ടിക്കാട്ടി ആലപ്പുഴ ബാര്‍ അസോസിയേഷന്‍ സമര്‍പ്പിച്ച പരാതിയിലാണ് സെസി സേവ്യറിനെതിരെ കേസെടുത്തത്.  മറ്റൊരാളുടെ നമ്പര്‍ ഉപയോഗിച്ചാണ് അംഗത്വം നേടിയതെന്നും ആരോപണമുണ്ട്. കോടതി നിര്‍ദേശം പാലിക്കാമെന്നും അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടാന്‍ അന്വേഷണ ഉദ്യോഗസ്ഥന് നിര്‍ദേശം നല്‍കണമെന്നുമായിരുന്നു ഹരജിയിലെ ആവശ്യം.

ആള്‍മാറാട്ടം നടത്തിയിട്ടില്ലെന്നും സുഹൃത്തുക്കള്‍ തന്നെ വഞ്ചിക്കുകയായിരുന്നു എന്ന വാദവും സെസി സേവ്യര്‍ മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍ വഞ്ചനാക്കുറ്റം നിലനില്‍ക്കുമെന്ന് ജാമ്യഹരജി തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കി.

 

Latest News