Sorry, you need to enable JavaScript to visit this website.

ഫോൺ ആശ്രയിക്കാതെ വെബ് വാട്‌സ്ആപ്പ്  ഉപയോഗിക്കാം

ഫോണിനു പുറമെ നാല് ഡിവൈസുകളിൽ കൂടി വാട്‌സ്ആപ്പ് ഉപയോഗിക്കാവുന്ന ഫീച്ചർ ബീറ്റാ പതിപ്പില്ലാത്തവർക്കും ലഭിച്ചു തുടങ്ങി. ഏതാനും മാസം മുമ്പാണ് വാട്‌സ്ആപ്പ് മൾട്ടി ഡിവൈസ് ഫീച്ചർ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 
ഇപ്പോൾ ഈ ഫീച്ചർ പരിശോധിക്കാൻ നോൺ ബീറ്റാ ഉപയോക്താക്കളേയും അനുവദിച്ചിരിക്കയാണ് കമ്പനി.
മൾട്ടി ഡിവൈസ് ലഭ്യമാണെന്ന സന്ദേശമാണ് വാട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് ലഭിച്ചുതുടങ്ങിയത്.  മൾട്ടി ഡിവൈസ് ഫീച്ചർ പുറത്തിറക്കുന്നതോടെ ഫോണിനു പുറമെ മറ്റു നാല് ഡിവൈസുകളിൽ കൂടി ഒരേസമയം വാട്‌സ്ആപ്പ് ലഭിക്കും.
പല കാരണങ്ങളാൽ ബീറ്റാ പതിപ്പിൽ മൾട്ടി ഡിവൈസ് ഉപയോഗിക്കാൻ പലരും തയാറായിട്ടില്ല. വാട്‌സ്ആപ്പിൽ പ്രശ്‌നങ്ങൾ നേരിടേണ്ടിവരുമെന്ന ആശങ്കയാണ് ഉപയോക്താക്കളെ പിറകോട്ടടിപ്പിച്ചത്. ഇതായിരിക്കാം നോൺ ബീറ്റാ ഉപയോക്താക്കൾക്ക് കൂടി ഇപ്പോൾ മൾട്ടി ഡിവൈസ് സൗകര്യം നൽകാൻ കാരണം. മൾട്ടി ഡിവൈസ് പതിപ്പിലേക്ക് മാറാൻ ഉപയോക്താക്കളിൽ സമ്മർദം ചെലുത്തുകയാണ് കമ്പനി ചെയ്യുന്നതെന്ന് വാബിറ്റാഇൻഫോ വെബ്‌സൈറ്റ് റിപ്പോർട്ട് ചെയ്തു. 
ജൂലൈയിലാണ് വാട്‌സ്ആപ്പ് മൾട്ടി ഡിവൈസ് സപ്പോർട്ട് പ്രഖ്യാപിച്ചത്. ഫോണിനു പുറമെ, ലാപ്‌ടോപ്പ്, കമ്പ്യൂട്ടർ, ടാബ് എന്നിങ്ങനെയുള്ള ഡിവൈസുകളിലാണ് ഒരേസമയം വാട്‌സ്ആപ്പ് ഉപയോഗിക്കാൻ സാധിക്കുക. ഒരേസമയം മറ്റൊരു ഫോണിൽ ഉപയോഗിക്കാനാവില്ല. നിലവിൽ ഒരു അക്കൗണ്ടിൽ ഒരു ഫോൺ മാത്രമാണ് അനുവദിക്കുന്നത്. ഐപാഡിൽ കൂടി മൾട്ടി ഡിവൈസ് സംവിധാനം ആരംഭിക്കുന്ന കാര്യവും വാട്‌സ്ആപ്പിന്റെ പരിഗണനയിലാണെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.
ഫോണും മറ്റു ഡിവൈസുകളിലും ഒരേ സമയം ഉപയോഗിക്കുമ്പോൾ സുരക്ഷാ സംവിധാനങ്ങളിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് വാട്‌സ്ആപ്പ് വ്യക്തമാക്കിയിരുന്നു. പല ഡിവൈസുകളിൽ ഡാറ്റകളാകുമ്പോൾ എൻക്രിപ്ഷൻ ഉറപ്പുവരുത്തുന്നതിന് വാട്‌സ്ആപ്പ് പുതിയ സാങ്കേതികവിദ്യ അവതരിപ്പിച്ചിട്ടുണ്ട്. 
ഒരേസമയം വെബിലും ഫോണിലും ലോഗിൻ ചെയ്യാനാണ് അനുവദിക്കുക. പ്രധാന ഡിവൈസായി ഒരു സ്മാർട്ട് ഫോൺ മാത്രമേ ഉപയോഗിക്കാൻ കഴിയൂ. ബാക്കിയുള്ളവ ഡെസ്‌ക് ടോപ്പോ ടാബോ ആയിരിക്കണം. ഫോണിൽ ഇന്റർനെറ്റില്ലെങ്കിലും ഡെസ്‌ക് ടോപ്പ് അല്ലെങ്കിൽ വെബ് പതിപ്പുകൾ ഉപയോഗിക്കാൻ കഴിയും. കമ്പ്യൂട്ടറിൽ മെസേജിംഗ് ആപ്പ് ഉപയോഗിക്കാൻ ഫോണിനെ ആശ്രയിക്കുന്നതാണ് ഇല്ലാതാകുക. 
വാട്‌സ്ആപ്പുമായി ബന്ധിപ്പിച്ച എല്ലാ ഡിവൈസുകൾക്കും പ്രത്യേക എൻക്രിപ്ഷൻ കീകളുണ്ടാകും. 

Latest News