Sorry, you need to enable JavaScript to visit this website.

ഡിസൈനിൽ തലവര തെളിയാൻ യൂസീഡ്, ഇപ്പോൾ അപേക്ഷിക്കാം

രൂപകൽപനയുടെ വിവിധ വിഭാഗങ്ങളിൽ  ആഴത്തിലുള്ള പഠനസാധ്യത ഒരുക്കുന്ന ബി.ഡിസ് കോഴ്‌സുകൾ കിടയറ്റ സ്ഥാപനങ്ങളിൽ പഠിക്കാൻ  ആഗ്രഹിക്കുന്നവർക്ക് സവിശേഷ അവസരമൊരുക്കുന്ന പ്രവേശന പരീക്ഷയാണ് യൂസീഡ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന അണ്ടർ ഗ്രാജുവേറ്റ് കോമൺ എൻട്രൻസ് എക്‌സാമിനേഷൻ ഫോർ ഡിസൈൻ. 
മുംബൈ, ദൽഹി, ഹൈദരബാദ്, ഗുവാഹതി എന്നീ ഐ.ഐ.ടികൾ,   ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി ഡിസൈൻ ആൻഡ് മാനുഫാക്ചറിംഗ് ജബൽപൂർ എന്നിവിടങ്ങളിൽ നടത്തപ്പെടുന്ന ബി.ഡിസ് പ്രോഗ്രാമിലെ പ്രവേശനത്തിനാണ് യൂസീഡ് സ്‌കോർ പരിഗണിക്കുന്നത്. കൂടാതെ യൂസീഡ് സ്‌കോർ പ്രവേശനത്തിന് മാനദണ്ഡമായി സ്വീകരിക്കുന്ന വേറെയും സ്ഥാപനങ്ങളുണ്ട്.
സാമ്പ്രദായിക കോഴ്‌സുകളിൽനിന്ന് വ്യത്യസ്തമായി മികച്ച തൊഴിൽ സാധ്യത ഒരുക്കുന്ന സവിശേഷ കരിയർ മേഖലയാണ് ഡിസൈൻ. ഫാഷൻ ഡിസൈൻ എന്നതിനപ്പുറം രൂപകൽപനയുടെ പുത്തൻ സാധ്യതകളിലേക്കാണ് ഇതുവഴി സാധ്യതകൾ തുറക്കുന്നത്. പ്രോഡക്ട് ഡിസൈൻ, യു.എക്‌സ്/യു.ഐ ഡിസൈൻ, വിഷ്വൽ കമ്മ്യൂണിക്കേഷൻ, ഗ്രാഫിക് ഡിസൈൻ, ഇൻഡസ്ട്രിയൽ ഡിസൈൻ, ടെക്‌സ്‌റ്റൈൽ ഡിസൈൻ, ആർട്ട് ഡിസൈൻ, വെഹിക്കിൾ ഡിസൈൻ, ഇന്റീരിയർ ഡിസൈൻ,  ആഭരണ ഡിസൈൻ, നീറ്റ് വെയർ  ഡിസൈൻ, സെറാമിക് ഡിസൈൻ, ആക്‌സെസ്സറി ഡിസൈൻ  തുടങ്ങിയ നിരവധി വകഭേദങ്ങളിലേക്കുള്ള വിശാലമായ  വാതായനങ്ങളാണ്  ബി.ഡിസ് പഠനം വഴി തുറക്കുന്നത്. കേവലമായ ഒരു ജോലി എന്നതിനപ്പുറം സർഗശക്തിയും സൃഷ്ടിപരതയും  നിരന്തരമായി ഉപയോഗപ്പെടുത്തി ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും  ഉപയോഗക്ഷമത ഫലപ്രദമായി വർദ്ധിപ്പിക്കാനുള്ള വൈഭവം വളർത്തിയെടുക്കുന്നവർക്കാണ് കരിയറിൽ മികവ് തെളിയിക്കാനാവുക. മേൽപറഞ്ഞ സ്ഥാപനങ്ങളിലെ ബി.ഡിസ് പ്രോഗ്രാമിന് പ്രവേശനം ആഗ്രഹിക്കുന്നവർ യൂസീഡ് 2022 പരീക്ഷയിൽ യോഗ്യത നേടിയതിനുശേഷം പ്രവേശനത്തിനായി പ്രത്യേകം അപേക്ഷ സമർപ്പിക്കണം. ഇതിൽ ഐ.ഐ.ടി ദൽഹിയിൽ 2022-23 വർഷം മുതൽ ബിഡിസ് കോഴ്‌സ് പുതുതായി ആരംഭിക്കുകയാണ് എന്ന സവിശേഷതയുണ്ട്. 2022 ജനുവരി 23 നു നടക്കുന്ന യൂസീഡ് 2022 പരീക്ഷക്ക് ഒക്ടോബർ 10 വരെ അപേക്ഷ സമർപ്പിക്കാം. 2021 ൽ പ്ലസ്ടു പഠനം പൂർത്തിയാക്കിയവർക്കും 2022 ൽ പരീക്ഷ അഭിമുഖീകരിക്കുന്നവർക്കും പരീക്ഷയിൽ പങ്കെടുക്കാം. ഏത് സ്ട്രീമിൽ പഠിച്ചവർക്കും അപേക്ഷിക്കാമെങ്കിലും  ഐ.ഐ.ടി.ടി.എം ജബൽപൂരിലെ ബിഡിസ് പ്രോഗ്രാമിന് മാത്രം ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് സ്ട്രീം പഠിച്ചവർക്ക് അപേക്ഷിക്കാനാവില്ല.  അപേക്ഷ സമർപ്പിക്കുന്നതിനും മറ്റു വിശദ വിവരങ്ങൾക്കും http://www.uceed.iitb.ac.in/2022/ എന്ന വെബ്‌സൈറ്റ് പരിശോധിക്കാം.മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയിൽ രണ്ട് ഭാഗങ്ങളാണുള്ളത്. പാർട്ട് എ യിൽ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ്. പാർട്ട് ബിയിൽ ഡ്രോയിങ് പരീക്ഷയും. പാർട്ട് എ യിലെ ചോദ്യങ്ങൾക്ക് ഉത്തരം എഴുതാൻ രണ്ട് മണിക്കൂർ 30 മിനിറ്റ് സമയം അനുവദിക്കും.

ന്യൂമെറിക്കൽ ആൻസർ ടൈപ്പ്, മൾട്ടിപ്പിൾ സെലക്ട് ടൈപ്പ്, മൾട്ടിപ്പിൾ ചോയ്‌സ് എന്നിങ്ങനെ മൂന്ന് സെക്ഷനുകളിലായി 240 മാർക്കിന്റെ ചോദ്യങ്ങളുണ്ടാവും. പാർട്ട്  ബിയിൽ കുട്ടികളുടെ വരക്കാനുള്ള ശേഷി പരിശോധിക്കാനായുള്ള 60 മാർക്കിന്റെ ഒറ്റച്ചോദ്യമാണ് ഉണ്ടാവുക. 30 മിനിറ്റ് അനുവദിക്കും. തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട് അടക്കം 24 കേന്ദ്രങ്ങളിൽ പ്രവേശന പരീക്ഷ നടക്കും. അപേക്ഷ സമർപ്പിക്കുമ്പോൾ മൂന്ന് കേന്ദ്രങ്ങൾ തിരഞ്ഞെടുക്കണം. ഇഡബഌു, ഒബിസിഎൻസിഎൽ, എസ്.സി, എസ്.ടി, ഭിന്നശേഷിക്കാർ എന്നിവർക്ക് സംവരണമുണ്ട്.  പൊതു വിഭാഗത്തിൽ പെട്ട അപേക്ഷകർ  1997 ഒക്ടോബർ ഒന്നിനോ അതിന് ശേഷമോ  ജനിച്ചവരും സംവരണ വിഭാഗത്തിൽ പെട്ടവർ 1992 ഒക്ടോബർ ഒന്നിനോ അതിന് മുമ്പോ ജനിച്ചവർ ആയിരിക്കണം. തുടർച്ചയായ രണ്ട് വർഷങ്ങളിൽ മാത്രമേ യൂസീഡ് പരീക്ഷയിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ.  http://www.uceed.iitb.ac.in/2022/  എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം.

ടൂറിസം മേഖലയിൽ ഉപരിപഠനം
ഞാൻ പ്ലസ്ടു പഠിച്ച്  കൊണ്ടിരിക്കുന്ന  വിദ്യാർഥിയാണ്. ട്രാവൽ ആൻഡ് ടൂറിസം മേഖലയിൽ ഉപരിപഠനം നടത്താൻ അവസരമൊരുക്കുന്ന സ്ഥാപനങ്ങളും ജോലി സാധ്യതയും വിശദീകരിക്കാമോ?
നിഹാൽ റഹ്മാൻ, ജിദ്ദ 

ട്രാവൽ ആൻഡ് ടൂറിസം  മേഖലയിൽ ഉപരിപഠനം ആഗ്രഹിക്കുന്നവർക്ക് രണ്ട് രീതിയിൽ മുന്നേറാം. പ്ലസ്ടുവിന് ശേഷം നേരിട്ട് ട്രാവൽ ആൻഡ് ടൂറിസവുമായി ബന്ധപ്പെട്ട കോഴ്‌സുകൾ തെരഞ്ഞെടുക്കാം. അല്ലെങ്കിൽ മറ്റേതെങ്കിലും വിഷയങ്ങൾ ബിരുദ തലത്തിൽ പഠിച്ചതിനു ശേഷം ബിരുദാനന്തര ബിരുദ തലത്തിൽ ട്രാവൽ ആൻഡ് ടൂറിസം കോഴ്‌സുകൾ തെരഞ്ഞെടുക്കുന്നതും ആലോചിക്കാവുന്നതാണ്. ബിരുദ, ബിരുദാനന്തര തലത്തിൽ തലത്തിൽ ട്രാവൽ ആൻഡ് ടൂറിസം മേഖലയിൽ മികച്ച കോഴ്‌സുകൾ നൽകുന്ന പ്രമുഖ സ്ഥാപനമാണ് ഐ.ഐ.ടി.ടി.എം എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ മാനേജ്‌മെന്റ് . കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള  ഐഐടിടിഎമ്മിൽ ബിബിഎ (ടൂറിസം & ട്രാവൽ), എംബിഎ (ടൂറിസം & ട്രാവൽ മാനേജ്‌മെന്റ്) എന്നീ കോഴ്‌സുകൾ നിലവിലുണ്ട്. ഗ്വാളിയോർ, നെല്ലൂർ, ഭുവനേശ്വർ, നോയിഡ എന്നിവിടങ്ങളിൽ ഐ.ഐ.ടി.ടി.എം കാമ്പസുകൾ ഉണ്ട്. കേന്ദ്ര സർവകലാശാലയായ ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യയിൽ ബാച്ചിലർ ഓഫ് ടൂറിസം ആൻഡ് ട്രാവൽ മാനേജ്‌മെന്റ് കോഴ്‌സ് നിലവിലുണ്ട്. ദൽഹി യൂണിവേഴ്‌സിറ്റിക്ക് കീഴിൽ ടൂറിസം മാനേജ്‌മെന്റിൽ ബിഎ കോഴ്‌സ് ലഭ്യമാണ്. ബനാറസ് ഹിന്ദു സർവകലാശാല, ആന്ധ്രപ്രദേശ്, ജമ്മു  കേന്ദ്ര സർവകലാശാലകൾ എന്നിവിടങ്ങളിൽ ടൂറിസം മേഖലയുമായി ബന്ധപ്പെട്ട ബിരുദ കോഴ്‌സുകൾ ഉണ്ട്. 
കേരള സർക്കാരിന്റെ ടൂറിസം വകുപ്പിന് കീഴിലെ സ്വയംഭരണ സ്ഥാപനമായ കേരള ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിന്റെ കീഴിൽ നടത്തപ്പെടുന്ന ബി.ബി.എ ഇൻ ടൂറിസം മാനേജ്‌മെന്റ് ശ്രദ്ധേയമായ  കോഴ്‌സാണ്. കൂടാതെ കേരള, മഹാത്മാഗാന്ധി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകളിൽ അഫിലിയേറ്റ് ചെയ്ത നിരവധി കോളേജുകളിൽ ട്രാവൽ ആൻഡ് ടൂറിസം വിഷയങ്ങളിൽ ബിരുദ പഠനത്തിന് അവസരമുണ്ട്. കോളേജുകളുടെ വിവരങ്ങൾ അതത് സർവകലാശാലകളുടെ വെബ്‌സൈറ്റിലുണ്ട്.
കേരള, ജമ്മു, കർണാടക, ഹരിയാന, തമിഴ്‌നാട് എന്നീ കേന്ദ്ര സർവകലാശാലകൾ,  പോണ്ടിച്ചേരി കേന്ദ്ര സർവകലാശാല, അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റി, ഇന്ദിരാ ഗാന്ധി നാഷണൽ ട്രൈബൽ സർവകലാശാല, തേസ്പൂർ കേന്ദ്ര സർവകലാശാല, ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂനിവേഴ്‌സിറ്റി തുടങ്ങിയ സ്ഥാപനങ്ങളിൽ ബിരുദാനന്തര ബിരുദ കോഴ്‌സുകളും നിലവിലുണ്ട്. കൂടാതെ പിജി ഡിപ്ലോമ കോഴ്‌സുകൾ നടത്തുന്ന നിരവധി സ്ഥാപങ്ങളുമുണ്ട്. ഓരോ സ്ഥാപനങ്ങളുടെയും വെബ്‌സൈറ്റ് പരിശോധിച്ച് പ്രവേശന നടപടിക്രമങ്ങൾ, പ്രവേശന യോഗ്യത എന്നിവ മനസ്സിലാക്കി വേണം അപേക്ഷ സമർപ്പിക്കാൻ.
കോവിഡ്  മഹാമാരി സൃഷ്ടിച്ച പ്രത്യാഘാതങ്ങൾ പ്രകടമാവുന്നതിനു  മുമ്പ് ഇന്ത്യയിൽ  തുടർച്ചയായി   ശക്തമായ വളർച്ച രേഖപ്പെടുത്തിയിരുന്ന മേഖലയായിരുന്നു ട്രാവൽ ആൻഡ് ടൂറിസം സെക്ടർ. കോവിഡ്പ്രതിസന്ധി ഈ മേഖലയുടെ വളർച്ചയെ കീഴ്‌മേൽ മറിച്ചുവെങ്കിലും പ്രതിസന്ധി അയയുന്നതോടെ നല്ല വളർച്ചക്ക്    സാധ്യത കൽപിക്കപ്പെടുന്ന മേഖലകളിലൊന്നാണിത്. ആഗോളീകരണവും വിവര സാങ്കേതിക വിദ്യയിലെ കുതിച്ചു ചാട്ടവും ടൂറിസം രംഗത്ത്  നല്ല തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നുണ്ട്. വിനോദ ടൂറിസം, രാജ്യാന്തര ടൂറിസം, സാഹസിക ടൂറിസം, വന്യജീവി ടൂറിസം, മെഡിക്കൽ ടൂറിസം, ഇക്കോ ടൂറിസം, തീർത്ഥാടന ടൂറിസം, ബീച്ച് ടൂറിസം തുടങ്ങിയ നിരവധി വകഭേദങ്ങളിൽ പരന്നുകിടക്കുകയാണ് സാധ്യതകൾ.
ഒിജയകരമായി പഠനംപൂർത്തിയാക്കുന്നവർക്ക്  വിദേശ/ആഭ്യന്തര ടൂർ ഓപ്പറേറ്റിംഗ്ഏജൻസികൾ, ഹെൽത്ത്ടൂറിസം ആരോഗ്യ ടൂറിസം, സ്പാ,  ഹോട്ടലുകൾ, റിസോർട്ടുകൾ, തീംപാർക്കുകൾ, ഇവന്റ്മാനേജ്‌മെന്റ്, ടൂർ ഗൈഡിങ്  ആൻഡ് കൺസൾട്ടൻസി, സഞ്ചാരസാഹിത്യം, ബിസിനസ് കൺവൻഷൻ, ട്രാവൽ ബി.പി.ഒ, ട്രാവൽ ഏജൻസി, ട്രാവൽ ഫെയർ, കാർഗോ, ലോജിസ്റ്റിക്‌സ്, എയർ കാബിൻ ക്രൂ എന്നിങ്ങനെയുള്ള വ്യത്യസ്തങ്ങളായ മേഖലകളിൽ തൊഴിൽ തേടാവുന്നതാണ്. ട്രാവൽ എക്‌സിക്യുട്ടീവ്, ടൂറിസ്റ്റ് ഇൻഫർമേഷൻ സെന്റർ മാനേജർ,  ട്രാവൽ കൺസൽട്ടന്റ്, ടൂർ എക്‌സിക്യുട്ടീവ്, ട്രാവൽ ഏജൻസി മാനേജർ, ടൂർ ഗൈഡ്, ട്രാവൽ ആൻഡ് മീറ്റിംഗ് കോർഡിനേറ്റർ, ട്രാവൽ കൗൺസിലർ, അക്കൊമെഡേഷൻ സർവീസ് മാനേജർ റിസർവേഷൻ കൺസൽട്ടൻറ്, ട്രാവൽ അഗ്രിഗേറ്റർ, അമ്യൂസ്‌മെന്റ് പാർക്ക് മാനേജർ, ഇവന്റ് പ്ലാനർ, ടൂറിസം മാർക്കറ്റിങ്  മാനേജർ, ട്രാവൽ റൈറ്റർ,  വിസ കൺസൽറ്റൻഡ് തുടങ്ങിയ തസ്തികകളിൽ തൊഴിൽ തേടാവുന്നതാണ്. സ്വന്തമായി സംരംഭങ്ങൾ തുടങ്ങുന്നതിനെക്കുറിച്ചും ആലോചിക്കാം.

വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും കരിയർ സംബന്ധമായ സംശയങ്ങൾ [email protected] എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കുക. പ്രസക്തമായ സംശയങ്ങൾക്ക് കരിയർ വിദഗ്ധൻ പി.ടി ഫിറോസ് ഈ പംക്തിയിലൂടെ മറുപടി നൽകുന്നതാണ്.

Latest News