Sorry, you need to enable JavaScript to visit this website.

സിനിമാറ്റിക് മോഡ്,  ബാറ്ററി ലൈഫ്

ഫോട്ടോ, വീഡിയോ പുതുമയും കൂടുതൽ സമയം ബാറ്ററി ലൈഫും വാഗ്ദാനം ചെയ്ത് ഐഫോൺ മോഡലുകൾ

നാല് മോഡലുകളിൽ ഐഫോൺ 13 പുറത്തിറക്കി ആപ്പിൾ. ഐഫോൺ 13, ഐഫോൺ 13 മിനി, ഐഫോൺ 13 പ്രോ, ഐഫോൺ 13 പ്രോ മാക്‌സ് എന്നീ മോഡലുകളാണ് കഴിഞ്ഞ ദിവസം ഓൺലൈൻ ഇവന്റിൽ കമ്പനി അവതരിപ്പിച്ചത്. ക്യാമറയിലെ മാറ്റമാണ് ഈ വർഷത്തെ ഐഫോണിൽ പ്രധാന സവിശേഷത. സിനിമാറ്റിക് മോഡും ഫോട്ടോഗ്രഫിക് സ്റ്റൈലും എല്ലാ ഫോട്ടോകൾക്കും മികച്ച ലുക്ക് വാഗ്ദാനം ചെയ്യുന്നു. വീഡിയോകൾക്കുള്ള പോർട്രെയിറ്റ് മോഡ് ആണ് സിനിമാറ്റിക് മോഡ്. സ്‌ക്രീനിൽ കൂടുതൽ തെളിച്ചവും ചേർത്തിട്ടുണ്ട്. 
നാല് മോഡലുകളും ഈ മാസം 24-ന് വിപണിയിൽ ലഭ്യമാകും. 
ബജറ്റ് മോഡലുകൾക്ക് കഴിഞ്ഞ വർഷത്തെ അതേ വിലയാണെങ്കിലും സ്‌റ്റോറേജ് ഇരട്ടി ലഭിക്കും. പ്രോ മോഡലുകളുടെ വിലഘടന 2020 ലേതാണെങ്കിലും ഒരു ടിബിവരെ സ്‌റ്റോറേജ് സൗകര്യമുണ്ട്. 
പുതിയ ക്യാമറ ഫീച്ചറുകളാണ് ആപ്പിൾ ഇക്കുറി വലിയ സവിശേഷതയായി അവതരിപ്പിക്കുന്നത്. പുതിയ ഫീച്ചറുകളിൽ രണ്ടെണ്ണം നാല് മോഡലുകളിലും ലഭ്യമാണ്. എന്നാൽ വിലക്കുറവുള്ള ബജറ്റ് മോഡലുകളിൽ ആകർഷകമെന്ന് പറയുന്ന എല്ലാ ഫീച്ചറുകളുമില്ല. പുതിയ സിനിമാറ്റിക് മോഡും ഫോട്ടോഗ്രഫിക് സ്റ്റൈലുകളും എല്ലാ ഐഫോൺ 13 ലുമുണ്ട്. ഇക്കുറി പ്രോ മോഡലുകളിലേക്ക് പോകണോ എന്ന് എല്ലാവരെ കൊണ്ടും രണ്ടു തവണ ചിന്തിപ്പിക്കുന്ന കാര്യം ഇതാണ്. ടെലിഫോട്ടോ ലെൻസാണ് പ്രോ മോഡലുകളിൽ മാത്രം ഉൾപ്പെടുത്തിയിരിക്കുന്നത്. 
വീഡിയോ ഷൂട്ട് ചെയ്യുമ്പോൾ സ്വമേധയാ ഫോക്കസ് ശരിയാക്കുന്നതാണ് പുതിയ സിനിമാറ്റിക് മോഡ്. ഐപാഡുകളിൽ ലഭ്യമായ സെന്റർ സ്റ്റേജിനു സമാനമാണിത് എന്നുവേണമെങ്കിൽ പറയാം. എത്ര പേർ ഫ്രെയിമിലുെണ്ടന്നത് പരിഗണിക്കുന്നതിനു പുറമെ, സംസാരിക്കുന്നയാളിലേക്ക് ഫോക്കസ് സ്വമേധയാ നീങ്ങും. ഉപയോക്താക്കൾക്ക് ഡെപ്തും ഫോക്കസും നേരിട്ട് ശരിയാക്കാനും മാർഗമുണ്ട്. വീഡിയോ റെക്കോർഡ് ചെയ്ത ശേഷം എഡിറ്റ് ചെയ്യുകയുമാവാം. അമേച്വർ വീഡിയോഗ്രാഫർമാർക്ക് ഉയർന്ന ക്വാളിറ്റിയുള്ള വീഡിയോകൾ ഷൂട്ട് ചെയ്യാനാകുമെന്നതാണ് മെച്ചം. ലോകത്തിന്റെ എല്ലാ കോണുകളിലേയും ക്രിയേറ്റീവിറ്റിക്ക് അവസരമുണ്ടെന്നർഥം. 
ആപ്പിൾ നൽകുന്ന നാല് പ്രീ മെയ്ഡ് ഓപ്ഷനുകളിലൊന്ന് തെരഞ്ഞെടുക്കാനും സ്വയം നിർണയിക്കാനും അനുവദിക്കുന്നതാണ് നാല് ഐഫോൺ മോഡലുകളിലും ലഭ്യമാക്കിയിരിക്കുന്ന ഫോട്ടോഗ്രഫിക് സ്റ്റൈലുകൾ. എക്‌സ്‌പോഷർ, കോൺട്രാസ്റ്റ് എന്നിവക്കു പുറമെ ഫിൽറ്ററുകളേക്കാൾ കൂടുതൽ മാർഗങ്ങൾ ഫോട്ടോഗ്രാഫർമാർക്ക് നൽകുന്നു. ഫോട്ടോകളുടെ തുടർച്ച ഉറപ്പാക്കാനും ഫോട്ടോഗ്രാഫർമാർക്ക് കഴിയും. 
പ്രോ മോഡലുകളിൽ മാത്രമാക്കിയ ഫീച്ചറുകളിലൊന്ന് മാക്രോ ഫോട്ടോഗ്രഫിയാണ്. പ്രോകളിലുള്ള അൾട്രാ വൈഡ് ക്യാമറ രണ്ട് സെന്റീമീറ്റർ മാത്രം അകലത്തിലുള്ളതിന്റേയും തെളിമയാർന്ന ഫോട്ടോകളെടുക്കാൻ സഹായിക്കും. നേരത്തെ മാക്രോ ഫോട്ടോകളെടുക്കുന്നതിൽ ഐഫോണുകളിലുണ്ടായിരുന്ന  കുറവ് പരിഹരിക്കുന്നതാണ് പുതിയ പ്രോ ഫീച്ചർ. ചെറുപ്രാണികളുടെ ഫോട്ടോകൾ  മാത്രമല്ല, സ്ലോ മോഷൻ മാക്രോ വീഡിയോകളുമെടുക്കാം. 
പ്രോ മോഡലുകളിൽ നൈറ്റ് മോഡ് വികസിപ്പിച്ചിട്ടുണ്ട്. കുറഞ്ഞ വെളിച്ചമുള്ള സ്ഥിതി ഫോട്ടോഗ്രാഫർമാരേയും വീഡിയോഗ്രാഫർമാരേയും എപ്പോഴും നിരാശപ്പെടുത്തുന്നതാണ്. പ്രോ മോഡലുകളിൽ മൂന്ന് ക്യാമറകളിലും നൈറ്റ് മോഡ് ലഭ്യമാണ്. 
ഉയർന്ന ക്വാളിറ്റിയുള്ള വീഡിയോകൾ വലിയ സ്‌റ്റോറേജ് നഷ്ടപ്പെടാതെ തന്നെ എടുക്കാൻ കഴിയുന്ന ഫോർമാറ്റാണ് പ്രോ, പ്രോമാക്‌സ് മോഡലുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 
പുതിയ ഐഫോണിലുള്ള എ15 ബയോണിക് ചിപ് ബാറ്ററി നേട്ടവും സമ്മാനിക്കുന്നു. ദിവസം മുഴുവൻ ബാറ്ററി ലൈഫ് എന്നാണ് ആപ്പിളിന്റെ വാഗ്ദാനം. ഐഫോൺ 12 നെ അപേക്ഷിച്ച് രണ്ടര മണിക്കൂർ കൂടുതൽവരെ ബാറ്ററിയാണ് വാഗ്ദാനം ചെയ്യുന്നത്. ഐഫോൺ 13 മിനിയിൽ 12 മിനിയെ അപേക്ഷിച്ച് ഒന്നര മണിക്കൂർ കൂടുതൽ ചാർജ് ലഭിക്കുമെന്നും ആപ്പിൾ പറയുന്നു. 


 

Latest News