Sorry, you need to enable JavaScript to visit this website.

വർഗീയവാദികൾ ദൈവവിശ്വാസികളല്ല 

വിവിധ മതങ്ങളിൽ കഴിഞ്ഞുകൂടുന്നവരാണെങ്കിലും ആത്യന്തികമായി മനുഷ്യരെല്ലാം ദൈവവിശ്വാസികളാണ്. ദൈവവിശ്വാസത്തിന്റെ വ്യാഖ്യാനങ്ങളിലാണ് മതവിശ്വാസികളുടെ അഭിപ്രായവ്യത്യാസം നിലനിൽക്കുന്നത്. മാനവസമുദായത്തെയും ഇതര ജന്തുജാലങ്ങളെയും പ്രകൃതി പ്രതിഭാസങ്ങളെയും സൃഷ്ടിച്ചവനാണ് യഥാർത്ഥ ദൈവമെന്ന ധാരണയാണ് പൊതുവിൽ മതവിശ്വാസികൾക്കുള്ളത്. പ്രവാചകന്മാർ വഴിയും വേദഗ്രന്ഥങ്ങൾ വഴിയും മനുഷ്യരുടെ വിശേഷബുദ്ധി വഴിയും മനുഷ്യ മസ്തിഷ്‌കങ്ങളിൽ സ്ഥിരപ്രതിഷ്ഠ നേടിയ വിശ്വാസമാണത്. മനുഷ്യരെല്ലാവരും ഒരേ സ്രഷ്ടാവിന്റെ സൃഷ്ടികളാണെന്ന കാഴ്ചപ്പാട് മനുഷ്യർക്കിടയിൽ അവർ ഏകോദര സഹോദരങ്ങളാണെന്ന ബോധ്യം വളർത്തുന്നു. അത്തരമൊരു ബോധ്യം ജാതീയതയെ തകർക്കുന്നു. പണക്കാരനും പണിക്കാരനും തമ്മിലുള്ള അന്തരം ഇല്ലാതാക്കുന്നു. വർണ്ണത്തിന്റെയും കുലത്തിന്റെയും പേരിലുള്ള ആഭിജാത്യങ്ങളെ നിർവീര്യമാക്കുന്നു. സ്രഷ്ടാവിനെ വണങ്ങി, പ്രതിസന്ധി ഘട്ടങ്ങളിലും അല്ലാത്തപ്പോഴും അവങ്കലേക്ക് കൈകളുയർത്തി സമസൃഷ്ടികളെ സ്‌നേഹിച്ച് കഴിയുമ്പോൾ മനുഷ്യരിൽ ഏകമാനവതയും പരസ്പര ബഹുമാനവും വളരുന്നു. വർഗീയവാദം അവരിൽ നിന്ന് പാടേ ഇല്ലാതാകുന്നു. 
ഖുർആൻ പറയുന്നു: 'തീർച്ചയായും ഇതാണ് നിങ്ങളുടെ സമുദായം. ഏകസമുദായം. ഞാനാണ് നിങ്ങളുടെ രക്ഷിതാവ്. അതിനാൽ നിങ്ങൾ എന്നെ സൂക്ഷിച്ചു ജീവിക്കുവിൻ. എന്നാൽ മനുഷ്യർ കക്ഷികളായിപിരിഞ്ഞു കൊണ്ട് തങ്ങളുടെ കാര്യത്തിൽ പരസ്പരം ഭിന്നിക്കുകയാണുണ്ടായത്. ഓരോ കക്ഷിയും തങ്ങളുടെ പക്കലുള്ളതു കൊണ്ട് സംതൃപ്തി അടയുന്നവരാകുന്നു.' (23:5253). മാനവസമുദായം ഏകസമുദായമാണെന്നാണ് ഖുർആനിന്റെ കാഴ്ചപ്പാട്. സ്രഷ്ടാവിനെ സൂക്ഷിച്ചും ആരാധിച്ചും ജീവിക്കുന്നതിന് പകരം പരസ്പരം കക്ഷികളും മതങ്ങളുമായി പിരിയുകയാണ് മനുഷ്യർ ചെയ്തിട്ടുള്ളത്. ഖുർആൻ പഠിപ്പിക്കുന്ന ദൈവാർപ്പണം എന്നർത്ഥം വരുന്ന ഇസ്‌ലാമിന്റെ അർഥം സ്രഷ്ടാവിനെ അറിഞ്ഞ്, അവനെ മാത്രം ആരാധിച്ച്, അവന്റെ നിയമങ്ങൾക്ക് വിധേയനായി ജീവിക്കുക എന്നതാണ്. എല്ലാവർക്കും സമാധാനവും ശാന്തിയും നേർന്ന്, എല്ലാവർക്കും സേവനം ചെയ്ത് നന്മകളെ ധാരാളം ജീവിതത്തിലേക്ക് കൊണ്ടുവരിക എന്നതാണ് അതിന്റെ അന്തിമഫലം. എന്നാൽ ഇസ്‌ലാം എന്ന സുന്ദരമായ ആശയത്തെ വെറുപ്പും അസഹിഷ്ണുതയും വളർത്തിക്കൊണ്ടുള്ള കക്ഷിത്വം നിറഞ്ഞ ഒരു 'പാർട്ടി' എന്ന നിലക്ക് അതിന്റെ വക്താക്കളെന്ന് അവകാശപ്പെടുന്നവർ പോലും കാണുന്നു. അങ്ങനെ അവരുടെ വീക്ഷണത്തിലുള്ള 'ഇസ്‌ലാമിനെ' സംരക്ഷിക്കാൻ അവർ ഇസ്‌ലാം അനുവദിക്കാത്ത പകയും വിദ്വേഷവും ശത്രുതയും ഉപയോഗിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. 
വാക്കുകൾ കൊണ്ടും നോക്കുകൾ കൊണ്ടും ഒരാളെപ്പോലും നോവിക്കരുതെന്നാണ് ദൈവവിശ്വാസത്തിന്റെ യഥാർത്ഥ സന്ദേശം. ഒരാളും മറ്റൊരാളുടെ ശത്രുവല്ല. മനുഷ്യന് ഒരു ശത്രുവുണ്ടെങ്കിൽ അത് മനുഷ്യരെ ദുർമാർഗ്ഗത്തിലേക്ക് നയിക്കുന്ന പിശാചുക്കൾ മാത്രമാണ്. മനുഷ്യർക്കിടയിൽ ഉണ്ടാവുന്ന അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ, അത് മതത്തിന്റെയോ, ദേശത്തിന്റെയോ, കുടുംബത്തിന്റെയോ മറ്റേതെങ്കിലും കാരണങ്ങളുടെ പേരിലോ ആയിരുന്നാലും മനുഷ്യർക്കിടയിൽ രൂപപ്പെടുന്ന അഭിപ്രായാന്തരങ്ങൾ ആത്യന്തിക ശത്രുതയല്ല. കാലാകാലങ്ങളിലും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാവണമെന്നും അതുവഴി മനുഷ്യർക്കിടയിൽ ശത്രുതയുണ്ടാവണമെന്നും ഒരു യഥാർത്ഥ ദൈവവിശ്വാസി ആഗ്രഹിക്കാൻ പാടില്ല. എവിടെയെങ്കിലും ശത്രുതയുടെ കനൽ ഉണ്ടെങ്കിൽ അതിനെ ഊതിക്കത്തിക്കുവാനല്ല, ഊതിക്കെടുത്തുവാനാണ് മനസ്സിൽ യഥാർത്ഥ ദൈവവിശ്വാസം സൂക്ഷിച്ചുവെച്ചിട്ടുള്ള ഒരാൾ ചെയ്യേണ്ടത്. ഖുർആൻ പറയുന്നു: 'നല്ലതും ചീത്തയും സമമാവുകയില്ല. ഏറ്റവും നല്ലത് ഏതോ അത് കൊണ്ട് നീ പ്രതിരോധിക്കുക. അപ്പോൾ ഏതൊരുവനും നീയും തമ്മിൽ ശത്രുതയുണ്ടോ അവനതാ നിന്റെ ഉറ്റബന്ധു എന്നോണം ആയിത്തീരുന്നു.' (41:34). എന്നാൽ ഈ ഗുണം കേവലം ഒരാൾ വിശ്വാസിയാണെന്ന് പറയുന്നതുകൊണ്ടോ ഇസ്‌ലാമിക കുടുംബങ്ങളിൽ ജനിച്ചതുകൊണ്ടോ ലഭ്യമാവില്ല. തുടർന്നുള്ള വചനത്തിൽ നാം കാണുന്നത് ഇങ്ങനെയാണ്. 'ക്ഷമ കൈകൊണ്ടവർക്കും വമ്പിച്ച ഭാഗ്യമുള്ളവനുമല്ലാതെ അതിനുള്ള അനുഗ്രഹം നൽകപ്പെടുകയില്ല'. ക്ഷമയും ആത്മസംയമനവും യഥാർത്ഥ ദൈവവിശ്വാസത്തിന്റെ ഭാഗമായി ഉണ്ടായിത്തീരുന്ന ഗുണങ്ങളാണ്. അതിനു വിപരീതമായി ശത്രുതയും പകയും വിദ്വേഷവും ജനിപ്പിക്കുന്നത് പൈശാചിക ശക്തികളാണ്. അതിൽ നിന്നും എപ്പോഴും സ്വന്തത്തെ സംരക്ഷിച്ചു നിർത്തുന്നവനാണ് യഥാർത്ഥ വിശ്വാസി. അതുതന്നെയാണ് തുടർന്നുകൊണ്ട് ഖുർആൻ പറയുന്നത്. 'പിശാചിൽ നിന്നുള്ള വല്ല ദുഷ്‌പ്രേരണയും നിന്നെ വ്യതിചലിപ്പിച്ചുകളയുന്ന പക്ഷം അല്ലാഹുവോട് നീ ശരണം തേടിക്കൊള്ളുക. തീർച്ചയായും അവൻ തന്നെയാകുന്നു എല്ലാം കേൾക്കുന്നവനും അറിയുന്നവനും.' (41:36).
അഭിപ്രായവ്യത്യാസങ്ങളും മതങ്ങളും മനുഷ്യരുടെ സ്വാഭാവിക പ്രകൃതിയുടെ ഭാഗമായി രൂപപ്പെട്ടതാണ്. മനുഷ്യരുടെ ചിന്തകളും കാഴ്ചപ്പാടുകളും വ്യത്യസ്തമാണ് എന്നതുകൊണ്ടുതന്നെ അവയിൽ ശരിതെറ്റുകൾ ഉണ്ടാകാവുന്നതാണ്. എല്ലാ മനുഷ്യരും ഒരുപോലെ ചിന്തിക്കുന്ന വിധത്തിലല്ല സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. ഖുർആൻ പറയുന്നു: 'നിന്റെ രക്ഷിതാവ് ഉദ്ദേശിച്ചിരുന്നെങ്കിൽ മനുഷ്യരെ അവൻ ഒരൊറ്റ സമുദായമാക്കുമായിരുന്നു. എന്നാൽ അവർ ഭിന്നിച്ചു കൊണ്ടേയിരിക്കുന്നതാണ്. നിന്റെ രക്ഷിതാവ് കരുണ ചെയ്തവരൊഴികെ. അതിനുവേണ്ടിയാണ് അവൻ അവരെ സൃഷ്ടിച്ചത്.' (11:118).  
ഭിന്നതയുടെ പേരിൽ പരസ്പരം ശത്രുത സൃഷ്ടിക്കുന്ന പ്രവണത ഒരു യഥാർത്ഥ വിശ്വാസിയുടേതല്ല. തന്റെ മതം സ്വീകരിക്കാത്തവരെയോ അവരുടെ ആരാധ്യന്മാരെയോ ഒരിക്കലും ആക്ഷേപിച്ചു സംസാരിക്കാൻ പാടില്ല എന്നത് ദൈവിക നിയമമാണ്. ഖുർആൻ പറയുന്നു: 'അല്ലാഹുവിനു പുറമെ അവർ വിളിച്ച് പ്രാർത്ഥിക്കുന്നവരെ നിങ്ങൾ ശകാരിക്കരുത്.' (6:108). 'നിങ്ങൾക്ക് നിങ്ങളുടെ മതം; എനിക്ക് എന്റെ മതം' (109:6) എന്ന് പ്രഖ്യാപിക്കാനാണ് മുഹമ്മദ് നബിയോട് അല്ലാഹു കല്പിച്ചിട്ടുള്ളത്. എന്നാൽ പലപ്പോഴും മറ്റുള്ളവരെ ആക്ഷേപിക്കുന്നതിലാണ് പലർക്കും താല്പര്യമുള്ളത്. ആക്ഷേപിച്ചും പരിഹസിച്ചും തെറ്റിദ്ധരിപ്പിച്ചും തർക്കിച്ച് ജയിക്കുക എന്നത് മതപ്രബോധനങ്ങളുടെ അവിഭാജ്യ ചേരുവയായി മാറിയിരിക്കുന്നു. സ്വന്തം ആദർശത്തിന്റെ മഹിമ ഒരാൾക്ക് ബോധ്യമാണെങ്കിൽ മറ്റുള്ളവരെ കുറിച്ച് അയാൾക്ക് ആക്ഷേപിക്കേണ്ടി വരില്ല. ഖുർആൻ മതപ്രബോധനത്തിന്റെ മൂന്നു രീതികളെ കുറിച്ച് പറയുന്നുണ്ട്. വൈജ്ഞാനിക സംവേദനം,  സദുപദേശങ്ങൾ, സംവാദം എന്നിവയാണത്. ആദ്യത്തെ രണ്ടിനങ്ങളെക്കാൾ പല പ്രബോധകർക്കും അനുവാചകർക്കും താല്പര്യം മൂന്നാമത്തെ ഇനമാണ്. കാരണം അത് സംഘർഷാത്മകമാണ്. അതിൽ നിന്നും തിരിച്ചും മറിച്ചും വരുന്ന പ്രയോഗങ്ങളും ആക്ഷേപങ്ങളും ഇകഴ്ത്തലും ഒരു 'സംഘർഷ സിനിമ' കാണുന്ന പ്രതീതി ജനിപ്പിക്കുന്നു. അതുകൊണ്ടുതന്നെ ഇങ്ങനെയുള്ള സംവാദങ്ങൾ വീണ്ടും വീണ്ടും കാണുവാനും കേൾക്കുവാനും ആളുകൾ ഇഷ്ടപ്പെടുന്നു. 
എന്നാൽ ഖുർആൻ സംവാദത്തെ പ്രോത്സാഹിപ്പിച്ചിട്ടുണ്ടോ? അനിവാര്യമായ ഘട്ടങ്ങളിൽ മാത്രമാണ് സംവാദത്തെ ഖുർആൻ അനുവദിക്കുന്നത്. തികച്ചും വൈജ്ഞാനികമായ അന്വേഷണത്തെ ലക്ഷ്യമാക്കിക്കൊണ്ടുള്ള സംവാദങ്ങളെയാണ് ഖുർആൻ അംഗീകരിച്ചിട്ടുള്ളത്. 'വ ജാദിൽഹും ബില്ലത്തീ ഹിയ അഹ്‌സൻ' അഥവാ 'ഏറ്റവും നല്ല രൂപത്തിൽ മാത്രം സംവാദത്തിൽ ഏർപ്പെടുക' എന്നാണ് ഖുർആൻ പറയുന്നത്. അതുകൊണ്ടാണ് 'വേദക്കാരായ ക്രിസ്ത്യാനികളോടും യഹൂദരോടും ഏറ്റവും നല്ല രീതിയിലല്ലാതെ നിങ്ങൾ സംവാദം നടത്തരുത്' എന്ന് കല്പിച്ചത്. (29:46). അതുകൊണ്ടാണ് പ്രവാചകനുമായി തർക്കത്തിന് മുതിർന്ന വേദക്കാരോട് ഖുർആൻ ഇങ്ങനെ ചോദിച്ചത്. 'ഹേ; കൂട്ടരേ, നിങ്ങൾക്ക് അറിവില്ലാത്ത വിഷയത്തിൽ നിങ്ങളെന്തിന് തർക്കിക്കുന്നു?' (3:66).  അനാവശ്യമായ തർക്കമല്ല വൈജ്ഞാനികമായ സംവാദം. വൈജ്ഞാനികമായ സംവാദത്തിന്റെ ലക്ഷ്യം പറയാനുള്ള കാര്യങ്ങൾ വ്യക്തമാക്കി പറയുക എന്നതാണ്. തോൽപ്പിക്കുകയോ ഉത്തരം മുട്ടിക്കുകയോ അല്ല. അറിയുകയും അറിയിക്കുകയും ചെയ്യുക എന്നതാണ്. സംവാദങ്ങൾ അവയുടെ യഥാർത്ഥ ലക്ഷ്യത്തിൽ നിന്നും തെറ്റിയാൽ പിന്നീട് സംഭവിക്കുന്നത് വാദിച്ചു ജയിക്കുവാനുള്ള ത്വരയാണ്. അത് കള്ളം പറയാനും മറുകക്ഷിയെ ഇകഴ്ത്താനും പ്രേരിപ്പിക്കും. വർഗീയമായ ചിന്തകൾ അത് വളർത്തിയെടുക്കും. സ്വന്തം കക്ഷിയെ അനീതിയിലും അക്രമത്തിലും സഹായിക്കാൻ അത് കാരണമാകും. ഇത്തരം വർഗീയതയെ ഏറ്റവും വലിയ രീതിയിൽ പ്രവാചകൻ (സ്വ) താക്കീത് ചെയ്തിട്ടുണ്ട്.  അത് യഥാർത്ഥ ദൈവവിശ്വാസത്തെ പ്രതിനിധീകരിക്കുന്നില്ല. 
മനുഷ്യർ ഏതൊക്കെ തരത്തിലുള്ളവരായാലും അവർ സ്‌നേഹത്തോടെ കഴിയണം എന്നതാണ് ദൈവികമതത്തിന്റെ അന്തസ്സാരം. പരസ്പരം വിദ്വേഷം ജനിപ്പിക്കുന്നതും ജനങ്ങൾക്കിടയിൽ മാനസികമായ അകൽച്ച സൃഷ്ടിക്കുന്നതുമായ പ്രവർത്തനങ്ങൾ എത്ര ഉന്നതർ നടത്തിയാലും അവർ യഥാർത്ഥ ദൈവ വിശ്വാസികളാവില്ല. കാരണം അവർക്ക് ദൈവത്തെ ഭയമില്ല എന്നതുതന്നെ. ദൈവഭയമുള്ളവർ കുഴപ്പങ്ങൾക്കും തെറ്റിദ്ധരിപ്പിക്കലുകൾക്കും കൂട്ടുനിൽക്കില്ല. ദൈവവിശ്വാസം ഒരു അലങ്കാരമല്ല. മറിച്ച് അതൊരു സംസ്‌കാരമാണ്. 'ഒരാൾ മറ്റൊരാളെ വെറുക്കരുത്, ഒരാൾ മറ്റൊരാൾക്ക് മേൽ അസൂയ പുലർത്തരുത്, ഒരാൾ മറ്റൊരാളെ പരിത്യജിക്കരുത്' തുടങ്ങിയ ദൈവിക ബോധനങ്ങളെ ഉൾക്കൊണ്ടവനായിരിക്കും യഥാർത്ഥ വിശ്വാസി. സ്വകാര്യ പ്രബോധനത്തിലായിരുന്നാലും  പരസ്യ പരിപാടികളിലായിരുന്നാലും ജനങ്ങൾക്കിടയിൽ വെറുപ്പും സംശയങ്ങളും സൃഷ്ടിക്കുന്ന സംസാരങ്ങൾ ഏതു ഉന്നത പണ്ഡിതൻ നടത്തിയാലും അയാളിൽ 'ജാഹിലിയ്യത്ത്' മാത്രമാണുള്ളതെന്നും യഥാർത്ഥ ദൈവവിശ്വാസത്തിന്റെ മാധുര്യം നുകരാൻ അയാൾക്ക് സാധിച്ചില്ലെന്നുമാണ് മനസ്സിലാക്കേണ്ടത്. ഏതു മതത്തിൽ പെട്ടവരായിരുന്നാലും അത്തരത്തിലുള്ളവരെ പൊതുസമൂഹം തള്ളിക്കളയുകയാണ് വേണ്ടത്.
 

Latest News