സുരേഷ് ഗോപി സല്യൂട്ടിന് അര്‍ഹനെന്ന് ഗണേഷ് കുമാര്‍; പാര്‍ട്ടി നോക്കരുത്

കൊല്ലം- സല്യൂട്ട് വിവാദത്തില്‍ സുരേഷ് ഗോപി എംപിയെ പിന്തുണച്ച് കേരള കോണ്‍ഗ്രസ് ബി ചെയര്‍മാനും എംഎല്‍എയുമായ കെ.ബി.ഗണേഷ് കുമാര്‍. സുരേഷ് ഗോപിയെ സല്യൂട്ട് ചെയ്യാന്‍ പോലീസ് മടിക്കേണ്ട കാര്യമില്ലെന്നും സുരേഷ് ഗോപി എന്ന വ്യക്തിക്കല്ല ഇന്ത്യന്‍ പാര്‍ലമെന്റ അംഗത്തിനാണ് സല്യൂട്ടെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
പാര്‍ട്ടി നോക്കിയല്ല പ്രോട്ടോക്കോള്‍ പാലിക്കേണ്ടത്. ഈ പ്രോട്ടോക്കോളൊക്കെ ഉണ്ടാക്കുന്നത് പോലീസ് സംഘടനകളാണ്. ഇങ്ങനെയുള്ള ഈഗോ പോലീസുകാര്‍ക്ക് ഉണ്ടാകാന്‍ പാടില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
സുരേഷ്‌ഗോപിക്ക് മാത്രം സല്യൂട്ട് നിഷേധിക്കേണ്ട കാര്യമില്ല. ഇതില്‍ പ്രോട്ടോക്കോളുണ്ടോ എന്നൊക്കെ ചോദിച്ചാല്‍ വാദപ്രതിവാദം നടക്കും. നമ്മുടെ നാട്ടിലെ എംപിയാണ് കൊടിക്കുന്നില്‍ സുരേഷ്. അദ്ദേഹമെനിക്കൊരു സഹോദരനെ പോലെയാണ്. അദ്ദേഹത്തെ പോലീസുകാര്‍ സല്യൂട്ട് ചെയ്യണ്ടേതുണ്ടല്ലോ. അദ്ദേഹവും ഞാനും രണ്ട് കക്ഷിയിലാണ്. ഏത് പാര്‍ട്ടിയാണെന്ന് നോക്കിയല്ല സല്യൂട്ട് ചെയ്യേണ്ടത്-ഗണേഷ് കുമാര്‍ പറഞ്ഞു.

 

Latest News